Sorry, you need to enable JavaScript to visit this website.

ശ്രീറാം വെങ്കിട്ടരാമന് ഒരു പ്രത്യേക സംഭവം മറന്നുപോകുന്ന റെട്രൊഗ്രേഡ് അംനേഷ്യയെന്ന് ഡോക്ടർമാർ 

തിരുവനന്തപുരം- മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെഎം ബഷീർ മരിക്കാനിടയായ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്  റെട്രൊഗ്രേഡ് അംനേഷ്യയാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഡോക്ടർമാർ പറഞ്ഞതായി ഏഷ്യനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഏതെങ്കിലും ഒരു പ്രത്യേക സംഭവത്തെ കുറിച്ച് പൂർണ്ണമായും ഓർത്തെടുക്കാനാകാത്ത അവസ്ഥയാണ് റെട്രൊഗ്രേഡ് അംനേഷ്യ. ഏതെങ്കിലും വലിയ ആഘാതത്തിന് പിന്നാലെ വരാവുന്ന മാനസിക അവസ്ഥയാണിതെന്നാണ് ഡോക്ടർമാർ പറയുന്നത്. ഒരു പക്ഷെ സംഭവത്തെ കുറിച്ച് എന്നന്നേക്കുമായി മറന്ന് പോകാനും ചിലപ്പോൾ സമ്മർദ്ദം ഒഴിയുമ്പോൾ പതിയെ ഓർത്തെടുക്കാനും കഴിഞ്ഞേക്കും.
അതേസമയം, ശ്രീറാം വെങ്കിട്ടരാമന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്. തലകറക്കവും തലവേദനയും അനുഭവപ്പെടുന്നുണ്ടെന്നും ഡോക്ടർമാർ പറയുന്നു. അപകടത്തിൽ കഴുത്തിന് പരിക്കേറ്റിട്ടുണ്ട്. റിമാന്റിലായിരിക്കെ സർജിക്കൽ ഐസിയുവിൽ പ്രവേശിപ്പിച്ച ശ്രീറാം വെങ്കിട്ടരാമനെ പിന്നീട് ട്രോമ ഐസിയുവിലേക്ക് മാറ്റിയിരുന്നു. ട്രോമാ ഐസിയുവിൽ നിന്ന് നിലവിൽ ന്യൂറോ സർജറി നിരീക്ഷണ വാർഡിലേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിട്ടുള്ളത്.  കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നും മാനസികാരോഗ്യ വിദഗ്ധൻറെ സേവനം ലഭ്യമാക്കുമെന്നും ആശുപത്രി അധികൃതർ നേരത്തെ വിശദീകരിച്ചിരുന്നു.
 

Latest News