Sorry, you need to enable JavaScript to visit this website.

ഇടിവെട്ടി മഴ; താളംതെറ്റി ജനജീവിതം

ബത്തേരി കല്ലൂർ തിരുവണ്ണൂരിൽ വെള്ളം കയറി ഒറ്റപ്പെട്ട കുടുംബത്തിലെ അംഗത്തെ രക്ഷാപ്രവർത്തകർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. 

കൽപറ്റ-ഇടിയുടെയും മിന്നലിന്റെ അകമ്പടിയോടെ കനത്തു  പെയ്യുന്ന മഴയിൽ താളംതെറ്റി ജനജീവിതം. വൈദ്യുതി വിതരണം തകരാറിലായതും മണ്ണിടിഞ്ഞും വെള്ളം കയറിയും റോഡ് ഗതാഗതം മുടങ്ങുന്നതും ജല വിതരണം നിലച്ചതും വെള്ളപ്പൊക്ക ഭീഷണിയും ജനങ്ങളെ പ്രയാസത്തിലാക്കി. മംഗളം ചാനൽ റിപ്പോർട്ടർ ജിംഷിൻ  മേപ്പാടി കുന്നമ്പറ്റ ചൈതന്യയിൽ സുരേഷിന്റെ വീടിന്റെ അടുക്കളയും വർക്ക് ഏരിയയും ബുധനാഴ്ച അർധരാത്രിയോടെ അയനിമരം വീണ് ഭാഗികമായി തകർന്നു. വിവരം അറിഞ്ഞു കുന്നമ്പറ്റയ്ക്കു  പോയ കൈരളി ചാനൽ റിപ്പോർട്ടർ കെ.ആർ.അനൂപ്, റിപ്പോർട്ടർ ചാനൽ റിപ്പോർട്ടർ മനു ദാമോദർ എന്നിവരുടെ കാർ മേപ്പാടി റോഡിലെ മാങ്ങാവയലിൽ ഒഴുക്കിൽപെട്ടു. കുത്തൊഴുക്കിൽ നിയന്ത്രണംവിട്ട കാറിൽനിന്നു മാധ്യമ പ്രവർത്തകർ രക്ഷപ്പെട്ടു. 
മാനന്തവാടി തോണിച്ചാൽ പെട്രോൾ പമ്പിനു സമീപം മണ്ണിടിഞ്ഞത് മാനന്തവാടി-തോണിച്ചാൽ-പനമരം റൂട്ടിൽ മണിക്കൂറുകളോളം ഗതാഗത തടസ്സത്തിനു കാരണമായി. തൊണ്ടർനാട് സഹകരണ ബാങ്കിൽ വെള്ളം കയറി. 
തൊണ്ടർനാട് പഞ്ചായത്തിലെ ചീപ്പാട്, മരച്ചുവട്, നിരവിൽപുഴ, അത്യങ്കോട്, നെല്ലരി പ്രദേശങ്ങളിൽ വെള്ളം കയറി. കുറ്റിയാടി-നിരവിൽപുഴ റോഡിൽ  വെള്ളം കെട്ടിനിൽക്കുന്നതു ഗതാഗത തടസ്സത്തിനു കാരണമായി. മരച്ചുവടിൽ രണ്ടു കെ.എസ്.ആർ.ടി.സി ബസുകൾ വെള്ളക്കെട്ടിൽ കുടുങ്ങി. അഗ്നി-രക്ഷാസേനയെത്തിയാണ് യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റിയത്. മേപ്പാടി പുത്തുമലയിൽ ബുധനാഴ്ച രാത്രിയുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു വീടുകൾ പൂർണമായും തകർന്നു. പച്ചക്കാട് രവീന്ദ്രൻ, ലീല എന്നിവരുടെ വീടുകളാണ് തകർന്നത്. വീട്ടുകാർ നേരത്തേ മാറിത്താമസിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. പുത്തുമല കള്ളാടിയിൽ രജീവൻ, അയ്യപ്പൻ എന്നിവരുടെ വീടുകൾക്കു സമീപവും മണ്ണിടിഞ്ഞു. രണ്ടു കുടുംബങ്ങളെയും പുത്തുമല ഫോറസ്റ്റ് ഓഫീസിലേക്കു മാറ്റി. മേപ്പാടി മുണ്ടക്കൈ പുഞ്ചിരിമട്ടത്തു  റോഡിലേക്കു വൻതോതിൽ മണ്ണിടിഞ്ഞു. ഈ വഴിക്കുള്ള വാഹനയോട്ടം നിലച്ചു. 
മേപ്പാടി കള്ളാടി തൊള്ളായിരംകണ്ടിയിൽ മണ്ണിടിഞ്ഞു റോഡ് തകർന്നു. വെള്ളമുണ്ട പഞ്ചായത്തിലെ പുരിഞ്ഞി-കുണ്ടറക്കൊല്ലി റോഡ് മലവെള്ളപ്പാച്ചിലിൽ തകർന്നു. തലപ്പുഴ-മക്കിമല റോഡിലെ വയനാംപാലത്തിൽ വെള്ളം കയറി ഗതാഗത തടസ്സം ഉണ്ടായി. 
കൽപറ്റ മണിയങ്കോട് 33 കെ.വി സബ്‌സ്റ്റേഷനിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തെത്തുടർന്നു ബത്തേരി താലൂക്കിലെ പാമ്പുംകുനി, വലിയവട്ടം കോളനികളിലെ കുടുംബങ്ങളെ കോളിയാടി മാർ ബസേലിയോസ് എ.യു.പി സ്‌കൂളിലേക്കു മാറ്റി. മുട്ടിൽ ഡബ്ല്യൂ.എം.ഒ ഇംഗ്ലീഷ് സ്‌കൂളിനു സമീപം പഴശി കോളനിയിലെ വീടിനു മുകളിൽ മണ്ണും പാറയും വീണു. വീട്ടിൽ ഉണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി. 
താമരശ്ശേരി ചുരത്തിലെ രണ്ടാം വളവിനു സമീപം ഇന്നലെ രാവിലെ  മരം വീണു ഗതാഗത തടസ്സം  ഉണ്ടായി. പനമരം പുഴയോടു ചേർന്നുള്ള പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. കൽപറ്റ പള്ളിത്താഴെ ഭാഗത്തു റോഡിൽ വെള്ളം കയറി. വെള്ളപ്പൊക്കത്തെത്തുടർന്നു മണിയങ്കോടു ഭാഗത്തുള്ളവരെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റി. ഇരുമ്പുപാലം പുഴ നിറഞ്ഞൊഴുകുകയാണ്. കൽപറ്റ-മേപ്പാടി റോഡിൽ പുത്തൂർവയൽ, കോട്ടവയൽ എന്നിവിടങ്ങളിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാണ്. കോട്ടത്തറ പഞ്ചായത്തിലെ കുറുമണി, വെണ്ണിയോട് പ്രദേശങ്ങൾ വെള്ളം കയറി ഒറ്റപ്പെട്ടു. ബത്തേരി കല്ലൂർപുഴ കരകവിഞ്ഞു നിരവധി ഏക്കർ പാടം വെള്ളത്തിലായി. 

 

 

Latest News