Sorry, you need to enable JavaScript to visit this website.

പുഴകളും തോടുകളും നിറഞ്ഞൊഴുകുന്നു; മലപ്പുറത്തെ മലയോര ഗ്രാമങ്ങൾ ഭീതിയിൽ 

ഒലിപ്പുഴക്കു കുറുകെ നിർമിച്ച കുണ്ടോട പാലത്തിന് മുകളിലൂടെ മലവെള്ളം കുത്തിയൊഴുകുന്നു.

നിലമ്പൂർ- രണ്ടു ദിവസമായി പെയ്തിറങ്ങുന്ന കനത്ത മഴയിൽ മലയോരം വിറങ്ങലിക്കുന്നു. അടുത്തെങ്ങും കാണാത്ത തരത്തിലാണ് കനത്ത മഴ പെയ്തിറങ്ങുന്നത്. ഓരോ നിമിഷവും മഴ കൂടുതൽ കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പോത്തുകൽ പഞ്ചായത്തിലെ പാതാർ അതിരുവീട്ടിയിൽ ഉരുൾപൊട്ടലുണ്ടായി. ആൾ നാശമില്ല. പുഴകളും പാലങ്ങളുമെല്ലാം നിറഞ്ഞൊഴുകി മലയോരം ഒറ്റപ്പെട്ട നിലയിലാണ്. ആയിരത്തിലേറെ കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. നൂറു കണക്കിനു വീടുകളും സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. പതിനഞ്ചിലേറെ ദുരിതാശ്വാസ ക്യാമ്പുകൾ മേഖലയിൽ തുറന്നു. 
വൈദ്യുതി ബന്ധം തകരാറിലായിട്ട് രണ്ടു ദിവസം പിന്നിടുന്നു. പാതാർ അതിരിവീട്ടിയിലാണ് ഉച്ചയോടെ ഉരുൾപൊട്ടലുണ്ടായത്. ഏഴു കുടുംബങ്ങളെ ഇവിടെ നിന്നു മാറ്റിപ്പാർപ്പിച്ചു. സമീപത്തുള്ള മറ്റു ഇരുപത്തിയഞ്ചോളം കുടുംബങ്ങളെയും മാറ്റിയിട്ടുണ്ട്. എരുമമുണ്ട, പൂളപ്പാടം, പാതിരിപ്പാടം, മുണ്ടപ്പാടം, ചുങ്കത്തറ, മൈലാടുംപൊട്ടി, എടക്കര ഗവൺമെന്റ് ഹൈസ്‌കൂൾ, മുസ്‌ലിയാരങ്ങാടി എംഐസി, പള്ളിക്കുത്ത് ജിയുപിഎസ്, മണിമൂളി സികെഎച്ച്എസ്, മുപ്പിനി തുടങ്ങിയ ക്യാമ്പുകളിലായി ആയിരത്തോളം കുടുംബങ്ങളെ വൈകിട്ടോടെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാൽ കൂടുതൽ പേരെ മാറ്റിപാർപ്പിക്കേണ്ടിവരുമെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു. 
പോത്തുകൽ പഞ്ചായത്തിലെ കൊടീരിയിൽ ബാക്കുത്ത് നാണി, മാവുങ്കൽ മൂസ, സണ്ണി പന്നലാവിലക്കണ്ടത്തിൽ, ഹരീഷ് മൂത്തേടത്ത് എന്നിവരുടെ വീടുകൾ പൂർണമായി വെള്ളത്തിനടിയിലായി. ഉപ്പടയിൽ അമ്പതിലേറെ വീടുകളിൽ വെള്ളം കയറി. പനങ്കയം, പൂളപ്പാടം, വെളുമ്പിയംപാടം, അമ്പിട്ടാംപൊട്ടി, പാതിരിപ്പാടം, കുനിപ്പാല, മുക്കം, കാറ്റാടി, പാലത്തിങ്കൽ, മുസ്‌ലിയാരങ്ങാടി, മേനോൻപൊട്ടി, ചീരക്കുഴി, ഇല്ലിക്കാട് കോളനി, കാരക്കോട് മുക്കം തുടങ്ങി മേഖലയിലെ അഞ്ച് പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള നൂറുകണക്കിനു വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. മിക്ക കുടുംബങ്ങളെയും മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ചാലിയാർ പുഴയുടെ പൂക്കോട്ടുമണ്ണ റഗുലേറ്റർ കം ബ്രിഡ്ജിന്റെ മുകളിൽ ഒരാൾ ഉയരത്തിലാണ് ഇന്നലെ വെള്ളം ഒഴുകിയത്. പനങ്കയം, കൈപ്പിനി, പാണ്ടിപ്പുഴയിലെ മണക്കാട്, ഉണ്ടിച്ചന്തം, പൂക്കോട്ടുമണ്ണ, മുപ്പിനി, മുട്ടിക്കടവ് കോസ് വേകൾ, കരിമ്പുഴയുടെ പാലാങ്കര എന്നീ പാലങ്ങൾ പൂർണമായി വെള്ളത്തിനടിയിലാണ്. അമ്പിട്ടാംപൊട്ടിയിലെ നടപ്പാലവും വെളളത്തിനടിയിലാണ്. നാടുകാണിച്ചുരത്തിൽ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. എടക്കര വില്ലേജ് ഓഫീസ് പരിസരത്ത് െഎൻജി റോഡിലും, മുസ്‌ലിയാരങ്ങാടിയിലും ഒരാൾ ഉയരത്തിലാണ് വെള്ളം നിൽക്കുന്നത്. മുപ്പിനിയിലെയും, മുസ്ലിയാരങ്ങാടിയിലെയും പെട്രോൾ പമ്പുകൾ വെള്ളത്തിലായി. പുഴകളും തോടുകളും റോഡുകളും നിറഞ്ഞൊഴുകിയതോടെ വാഹന ഗതാഗതം പൂർണമായി നിശ്ചലമായി. കടകമ്പോളങ്ങൾ ഹർത്താലിന്റെ അവസ്ഥയിലായിരുന്നു. ജനവാസ കേന്ദ്രങ്ങളും കൃഷിയിടങ്ങളും പുഴകൾക്ക് സമാനമായി. അതിശക്തമായ മഴയോടൊപ്പം ശക്തിയേറിയ ഇടിമിന്നലും കാറ്റും ദുരന്തത്തിന്റെ വ്യാപ്തി കൂട്ടി. കഴിഞ്ഞ പ്രളയകാലത്തിനേക്കാൾ പതിൻമടങ്ങ് ശക്തിയോടെയാണ് പേമാരി പെയ്തിറങ്ങുന്നത്. ബസുകൾ ഒന്നും തന്നെ ഇന്നലെ നിരത്തിലിറങ്ങിയില്ല. വാഹന ഗതാഗതംകൂടി നിശ്ചലമായതോടെ മലയോര ജനത തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രാത്രി കനത്ത മഴ തുടർന്നുകൊണ്ടിരിക്കുകയാണ്. 

 

Latest News