Sorry, you need to enable JavaScript to visit this website.

പെരുമഴയിൽ നനഞ്ഞുവിറച്ച് വയനാട്

കരകവിഞ്ഞൊഴുകുന്ന കല്ലൂർ പുഴ 

കൽപറ്റ-വയനാട്ടിൽ കാലവർഷം അതിശക്തമായി തുടരുന്നു.  ബുധനാഴ്ച വൈകുന്നേരം നാലു മുതൽ ഇന്നലെ വൈകുന്നേരം നാലു വരെ ജില്ലയിൽ  ശരാശരി 204.3 മില്ലിമീറ്റർ മഴ ലഭിച്ചു. വൈത്തിരി താലൂക്കിൽ  256 ഉം ബത്തേരിയിൽ 112 ഉം മാനന്തവാടിയിൽ 245 ഉം മില്ലിമീറ്റർ മഴയാണ് രേഖപ്പെടുത്തിയത്. 
പുഴകളും തോടുകളും നിറഞ്ഞു കവിഞ്ഞതിനെത്തുടർന്നു താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലായി. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്കു മാറ്റിവരികയാണ്. ഇന്നലെ വൈകുന്നേരം വരെ ജില്ലയിൽ 73 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. 1347 കുടുംബങ്ങളിൽനിന്നുള്ള 4976 പേരാണ് ക്യാമ്പുകളിൽ ഉള്ളത്. അണകളിൽ ജലനിരപ്പ് ഉയരുകയാണ്. 768.6 എം.എസ്.എൽ ആണ് ബാണാസുരസാഗർ അണയിൽ ഇന്നലെ വൈകുന്നരം ജലനിരപ്പ്. കാരാപ്പുഴ അണയിൽ ഇത് 758.2 എം.എസ്.എൽ ആണ്. മഴ രാത്രിയും ശക്തമായി തുടർന്നാൽ കാരാപ്പുഴ അണയുടെ ഷട്ടറുകൾ ഇന്നു തുറക്കുമെന്നു അധികൃതർ  അറിയിച്ചു. അഞ്ചു മീറ്റർ വെള്ളം കൂടി എത്തിയാൽ ബാണാസുര അണയുടെ ഷട്ടറുകളും തുറക്കും. 
ജില്ലയിൽ പലേടത്തും വൈദ്യുതി വിതരണം തടസ്സപ്പെട്ടിരിക്കയാണ്. ചെറിയ തോതിലുള്ള മണ്ണിടിച്ചിൽ വ്യാപകമാണ്. റോഡിലേക്കു മണ്ണിടിഞ്ഞു പലേടത്തും ഗതാഗതം തടസ്സപ്പെട്ടു. ദേശീയപാതയിൽ  മുത്തങ്ങയ്ക്കു സമീപം പൊൻകുഴിയിൽ വെള്ളംകയറി. മണ്ണിടിച്ചിൽ ഭീഷണിയുടെ പശ്ചാത്തലത്തിൽ കുട്ട-ഗോണിക്കുപ്പ റോഡിൽ ഗതാഗതം താത്കാലികമായി വിലക്കി. 
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ സേനയുടെയും കണ്ണൂർ  ടെറിട്ടോറിയൽ ആർമിയുടെയും ഓരോ കമ്പനി സേനയുടെ സേവനം ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യം നിയന്ത്രണ വിധേയമാണെന്നാണ്  ദുരന്ത നിവാരണ അതോറിറ്റി വിലയിരുത്തൽ. ആവശ്യത്തിന് ഡിങ്കി ബോട്ടുകൾ ലഭ്യമാക്കാൻ ഫയർ ആൻഡ് റസ്‌ക്യൂ സേനയോടു ആവശ്യപ്പെട്ടിട്ടുണ്ട്. ജില്ലാ ടൂറിസം പ്രൊമോഷന്റെ കൈവശമുള്ള മുഴുവൻ ഫൈബർ ബോട്ടുകളും രക്ഷാപ്രവർത്തനത്തിനു ഉപയോഗപ്പെടുത്തിവരികയാണ്. കൂടുതൽ ബോട്ടുകൾ ആവശ്യം വരുന്ന മുറയ്ക്ക് വാടകയെടുക്കും. 
