Sorry, you need to enable JavaScript to visit this website.

റിക്രൂട്ട്‌മെന്റ് നിരക്കുകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് പതിനായിരം റിയാൽ പിഴ 

റിയാദ് - തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നിശ്ചയിക്കുന്ന റിക്രൂട്ട്‌മെന്റ് നിരക്കുകളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയ നിരക്കുകളും പാലിക്കാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും ഭീമമായ തുക പിഴ ചുമത്തുന്നതിന് തീരുമാനം. ഇതുമായി ബന്ധപ്പെട്ട നിയമാവലിയിൽ വരുത്തിയ പുതിയ ഭേദഗതികൾ തൊഴിൽ, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി അംഗീകരിച്ചു. മന്ത്രാലയം നിശ്ചയിക്കുന്ന റിക്രൂട്ട്‌മെന്റ് നിരക്കുകളും ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള മുസാനിദ് പോർട്ടലിൽ പരസ്യപ്പെടുത്തിയ നിരക്കുകളും പാലിക്കാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകൾക്കും കമ്പനികൾക്കും 10,000 റിയാൽ പിഴ ചുമത്തുന്നതിന് പരിഷ്‌കരിച്ച നിയമാവലി അനുശാസിക്കുന്നു. 
മന്ത്രാലയത്തിൽനിന്ന് ലൈസൻസ് നേടാതെ സ്വകാര്യ മേഖലയിൽ സൗദികൾക്ക് തൊഴിലവസരങ്ങൾ കണ്ടെത്തി നൽകുന്ന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പതിനായിരം റിയാൽ പിഴ ചുമത്തി എന്നെന്നേക്കുമായി അടപ്പിക്കും. തൊഴിലുടമയുടെ അറിവില്ലാതെ വിസകൾ നേടി തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 25,000 റിയാൽ പിഴ ചുമത്തും. ഇത്തരം സ്ഥാപനങ്ങൾ എന്നെന്നേക്കുമായി അടപ്പിക്കുകയും ചെയ്യും. റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നതിന് ലൈസൻസുകൾ വാടകക്ക് നൽകുകയോ മറ്റുള്ളവർക്ക് കൂട്ടുനിൽക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്കും 10,000 റിയാൽ തോതിൽ പിഴ ചുമത്തും. മന്ത്രാലയത്തിൽനിന്ന് ലൈസൻസില്ലാതെ റിക്രൂട്ട്‌മെന്റ്, തൊഴിലാളി കൈമാറ്റ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും 10,000 റിയാൽ പിഴ ചുമത്തി അടപ്പിക്കും. 
തൊഴിലാളികളുടെയും തൊഴിലുടമകളുടെയും പരാതികൾ സ്വീകരിക്കുന്നതിന് സംവിധാനങ്ങൾ ഏർപ്പെടുത്താത്ത സ്ഥാപനങ്ങൾക്കും 10,000 റിയാൽ പിഴയാണ് നിയമ ഭേദഗതി വ്യവസ്ഥ ചെയ്യുന്നത്. 
മന്ത്രാലയത്തിന്റെ അന്വേഷണങ്ങളുമായും അപേക്ഷകളുമായും പ്രതികരിക്കാത്ത സ്ഥാപനങ്ങൾക്കും ഇതേ തുക പിഴ ചുമത്തും. ഏകീകൃത കരാർ പാലിക്കാത്ത സ്ഥാപനങ്ങൾക്ക് 10,000 റിയാലും ഗാർഹിക തൊഴിലാളി വിസയിലും മറ്റു വിസകളിലും റിക്രൂട്ട് ചെയ്യുന്ന തൊഴിലാളികളെ പ്രൊഫഷന് വിരുദ്ധമായ തൊഴിലുകളിൽ നിയമിക്കുന്നതിന് കൂട്ടുനിൽക്കുന്ന സ്ഥാപനങ്ങൾക്ക് 5000 റിയാലും പിഴ ലഭിക്കും. ലൈസൻസില്ലാത്ത സേവന മേഖയിൽ പ്രവർത്തിക്കുന്ന പക്ഷം 10,000 റിയാൽ പിഴ ചുമത്തും. 
ശിക്ഷാ നടപടികളുടെ ഭാഗമായി സ്ഥാപനം അടച്ചുപൂട്ടുകയോ ലൈസൻസ് റദ്ദാക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്ന കാലത്ത് റിക്രൂട്ട്‌മെന്റ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് 10,000 റിയാൽ പിഴ ചുമത്തും. 
തൊഴിലുടമ പൂർണമായിരിക്കണമെന്ന് ആവശ്യപ്പെടുന്ന വ്യവസ്ഥകളെക്കുറിച്ച് തൊഴിലാളിയെ അറിയിക്കാതിരിക്കുകയോ തൊഴിൽ കരാർ കാണിച്ചുകൊടുക്കാതിരിക്കുകയോ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് 5000 റിയാലാണ് പിഴ ചുമത്തുക. തൊഴിൽ മന്ത്രാലയത്തിന്റെ സിസ്റ്റത്തിൽ രേഖപ്പെടുത്താതെ തൊഴിലാളികളെ മറ്റുള്ളവർക്ക് താൽക്കാലിക കരാർ അടിസ്ഥാനത്തിൽ കൈമാറുന്നതിന് 10,000  റിയാലാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. കാലാവധി അവസാനിക്കുന്നതിനു മുമ്പായി ലൈസൻസ് പുതുക്കുന്നതിന് അപേക്ഷ സമർപ്പിക്കാത്ത പക്ഷം 5000 റിയാൽ പിഴ ലഭിക്കും. 
മുപ്പതു ദിവസത്തിൽ കുറയാത്ത കാലം മുമ്പ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ അറിയിക്കാതെ ആസ്ഥാനം മാറ്റുന്ന റിക്രൂട്ട്‌മെന്റ് സ്ഥാപന ഉടമകൾക്ക് 10,000 റിയാൽ പിഴയാണ് പരിഷ്‌കരിച്ച നിയമാവലിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.  

 

Latest News