Monday , December   16, 2019
Monday , December   16, 2019

ഹ്വാവെയെ ഒഴിവാക്കാൻ ഇന്ത്യയിൽ യു.എസ് സമ്മർദം

  • ഭീഷണിയുമായി ചൈനയും 

ഇന്ത്യയിൽ ഹ്വാവെ ടെക്‌നോളജീസിന്റെ ബിസിനസ് തടയാൻ ശ്രമിച്ചാൽ പ്രത്യാഘാതങ്ങൾ ഇന്ത്യൻ കമ്പനികൾ അനുഭവിക്കേണ്ടിവരുമെന്ന് ചൈനയുടെ മുന്നറിയിപ്പ്.  അടുത്ത ഏതാനും മാസങ്ങളിൽ ഇന്ത്യയിൽ 5ജി നെറ്റ് വർക്കുകളുടെ പരീക്ഷണം നടക്കാനിരിക്കയാണ്. 5 ജി സ്ഥാപിക്കുന്നതിന് ടെലികോം സാമഗ്രികൾ നിർമിക്കുന്ന ചൈനീസ് കമ്പനിയായ ഹ്വാവെക്ക് ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്നാണ് ടെലികോം മന്ത്രി രവിശങ്കർ പ്രസാദ് പറയുന്നത്. 
ഹ്വാവെ ടെക്‌നോളജീസിന്റെ പേരിൽ ചൈനയും അമേരിക്കയും തമ്മിൽ വ്യാപാര തർക്കം രൂക്ഷമായതിനിടെയാണ് ഇന്ത്യയും ഹ്വവെയെ വിലക്കുമെന്ന റിപ്പോർട്ടുകളും ചൈനയുടെ മുന്നറിയിപ്പും. ദേശ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ മേയിൽ ഹ്വാവെയെ യു.എസ് ഭരണകൂടം കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. 
ചാരപ്രവർത്തനങ്ങൾക്ക് ചൈന ഉപയോഗിക്കുമെന്നതിനാൽ ഹ്വാവെ ടെക്‌നോളജി ഉപയോഗിക്കരുതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സഖ്യരാഷ്ട്രങ്ങളെ ആഹ്വാനം ചെയ്യുകയുമുണ്ടായി. ലോകവ്യാപകമായി തന്നെ 5 ജി സ്ഥാപിക്കുന്നതിൽനിന്ന് ഹ്വാവെയെ മാറ്റി നിർത്താൻ അമേരിക്ക നടത്തുന്ന കാമ്പയിനെ കുറിച്ച് ബെയ്ജിംഗിലെ ഇന്ത്യൻ അംബാസഡറെ വിളിച്ചുവരുത്തി ചൈനീസ് വിദേശ മന്ത്രാലയം ബോധ്യപ്പെടുത്തിയിരുന്നു. അമേരിക്കയിൽനിന്നുള്ള സമ്മർദത്തിനു വഴങ്ങി ഹ്വാവെയെ ബ്ലോക്ക് ചെയ്യാൻ ശ്രമിച്ചാൽ ചൈനയിൽ വ്യാപാരത്തിലേർപ്പെട്ട കമ്പനികൾ അതിന്റെ പ്രത്യാഘാതം അനുഭവിക്കുമെന്നാണ് ചൈന നൽകിയിരിക്കുന്ന മുന്നറിയിപ്പ്. 
5 ജി കരാറുകൾ നൽകുന്ന കാര്യത്തിൽ ഇന്ത്യ സ്വതന്ത്ര തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശ മന്ത്രാലയം റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ദീർഘകാലമായി ഹ്വാവെ ഇന്ത്യയിലുണ്ട്. ഇന്ത്യൻ സമൂഹത്തിന്റെ വികസനത്തിലും സമ്പദ്ഘടനയിലും ഹ്വാവെ നൽകിയ സംഭാവനകൾ എല്ലാവർക്കും വ്യക്തമാണെന്ന് വിദേശ മന്ത്രാലയ വക്താവും ഹ്വാവേയും ആവർത്തിക്കുന്നു. 
