Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ല-ഹൈക്കോടതി

കൊച്ചി- മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശയാത്രകളിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് തമിഴ്‌നാട് സ്വദേശി നൽകിയ ഹരജി ഹൈക്കോടതി തള്ളി. ഹരജിക്കാരൻ നേരിട്ട് ഹാജരാകണമെന്ന ഹൈക്കോടതിയുടെ അന്ത്യശാസനത്തെ തുടർന്ന് മാർത്താണ്ഡം സ്വദേശിയായ ഡി. ഫ്രാൻസിസ് കോടതിയിൽ ഇന്ന് നേരിട്ട് ഹാജരായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയുടെ വിദേശയാത്രയുമായി ബന്ധപ്പെട്ട് തനിക്ക് ഇപ്പോൾ സംശയങ്ങളൊന്നും ഇല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. മുഖ്യമന്ത്രിയുടെ വിദേശയാത്രയിൽ മലയാളികൾക്ക് സംശയമില്ലെന്നും പിഴയീടാക്കേണ്ട കേസാണെങ്കിലും വെറുതെ വിടുകയാണെന്നും ഹരജി പരിഗണിച്ച ജസ്റ്റിസ് പി. ഉബൈദ് പറഞ്ഞു.

ചൊവ്വാഴ്ച ഹാജരായി വിശദീകരണം നൽകണമെന്ന് നിർദേശിച്ചിട്ടും എത്താത്ത സാഹചര്യത്തിലായിരുന്നു കോടതി കഴിഞ്ഞ ദിവസം ഹരജിക്കാരന് അന്ത്യശാസനം നൽകിയത്. കേസിന്റെ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയ്ക്കു വേണ്ടി ഹരജിക്കാരനോട് നേരിട്ട് ഹാജരാകാൻ കോടതി നേരത്തെ ഉത്തരവിട്ടത്.

എന്നാൽ കന്യാകുമാരിയിൽ നിന്ന് ഹൈക്കോടതിയിലെത്താൻ പ്രയാസമായതിനാലാണ് വരാതിരുന്നതെന്നായിരുന്നു ഹരജിക്കാരന്റെ അഭിഭാഷകൻ അറിയിച്ചത്. കന്യാകുമാരിയിൽ നിന്നെത്തി ഹരജി നൽകുന്നയാൾക്ക് കൊച്ചിയിൽ വരാൻ എന്താണ് പ്രയാസമെന്ന് കോടതി ചോദിച്ചു.  തുടർന്നായിരുന്നു ഇന്ന് തന്നെ കോടതിയിലെത്താൻ അന്ത്യശാസനം നൽകിയത്.

Latest News