Sorry, you need to enable JavaScript to visit this website.

തോക്ക് സംസ്‌കാരവും  വീഡിയോ ഗെയിമുകളും അമേരിക്കയിൽ വീണ്ടും ചർച്ച 

വീഡിയോ ഗെയിമുകൾ കുറ്റവാസനയും അക്രമ സ്വഭാവവും വളർത്തുമോ എന്ന ചർച്ചക്ക് വീണ്ടും തുടക്കമിട്ടിരിക്കയാണ് അമേരിക്കൻ നഗരമായ ടെക്‌സസിലെ എൽപാസോ വെടിവെപ്പ്. അക്രമ സ്വഭാവവും വീഡിയോ ഗെയിമുകളും തമ്മിൽ ബന്ധമില്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വ്യക്തമാക്കിയിരുന്നത്. വെടിവെപ്പ് നടത്തിയ അക്രമി കാൾ ഓഫ് ഡ്യൂട്ടി എന്ന വീഡിയോ ഗെയിം കളിക്കാറുണ്ടായിരുന്നു. ഇക്കാര്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ പ്രസിഡന്റ് ഡോണൾഡ് ട്രംപും അക്രമ വാസന വളർത്തുന്നതിലും അതിനെ മഹത്വവൽക്കരിക്കുന്നതിലും വീഡിയോ ഗെയിമുകൾക്ക് പങ്കുണ്ടെന്ന് പറഞ്ഞു. 
2018 ലും അമേരിക്കയിൽ ഇതേ വിഷയം ചർച്ചയായിരുന്നു. അന്ന് ഗെയിം വ്യവസായത്തിലെ എക്‌സിക്യൂട്ടീവുകളെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി ട്രംപ് ആശങ്ക അറിയിച്ചിരുന്നു. വീഡിയോ ഗെയിമും അക്രമവും തമ്മിൽ ഒരു ബന്ധവുമില്ലെന്നാണ് ഏറ്റവും വലിയ വീഡിയോ ഗെയിം വ്യാപാര സംഘടനയായ എന്റർടെയിൻമെന്റ് സോഫ്റ്റ്‌വെയർ അസോസിയേഷൻ അവകാശപ്പെടുന്നത്. 
അമേരിക്കയിൽ 165 ദശലക്ഷത്തിലേറെ പേർ വീഡിയോ ഗെയിമുകൾ ആസ്വദിക്കുന്നുണ്ട്. ലോകത്ത് കോടിക്കണക്കിനാളുകളാണ് വീഡിയോ ഗെയിം കളിക്കുന്നതെന്ന് സംഘടന പ്രസ്താവനയിൽ പറയുന്നു. അമേരിക്കയിൽ സംഭവിക്കുന്നതു പോലുള്ള ദുരന്തങ്ങൾ വീഡിയോ ഗെയിം വ്യാപകമായി ഉപയോഗിക്കുന്ന മറ്റു രാജ്യങ്ങളിലും സമൂഹങ്ങളിലും ഉണ്ടാകുന്നില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. കാൾ ഓഫ് ഡ്യൂട്ടി എന്ന ഗെയിമിനെ കുറിച്ച് അവർ വ്യക്തമായ പ്രതികരണം നൽകിയിട്ടില്ല. 
അക്രമവും വീഡിയോ ഗെയിമുകളും തമ്മിലുള്ള ബന്ധത്തന് ശാസ്ത്രീയ അടിത്തറയില്ലെന്ന് യൂനിവേഴ്‌സിറ്റി ഓഫ് നെവാഡയിലെ എമർജിംഗ് മീഡിയ പ്രൊഫസർ ബെഞ്ചമിൻ ബറോ പറയുന്നു. വീഡിയോ ഗെയിമുകൾ കളിച്ച ശേഷം കുറഞ്ഞ സമയം വൈകാരികമായി അതിരു വിടാമെങ്കിലും അത് അക്രമ സ്വഭാവത്തിലേക്ക് മാറില്ലെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. ഗെയിമുകളിൽ തോൽക്കുമ്പോഴും ചതിക്കപ്പെട്ടതായി തോന്നുമ്പോഴും അസ്വസ്ഥമാകാമെങ്കിലും അതിൽനിന്ന് അക്രമം ഉത്ഭവിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. 
2006 ൽ ഇന്ത്യാന യൂനിവേഴ്‌സിറ്റിയിലെ ഗവേഷകർ നടത്തിയ പഠനത്തിൽ അക്രമമുള്ള വീഡിയോ ഗെയിമുകൾ കളിക്കുന്ന കൗമാരക്കാരിൽ വൈകാരികമായ ഉത്തേജനം ഉണ്ടാകുമെങ്കിലും അത് ആസൂത്രണം, നിയന്ത്രണം തുടങ്ങി തലച്ചോറിന്റെ മറ്റു പ്രവർത്തനങ്ങളേയും ശേഷിയേയും സ്വാധീനിക്കുന്നില്ലെന്ന് കണ്ടെത്തിയിരുന്നു. 
