Sorry, you need to enable JavaScript to visit this website.

കോട്ടയത്ത് വ്യാപക നാശനഷ്ടം; വീടുകൾ തകർന്നു

ഈരാറ്റുപേട്ടയിൽ നിറഞ്ഞൊഴുകുന്ന മീനച്ചിലാർ

കോട്ടയം- ശക്തമായ മഴയിലും കാറ്റിലും ജില്ലയിൽ വ്യാപക നാശനഷ്ടം. ഈരാറ്റുപേട്ട തീക്കോയിയിൽ ഉരുൾ പൊട്ടി. ആൾതാമസമില്ലാത്ത മേഖലയായ ഇവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. 
മീനച്ചിലാർ കരകവിഞ്ഞ് ജില്ലയിലെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. കാറ്റിൽ മരങ്ങൾ മറിഞ്ഞുവീണ് വ്യാപക നാശനഷ്ടം ഉണ്ടായിട്ടുണ്ട്. കോട്ടയം പാറമ്പുഴ ഗവ. എൽ പി സ്‌കൂളിന് മുകളിലേക്ക് മരം മറിഞ്ഞു വീണു. ആർക്കും അപകടമില്ല.  അതേസമയം കിഴക്കൻ പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ വ്യാപകമായി. ജില്ലയിൽ 89 വീടുകൾ ഭാഗികമായും 7 വീടുകൾ പൂർണമായും തകർന്നു. ചങ്ങനാശേരിയിൽ 11, മീനച്ചിൽ -ഏഴ്, കാഞ്ഞിരപ്പള്ളി -എട്ട്, വൈക്കം -മൂന്ന് കോട്ടയം - 60 വീടുകൾ ഭാഗികമായി തകർന്നു. മീനച്ചിലിൽ ഒരു വീടും  കോട്ടയത്ത് ആറു വീടുകളും പൂർണമായും തകർന്നു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു. എം.ജി സർവകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.  
തീക്കോയി വില്ലേജിൽ കാരികാട് ടോപ്പിനു സമീപം മെഷീൻതറ ഭാഗത്താണ് ഉരുൾ പൊട്ടിയത്. ആൾതാമസമില്ലാത്ത മേഖലയാണ്. ഇതേ തുടർന്ന് പാലാ മേഖലയിൽ വിലങ്ങുപാറ വിളക്കുമാടം റോഡിൽ വെള്ളം കയറി. തലനാട് വെള്ളാനിയിൽ കാറ്റിൽ രണ്ടു വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. വാകക്കാട് കോണിപ്പാട് നിർമാണത്തിലിരുന്ന റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് നിർമാണ സാമഗ്രികൾ ഒലിച്ചുപോയി. 
ഈരാറ്റുപേട്ട ഇളപ്പുങ്കൽ ഭാഗത്തും കനത്ത മഴയത്തുടർന്ന് വെള്ളം കയറി. നിർത്താതെ പെയ്യുന്ന മഴയിൽ മീനച്ചിലാറ്റിലെ ജലനിരപ്പ് ഉയർന്നതോടെ പാലായും പരിസര പ്രദേശങ്ങളും വെള്ളപ്പൊക്ക ഭീതിയിലാണ്. കുമരകം, വൈക്കം, തിരുവാർപ്പ്, കാഞ്ഞിരം, കാരാപ്പുഴ, ചെങ്ങളം, കാഞ്ഞിരം, പാറേച്ചാൽ, കുമ്മനം, പരിപ്പ്, താഴത്തങ്ങാടി, ഇല്ലിക്കൽ, ചീപ്പുങ്കൽ, അയ്മനം, മുണ്ടാർ, കല്ലറ, വടയാർ, പ്രദേശങ്ങളിലും വെള്ളപ്പൊക്ക ഭീതിയോടെയാണ് ജനങ്ങൾ കഴിയുന്നത്. അതേസമയം അടുത്ത 5 ദിവസം ജില്ലയിൽ മഴസാധ്യതായുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ് നൽകി.  
മുണ്ടക്കയം കോസ്വേയിൽ വെള്ളം കയറി ഗതാഗതം തടസ്സപ്പെട്ടു. മേഖലയിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. കോരുത്തോട് വില്ലേജ് ഓഫീസിൽ വെള്ളം കയറി ഓഫീസ് പ്രവർത്തനം തടസ്സപ്പെട്ടു. രേഖകൾ സുരക്ഷിതമായി സൂക്ഷിക്കുന്നതിന് റവന്യൂ അധികൃതർ നിർദേശം നൽകി. കോരുത്തോട് തടിത്തോട് ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തെ തുടർന്ന് തോപ്പിൽ കടവ് പാലം മുങ്ങി. കുഴിമാവ് കോസ്വേയിലും വെള്ളം കയറി. വേലനിലത്ത് വൈദ്യുത പോസ്റ്റ് റോഡിന് കുറുകെ വീണ് ഗതാഗതം തടസ്സപ്പെട്ടു. എരുമേലി വരിക്കാനി റോഡിലും  മുപ്പത്തഞ്ചാം മൈൽ റോഡിലും വെള്ളം കയറിയത് മൂലം ഗതാഗതം തടസ്സപ്പെട്ടു. കൊക്കയാർ - കൂട്ടിക്കൽ റോഡിലും വെള്ളം കയറി. കൊക്കയാർ കൊടികുത്തിയാർ കവിഞ്ഞൊഴുക്കുകയാണ്. എരുമേലി കോസ്വെയും അരയാഞ്ഞിലി മണ്ണ് പാലവും വെള്ളത്തിനടിയിലായി. കുഴിമാവ് പാലം പൂർണമായും വെള്ളത്തിനടിയിലായി.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിൽ മരങ്ങൾ ഒടിഞ്ഞ് വീണ് നാശനഷ്ടം ഉണ്ടായി. പാറമ്പുഴ ഗവ. എൽ പി സ്‌കൂളിന് മുകളിലേക്ക് മരം മറിഞ്ഞു വീണു. സ്‌കൂളിന്റെ ഒരു ഭാഗം തകർന്നു. ആർക്കും അപകടമില്ല. എം.സി റോഡിൽ  ഗാന്ധിനഗറിൽ ഓട്ടോക്ക് മുകളിൽ മരം ഒടിഞ്ഞ് വീണു. ആർക്കും പരിക്കില്ല . അയ്മനം പഞ്ചായത്ത് അയ്ക്കരമാലി ഭാഗത്ത് 11 കെ.വി ലൈനിനു മുകളിൽ അക്കേഷ്യ മരം ഒടിഞ്ഞ് വീണു. കാഞ്ഞിരപ്പള്ളി താലൂക്കിൽ മണിമല പഞ്ചായത്ത് വെള്ളാവൂർ ഭാഗത്ത് അബ്ദുൽ അസീസ് കാളിയാനിൽ, ശാന്തമ്മ കണ്ണങ്കാവുങ്കൽ എന്നിവരുടെ വീടുകളിൽ മരം വീണ് നാശനഷ്ടമുണ്ടായി  ഈ മേഖലയിൽ ശക്തമായ കാറ്റിൽ റബ്ബർ, പ്ലാവ്, തേക്ക് തുടങ്ങിയ മരങ്ങൾ ഒടിഞ്ഞ് വീണു. ജില്ലയിൽ ഒട്ടുമിക്ക സ്ഥലത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കുകയാണ്. 

Latest News