നടന്‍ പ്രകാശ് രാജിനെ വ്യക്തിഹത്യ നടത്തിയ ബി.ജെ.പി എം.പി മാപ്പ് പറഞ്ഞു

ബംഗളൂരു- നടന്‍ പ്രകാശ്‌രാജിനെ വ്യക്തിഹത്യ നടത്തിയ മൈസൂരു കുടക് എം.പി പ്രതാപ് സിംഹ മാപ്പ് പറഞ്ഞു. പ്രകാശ് രാജിന്റെ കുടുംബവുമായി ബന്ധപ്പെട്ട് 2007 ല്‍ വിവാദ പരാമര്‍ശം നടത്തിയ എം.പിക്കെതിരെ ബംഗളൂരുവിലെ പ്രത്യേക കോടതിയില്‍ പ്രകാശ് രാജ് മാനനഷ്ട കേസ് നല്‍കിയിരുന്നു. പ്രസ്താവന പിന്‍വലിച്ച് നിരുപാധികം മാപ്പു പറയണമെന്നും ഒരു രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.   ഫേസ്ബുക്ക്, ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെയാണ് ബി.ജെ.പി എം.പി ഇന്ന് മാപ്പു പറഞ്ഞത്.
എം.പിയുടെ മാപ്പ് സ്വീകരിക്കുന്നതായി പ്രകാശ് രാജ് പ്രതികരിച്ചു. നമ്മുടെ ആദര്‍ശങ്ങള്‍ വ്യത്യസ്തമായിരിക്കാം. എന്നാല്‍, അതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യക്തിഹത്യ നടത്തരുത്. നമ്മളിരുവരും. നമ്മുടേതായ രംഗത്ത് വിജയം കണ്ടവരാണെന്നും മറ്റുള്ളവര്‍ക്ക് മാതൃകയായി വര്‍ത്തിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും പ്രകാശ് രാജ് എം.പിയോടായി പറഞ്ഞു.
പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത് ഹിന്ദുത്വവാദികള്‍ ആഘോഷിച്ചതിനെ 2007 ഒക്‌ടോബര്‍ രണ്ടിന് ഒരു ചടങ്ങില്‍ പ്രകാശ് രാജ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഗൗരിയുടെ കൊലപാതകത്തെ പ്രധാനമന്ത്രി നരേന്ദ്ര മോഡി അപലപിക്കുന്നതിനു പകരം കൊലപാതകം ആഘോഷിച്ചവരെ ട്വിറ്ററില്‍ പിന്തുടരുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
തന്നെക്കാളും മികച്ച നടനാണ് മോഡിയെന്നും തനിക്ക് ലഭിച്ച അഞ്ച് ദേശീയ പുരസ്‌കാരങ്ങള്‍ ഇത്തരം അഭിനയക്കാര്‍ക്ക് കൊടുക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പരിഹസിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രകാശ് രാജിന്റെ കുടുംബ ജീവിതത്തെ പരാമര്‍ശിച്ച് പ്രതാപ് സിംഹ വ്യക്തി ഹത്യ നടത്തിയത്.

 

Latest News