ചൈനയിൽ ഇന്ത്യൻ കമ്പനികൾ താരതമ്യേന കുറവാണെങ്കിലും ഇൻഫോസിസ്, ടി.സി.എസ്, റെഡ്ഡീസ് ലബോറട്ടറിസ്, റിലയൻസ് ഇൻഡസ്ട്രീസ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര തുടങ്ങിയവ നിർമാണ, ആരോഗ്യ, ഫിനാൻഷ്യൽ, ഓട്ട്‌സോഴ്‌സിംഗ് രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. 
അമേരിക്കയുടെ സമ്മർദത്തിനു പുറമെ ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കങ്ങളും ഇരുരാജ്യങ്ങൾ തമ്മിലുള്ള വ്യാപാര ബന്ധത്തെ ബാധിക്കുന്നുണ്ട്. ഭൂപ്രദേശങ്ങൾ സംബന്ധിച്ച് ദീർഘകാലമായി തുടരുന്ന തർക്കങ്ങൾ കൂടുതൽ സങ്കീർണമാകാതിരിക്കാൻ ഇന്ത്യയും ചൈനയും ശ്രദ്ധിക്കുന്നുണ്ട്. ഒക്ടോബറിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി വരാണസിയിൽ പ്രധാനമന്ത്രി മോഡി ചർച്ച നടത്താനിരിക്കയാണ്. 2018 ലെ 5300 കോടി ഡോളറിന്റെ വ്യാപാരക്കമ്മിയടക്കമുള്ള പ്രശ്‌നങ്ങൾ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് കരുതുന്നത്. 
ഹ്വാവെ കമ്പനിക്കെതിരെ ആർ.എസ്.എസ് ഉയർത്തുന്ന സമ്മർദമാണ് മോഡി സർക്കാർ നേരിടുന്ന മറ്റൊരു വെല്ലുവിളി. ചൈനയെ വിശ്വാസത്തിലെടുക്കരുതെന്ന് പറയുന്ന ആർ.എസ്.എസ് സ്വാശ്രയത്വം കൈവരിക്കണമെന്നതും ഹ്വാവയെ എതിർക്കാൻ മുന്നോട്ടുവെക്കുന്ന ന്യായമാണ്. 
ഇന്ത്യയിലെ ഹ്വാവെ പ്രവർത്തനങ്ങളിൽ ആശങ്കയുണ്ടെന്ന് ആർ.എസ്.എസിന്റെ സാമ്പത്തിക വിഭാഗം മേധാവി അശ്വനി മഹാജൻ മോഡി സർക്കാരിനെഴുതിയ കത്തിൽ പറഞ്ഞിരുന്നു. ഹ്വാവെ അടക്കമുള്ള ചൈനീസ് കമ്പനികൾ ചാരപ്രവർത്തനത്തിന്റെ പേരിൽ ലോകത്ത് ആരോപണങ്ങൾ നേരിടുകയാണെന്നും ഹ്വാവെയെ വിശ്വസിക്കാമെന്ന് ഉറപ്പില്ലെന്നുമാണ് ആർ.എസ്.എസ് സർക്കാരിനെ ഉണർത്തുന്നത്. 
5 ജി ടെക്‌നോളജി ട്രയലിനായി ഹ്വാവെ അടക്കം അഞ്ച്  കമ്പനികളുടെ നിർദേശങ്ങൾ ലഭിച്ചുവെന്നാണ് ടെലികോം മന്ത്രി പാർലമെന്റിൽ അറിയിച്ചത്. മറ്റു കമ്പനികളുടെ പേരുകൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. 
സ്വീഡന്റെ എറിക്‌സൺ, ഫിൻലാൻഡിന്റെ നോക്കിയ, സൗത്ത് കൊറിയയുടെ സാംസങ് എന്നിവ പങ്കാളിത്തം വഹിക്കുമെന്നാണ് കരുതുന്നത്. 

 

Latest News