Sorry, you need to enable JavaScript to visit this website.

സൗദിയടക്കം ഗള്‍ഫ് നാടുകളില്‍ പാക്കിസ്ഥാനി ഡോക്ടര്‍മാര്‍ക്ക് ജോലി നഷ്ടമാകും

ഇസ്ലാബാദ്- സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ പാക്കിസ്ഥാനി ഡോക്ടര്‍മാര്‍ക്ക് ജോലി തുടരാനാവില്ലെന്ന് ഡോണ്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. പാക്കിസ്ഥാനില്‍നിന്നുള്ള മെഡിക്കല്‍ ബിരുദാനന്തര ബിരുദമായ എം.എസ് (മാസ്റ്റര്‍ ഓഫ് സര്‍ജറി) എം.ഡി(ഡോക്ടര്‍ ഓഫ് മെഡിസിന്‍) എന്നിവയുടെ അംഗീകാരം സൗദി അറേബ്യ പിന്‍വലിച്ചതിനെ തുടര്‍ന്നാണിത്. നിരവധി പേര്‍ക്ക് ജോലി നഷ്ടപ്പെടുമെന്നും അവര്‍ രാജ്യത്തേക്ക് മടങ്ങേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൗദി സ്വീകരിച്ച നടപടിക്കു പിന്നാലെ ഖത്തര്‍, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളും പാക് മെഡിക്കല്‍ പി.ജിക്കുള്ള അംഗീകാരം റദ്ദാക്കി. കറാച്ചി, ലാഹോര്‍, ഇസ്ലാബാദ് എന്നിവടങ്ങളില്‍ 2016 ല്‍ സൗദി ആരോഗ്യ മന്ത്രാലയം ഇന്റര്‍വ്യൂ നടത്തി നിരവധി ഡോക്ടര്‍മാരെ റിക്രൂട്ട് ചെയ്തിരുന്നു. ഇവരുടെ ജോലിയെ പുതിയ നടപടി  ബാധിക്കുമെന്ന് ഡോണ്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആവശ്യമായ പരിശീലനം ഉള്‍ക്കൊള്ളുന്നതല്ല പാക്കിസ്ഥാനി എം.എസ്, എം.ഡി കോഴ്‌സുകളെന്ന് കണ്ടെത്തിയതിനാലാണ് സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നടപടി.
നിരവധി പാക് ഡോക്ടര്‍മാര്‍ക്ക് സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യാലിറ്റീസ് (എസ്.സി.എഫ്.എച്ച്.എസ്) പിരിച്ചുവിടല്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

 

Latest News