റഷ്യന്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ സ്‌ഫോടനം; രണ്ട് മരണം

മോസ്‌കോ- റഷ്യയില്‍ മിസൈല്‍ പരീക്ഷണത്തിന് ഉപയോഗിക്കുന്ന സൈനിക കേന്ദ്രത്തിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് പേര്‍ മരിച്ചു. ഇതേ തുടര്‍ന്ന് സെവറോവിന്‍സ്‌ക് പട്ടണത്തില്‍ റേഡിയേഷന്‍ തോത് ഉയര്‍ന്നെങ്കിലും കാര്യമാക്കാനില്ലെന്നും സാധാരണമാണെന്നും അധികൃതര്‍ പറഞ്ഞു.
 ലിക്വിഡ് പ്രൊപ്പല്ലന്റ് ജെറ്റ് എന്‍ജിന്‍ പരീക്ഷിക്കുന്നതിനിടെ, സ്‌ഫോടനമുണ്ടായി സാമഗ്രിക്ക് തീപ്പിടിക്കുകയായിരുന്നുവെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചെറിയ പട്ടണമായ ന്യോനോസ്‌കയിലാണ് സംഭവം. ആറ് പ്രതിരോധ മന്ത്രാലയ ജീവനക്കാര്‍ക്കും ഒരു ശാസ്ത്രജ്ഞനും പരിക്കേറ്റു. രണ്ട് വിദഗ്ധരാണ് മരിച്ചത്.
അണുവികിരണ മാലിന്യമില്ലെന്ന് പരീക്ഷണ കേന്ദ്രം ഉള്‍ക്കൊള്ളുന്ന അര്‍ഖന്‍ഗെല്‍സ്‌ക് മേഖലയുടെ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ഒരാഴ്ചക്കിടെ റഷ്യയുടെ സൈനിക കേന്ദ്രത്തിലുണ്ടാകുന്ന രണ്ടാമത്തെ അപകടമാണിത്. സൈബീരിയിലെ ആയുധപ്പുരയില്‍ തിങ്കളാഴ്ച തീപ്പിടിച്ച് വന്‍ സ്‌ഫോടനങ്ങളുണ്ടായിരുന്നു. ഒരാള്‍ കൊല്ലപ്പെടുകയും എട്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ തുടര്‍ന്ന് ആയിരങ്ങളെ വീടുകളില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.

 

Latest News