റോഡ്, മൊബൈൽ, വൈദ്യുതി ബന്ധങ്ങൾ കാര്യക്ഷമമാക്കാൻ വിവിധ വകുപ്പുകൾക്കു നിർദേശം നൽകിയിട്ടുണ്ട്. മണ്ണിടിച്ചൽ ഉണ്ടായ സ്ഥലങ്ങൾ പരിശോധിക്കാനും മറ്റു അപകടങ്ങൾ ഒഴിവാക്കാനും ജില്ലാ മണ്ണു സംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി. 
പുനർനിർമാണം നടക്കുന്ന വീടുകളുടെ സമീപം താമസിക്കുന്നവരെയും ക്യാമ്പുകളിലേക്ക് മാറ്റും. വെള്ളം കയറാൻ സാധ്യതയുള്ള ഓഫീസുകളിൽനിന്നു ഫയലുകൾ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനും നിർദേശം നൽകി. 
ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ബീച്ചനഹള്ളി അണക്കെട്ടിലൂടെ ഒഴുക്കിവിടുന്ന വെള്ളത്തിന്റെ തോത് വ്യാഴാഴ്ച രാവിലെ ഉയർത്തി. ഇതു കബനി നദിയുടെ കൈവഴിയോടു ചേർന്നുള്ള പ്രദേശങ്ങളിൽ വെള്ളപ്പൊക്ക രൂക്ഷത കുറയ്ക്കാൻ സഹായകമാകും. ക്യാമ്പുകളിലേക്കുള്ള അവശ്യസാധനങ്ങളുടെയും  ജില്ലയിലാവശ്യമായ പാചകവാതകം, ഇന്ധനം എന്നിവയുടെയും  ലഭ്യത ഉറപ്പാക്കാൻ ജില്ലാ സിവിൽ സപ്ലൈ വകുപ്പിന് നിർദേശം നൽകി. ആരോഗ്യ വകുപ്പ്  ജീവനക്കാർ ക്യാമ്പുകൾ സന്ദർശിച്ച് സാഹചര്യങ്ങൾ പരിശോധിക്കുണ്ട്. ജില്ലാ, താലൂക്ക് ആശുപത്രികളിൽ അടിയന്തര സാഹചര്യം നേരിടാൻ  സജ്ജീകരണം ഏർപ്പെടുത്തി. ക്യാമ്പുകളുടെ പ്രവർത്തനം വിലയിരുത്താൻ ദിവസവും അവലോകന യോഗം ചേരും.
ജില്ലയിൽ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാവിധ മണ്ണെടുപ്പും നിരോധിച്ചു. മഴ ശക്തമായതും കഴിഞ്ഞ ദിവസം അമ്പലവയലിൽ മണ്ണിടിഞ്ഞ് തൊഴിലാളി മരിച്ചതും  കണക്കിലെടുത്താണ് ജില്ലാ കലക്ടറുടെ ഉത്തരവ്. 
കണിയാമ്പറ്റ ശുദ്ധജല വിതരണ പദ്ധതിയിലെ നിരിട്ടാടി പമ്പ് ഹൗസും പരിസരവും വെളളത്തിലായതിനാൽ  പമ്പിംഗ് തടസ്സപ്പെട്ടു. പമ്പിംഗ് പുനഃസ്ഥാപിക്കുന്നതുവരെ പദ്ധതിക്ക് കീഴിൽ ജലവിതരണം ഉണ്ടാകില്ലെന്നു അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. വൈദ്യുതി വിതരണത്തിലെ തടസ്സം മൂലം കൽപറ്റ ശുദ്ധജല വിതരണ പദ്ധതിക്കു കീഴിലും പമ്പിംഗ് തടസ്സപ്പെട്ടു. 

Latest News