ഗുരുതരമായ കുറ്റകൃത്യങ്ങളിലും അക്രമങ്ങളിലും ഏർപ്പെടുന്നവർ ശരാശരിയിലും താഴെ മാത്രമേ അക്രമ വീഡിയോ ഗെയിമുകൾ കളിക്കുന്നുള്ളൂവെന്ന് വീഡിയോ ഗെയിമുകളെ കുറിച്ച് ഗവേഷണം നടത്തുന്ന വില്ലനോ യൂനിവേഴ്‌സിറ്റിയിലെ മനഃശാസ്ത്ര പ്രൊഫസർ പാട്രിക് മാർക്കെ പറയുന്നു. വീഡിയോ ഗെയിമിനെതിരായ യുദ്ധം എന്തുകൊണ്ട് തെറ്റാകുന്നുവെന്ന് 2017 ൽ ഇദ്ദേഹം പുസത്കമെഴുതിയിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരിൽ 20 ശതമാനം മാത്രമേ വീഡിയോ ഗെയിമുകളോട് താൽപര്യം കാണിക്കുന്നുള്ളൂവെന്നാണ് പാട്രിക്കിന്റെ വാദം. 
അക്രമം കാണിക്കുന്ന സിനിമകളും വീഡിയോ ഗെയിമുകളും പുറത്തു വരുമ്പോൾ പൊതുവ അക്രമം കുറയുന്നതാണ് കാണുന്നതെന്നും പാട്രിക് മാർക്കെയും സഹപ്രവർത്തകരും നടത്തിയ മറ്റൊരു പഠനത്തിൽ അവകാശപ്പെടുന്നു. ജനങ്ങൾ സിനിമ കണ്ട് തിയേറ്ററുകളിലും വീഡിയോ ഗെയിം കളിച്ച് വീടുകളിലുമായതിനാലാണ് ഇതെന്നും അവർ ചൂണ്ടിക്കാണിക്കുന്നു. 
ഗവേഷണങ്ങളും പഠനങ്ങളും എതിരാണെങ്കിലും വീഡിയോ ഗെയിമുകൾ അക്രമത്തിനും കുറ്റവാസനകൾക്കും പ്രേരകമാകുന്നുവെന്ന വാദത്തിനു തന്നെയാണ് സ്വാധീനം. രാഷ്ട്രീയക്കാർക്ക് എളുപ്പം പഴിക്കാൻ വീഡിയോ ഗെയിമുകളെയാണെന്നതാണ്  ഈ വാദത്തിനു സ്വീകര്യത വർധിപ്പിക്കുന്നതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. 
2013 ൽ കണക്ടിക്കട്ട് ന്യൂട്ടനിലെ സാൻഡി ഹൂക്ക് എലിമെന്ററി സ്‌കൂളൽ നടന്ന വെടിവെപ്പിനു ശേഷം യു.എസ് വൈസ് പ്രസിഡന്റായിരുന്ന ജോ ബൈഡൻ തോക്ക് സംസ്‌കാരത്തിന് അറുതി വരുത്തുന്നതിനായി വീഡിയെ ഗെയിം വ്യവസായത്തിലെ എക്‌സിക്യൂട്ടീവുകളുമായി തുടർച്ചയായി ചർച്ച നടത്തിയിരുന്നു. 2013 ലെ കൂടിയാലോചനകൾക്കും ചർച്ചകൾക്കും ശേഷം ഗൺ വയലൻസുമായി മീഡിയകൾക്കും വീഡിയോ ഗെയിമുകൾക്കുമുള്ള ബന്ധം കണ്ടെത്തുന്നതിന് ഗവേഷണം നടത്താൻ വൈറ്റ് ഹൗസ് ഉത്തരവിട്ടു. എന്നാൽ ഈ ഗവേഷണം ഫലപ്രദമായി മുന്നോട്ടു പോയില്ല. അക്രമ സംഭവങ്ങളുണ്ടാകുമ്പോൾ തങ്ങൾ എന്തെങ്കിലും ചെയ്തുവെന്ന് വരുത്തിത്തീർക്കാനാണ് രാഷ്ട്രീയ നേതാക്കൾ വീഡിയോ ഗെയിമുകൾക്കെതിരെ വാളെടുക്കുന്നതെന്നും വീഡിയോ ഗെയിം കളിക്കാത്തവർക്ക് അത് ശല്യമായി തോന്നാമെന്നും ഗവേഷകർ ചൂണ്ടിക്കാണിക്കുന്നു. 
1990 കളിൽ വീഡിയോ ഗെയിമുകൾക്കെതിരെ ഉന്നയിച്ച വാദങ്ങൾ തന്നെയാണ് 2018 ൽ യു.എസ് പ്രസിഡന്റ് ട്രംപ് ഉന്നയിച്ചത്. 1992 ൽ വീഡിയോ ഗെയിമുകൾക്കെതിരെ മുറവിളി ശക്തമായതിനെ തുടർന്ന് 1994 ൽ  എന്റർടെയിൻമെന്റ് സോഫ്റ്റ് വെയർ അസോസിയേഷൻ എന്റർടെയിൻമെന്റ് സോഫ്റ്റ് വെയർ റേറ്റിംഗ് ബോർഡ് എന്ന പേരിൽ റേറ്റിംഗ് ബോർഡ് സ്ഥാപിച്ചു. ഇ-എവരി വൺ മുതൽ അഡൾട്‌സ് ഓൺലി വരെ ഗെയിമുകളെ വേർതിരിക്കുന്നതിന് ഗെയിമുകൾക്ക് റേറ്റിംഗ് നൽകുകയായിരുന്നു ലക്ഷ്യം. 2011 ൽ വയലന്റ് ഗെയിമുകൾ കുട്ടികൾക്ക് വിൽക്കരുതെന്ന് കാലിഫോർണിയയിൽ കൊണ്ടുവന്ന നിയമം സുപ്രീം കോടതി റദ്ദാക്കി.
മറ്റു മീഡിയകളെ പോലെ വീഡിയോ ഗെയിമുകളും ഒന്നാം ഭേദഗതി പ്രകാരം അനുവദനീയമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതി തീരുമാനം. 

Latest News