റിയാദ്- ജമ്മു കശ്മീരില്‍ എല്ലാ കക്ഷികളും സമാധാനം പാലിക്കണമെന്ന് സൗദി അറേബ്യ. ജമ്മു കശ്മീരിന് സ്വയം ഭരണാവകാശം നല്‍കുന്ന ഭരണഘടനയിലെ 370 ാം വകുപ്പ് റദ്ദാക്കിയതിന്റെ ഫലമായി സംസ്ഥാനത്ത് രൂപപ്പെട്ട സ്ഥിതിഗതികളും സംഭവ വികാസങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് സൗദി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
പുതിയ സംഭവ വികാസങ്ങളില്‍ സൗദി അറേബ്യക്ക് കടുത്ത ആശങ്കയുണ്ട്. ബന്ധപ്പെട്ട അന്താരാഷ്ട്ര തീരുമാനങ്ങള്‍ക്ക് അനുസൃതമായി കശ്മീര്‍ സംഘര്‍ഷത്തിന് സമാധാനപരമായ മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണം. മേഖലയില്‍ സമാധാനവും ഭദ്രതയും സംരക്ഷിക്കണമെന്നും ജമ്മു കശ്മീര്‍ നിവാസികളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കണമെന്നും ബന്ധപ്പെട്ട കക്ഷികളോട് സൗദി അറേബ്യ ആവശ്യപ്പെടുന്നതായി സൗദി വിദേശ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.
പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ കഴിഞ്ഞ ദിവസം സൗദി കിരീടാവകാശിയുമായി ഫോണില്‍ ബന്ധപ്പെട്ട് കശ്മീര്‍ പ്രശ്‌നം വിശകലനം ചെയ്തിരുന്നു.