- ഗൂഗിളിനെതിരെ സ്വീകരിക്കുന്ന നടപടികൾ വൈറ്റ് ഹൗസ് വെളിപ്പെടുത്തിയില്ല
വ്യക്തമായ തെളിവുകളൊന്നും മുന്നോട്ടു വെക്കാതെയാണെങ്കിലും ആഗോള ടെക്‌നോളജി ഭീമനായ ഗൂഗിളിനെതിരെ ആരോപണങ്ങൾ ശക്തമാക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. 2016 ൽ തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ ഗൂഗിൾ ശ്രമിച്ചുവെന്നും അടുത്ത വർഷം വീണ്ടും തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ താൻ അതിനെ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നുമാണ് ട്രംപിന്റെ പ്രസ്താവന.
ചൈനയോടപ്പം ചേർന്ന് ഗൂഗിൾ നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും ഗൂഗിൾ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സുന്ദർ പിച്ചൈയെ നേരിട്ട് വിമർശിച്ചുകൊണ്ട് ട്രംപ് പറയുന്നു. എന്നാൽ ഓടിച്ചു പറയുകയല്ലാതെ, വ്യക്തമായ തെളിവുകൾ മുന്നോട്ടുവെച്ച് ഔദ്യോഗികമായി ആരോപണം ഉന്നയിക്കാൻ അദ്ദേഹം തയാറായിട്ടില്ല. ട്രംപ് ആരോപിക്കുന്നതു പോലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ഗൂഗിളിനു കഴിയില്ലെന്ന് ട്രംപിന്റെ തന്നെ ഭരണകൂടം നേരത്തെ വ്യക്തമാക്കിയതാണ്.
രാഷ്ട്രീയം ഉൾപ്പെടുത്താതെയാണ് തങ്ങളുടെ ഉൽപന്നങ്ങൾ വികസിപ്പിക്കുന്നതെന്നും ടെക്‌നോളജി നയങ്ങൾ നടപ്പിലാക്കുന്നതെന്നും ഗൂഗിൾ വക്താവ് ആവർത്തിക്കുന്നു.
2020 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും മത്സരിക്കാനൊരുങ്ങുന്ന ട്രംപ് ആരോപണങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ ഗൂഗിളിനെതിരെ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്ന് നിരീക്ഷികർ പ്രതീക്ഷിക്കുന്നു.
വ്യാജ പ്രചാരണങ്ങളും സുരക്ഷയും കണക്കിലെടുത്ത് ടെക്‌നോളജി മേഖല നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകത 2016 ലെ തെരഞ്ഞെടുപ്പിനു ശേഷം ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. ടെക്‌നോളജിയും സോഷ്യൽ മീഡിയയും ഉപയോഗപ്പെടുത്തി റഷ്യ നടത്തിയ ഇടപെടലുകൾ വൻ വിവാദം സൃഷ്ടിക്കുകയും ചെയ്തിരുന്നു.
രാഷ്ട്രീയ ലക്ഷ്യങ്ങൾക്കു വേണ്ടി തങ്ങളുടെ സർച്ച് ഫലങ്ങളിൽ കൃത്രിമം കാണിച്ചാൽ അത് ബിസിനസിനെ ബാധിക്കുമെന്നും എല്ലാ ഉപയോക്താക്കൾക്കും മികച്ച സേവനങ്ങൾ നൽകുകയെന്ന തങ്ങളുടെ മിഷനെ അട്ടിമറിക്കുമെന്നും ഗൂഗിൾ വക്താവ് പറയുന്നു.
ഗൂഗിളിനെതിരെ എന്തു നടപടികളാണ് ആസൂത്രണം ചെയ്യുന്നതെന്ന് വെളിപ്പെടുത്താൻ വൈറ്റ് ഹൗസ് തയാറായിട്ടില്ല. കഴിഞ്ഞ മാസം ഗൂഗിൾ സി.ഇ.ഒ സുന്ദർ പിച്ചൈയും പ്രസിഡന്റ് ട്രംപും വൈറ്റ് ഹൗസിൽ ചർച്ച നടത്തിയിരുന്നു. ചൈനയുമായി ചേർന്നുള്ള പ്രവർത്തനമില്ലെന്ന് ഗൂഗിൾ ഉറപ്പു നൽകിയതായി യു.എസ് ട്രഷറി സെക്രട്ടറി സ്റ്റീവൻ എംനുചിൻ പ്രസ്താവിച്ചതിനു പിന്നാലെയാണ് ട്രംപ് ട്വിറ്റർ പോസ്റ്റിലൂടെ ഗൂഗിളിനെ താക്കീത് ചെയ്തിരിക്കുന്നത്.