Sorry, you need to enable JavaScript to visit this website.

മിനാ ഒരുങ്ങി; ഹജ് കർമങ്ങൾക്ക് നാളെ തുടക്കം

മക്ക- അഞ്ചു ദിനങ്ങളിലെ ഹജ് കർമങ്ങൾക്ക് തീർഥാടക ലക്ഷങ്ങൾ ഒരുങ്ങി. ആത്മീയവും ശാരീരികവുമായ തയാറെടുപ്പുകളുമായി ഇന്നു രാത്രി മുതൽ ഹാജിമാർ മിനായിലേക്ക് നീങ്ങാൻ തുടങ്ങും. കർമങ്ങൾ ആരംഭിക്കുന്നത് നാളെയാണ്. 
ആദ്യ ദിനത്തിൽ പ്രാർഥനകളുമായി അറഫാ സംഗമത്തിനായുള്ള തയാറെടുപ്പുകളുമായി മിനായിൽ ഹാജിമാർ ചെലവഴിക്കും. ഹജിന്റെ ഏറ്റവും സുപ്രധാന ചടങ്ങായ അറഫാ സംഗമം ശനിയാഴ്ചയാണ്.
വിദേശ രാജ്യങ്ങളിൽനിന്ന് ഇന്നലെ വരെ 18,38,339 തീർഥാടകരാണ് എത്തിയിട്ടുള്ളത്. രണ്ടര ലക്ഷത്തോളം വരുന്ന ആഭ്യന്തര ഹാജിമാരാടക്കം ഇരുപത് ലക്ഷത്തിലേറെ പേരായിരിക്കും ഈ വർഷം ഹജ് നിർവഹിക്കുക. 
ഇതിൽ  ഇന്ത്യയിൽനിന്ന് ഹജ് കമ്മിറ്റി വഴിയെത്തിയ 1,39,958 ഹാജിമാരും സ്വകാര്യ ഗ്രൂപ്പുകൾ വഴിയെത്തിയ 50,788 തീർഥാടകരുമടക്കം 1,90,747 തീർഥാടകരും ഉൾപ്പെടും. ഈ വർഷം ഇന്ത്യയിൽനിന്ന് രണ്ടു ലക്ഷം ഹാജിമാർ എത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ 1,90,747 ഹാജിമാരാണ് എത്തിയതെന്ന് ഇന്ത്യൻ ഹജ് മിഷൻ അറിയിച്ചു. ഇന്ത്യൻ ഹാജിമാർ ഇപ്പോൾ മക്കയിലെ ഹറമിനു പരിസരത്തും അസീസിയയിലുമാണുള്ളത്. മദീനയിൽ ചികിത്സയിൽ കഴിയുന്ന ഒരു ഹാജിയെ അറഫാ സംഗമത്തിന് അറഫയിലെത്തിക്കുമെന്നാണറിയുന്നത്. പുണ്യ ഭൂമിയിലെത്തിയ ശേഷം ഇതുവരെ 32 തീർഥാടകർ മരിച്ചു. 
ഇന്ന് മഗ്‌രിബിനു ശേഷം മുതൽ  മിനായിലേക്കു നീങ്ങുന്നതിന് ഇന്ത്യൻ ഹാജിമാർക്ക് ഇന്ത്യൻ ഹജ് മിഷൻ നിർദേശം നൽകിയിട്ടുണ്ട്. മക്കയിൽനിന്നും അസീസിയിൽനിന്നും ബസ് മാർഗമാണ് ഹാജിമാർ മിനായിലെത്തുക. മിന, അറഫ ടെന്റുകളിൽ താമസിക്കുന്നതിനുള്ള കൂപ്പണുകളുടെയും ഭക്ഷണ കൂപ്പണുകളുടേയും ബലി കൂപ്പണുകളുടെയുമെല്ലാം വിതരണം പൂർത്തിയായി. 74,000 ഇന്ത്യൻ ഹാജിമാർക്കാണ് ഈ വർഷം മെട്രോ സൗകര്യം ലഭിച്ചിട്ടുള്ളത്. ഇവരുടെ ടിക്കറ്റ് വിതരണവും പൂർത്തിയായി. 
കിംഗ് അബ്ദുൽ അസീസ് പാലത്തിനു സമീപം സൂകുൽ അറബ് റോഡിനും ജൗഹറ റോഡിനും ഇടയിലാണ് ഇന്ത്യൻ ഹാജിമാർക്ക് മിനായിൽ താമസം. മിനായിൽ ജംറക്കു സമീപമായി ഇന്ത്യൻ ഹജ് മിഷന്റെ ഓഫീസും പ്രവർത്തനം ആരംഭിച്ചു. ഇതോടനുബന്ധിച്ച് പ്രാഥമിക ചികിത്സ നൽകുന്നതിന് ഡിസ്‌പെൻസറിയും തുറന്നിട്ടുണ്ട്. ഹാജിമാർക്ക് സുഗമമായി കർമങ്ങൾ നിർവഹിക്കാനാവശ്യമായ എല്ലാ സൗകര്യങ്ങളും പൂർത്തിയായതായി ഇന്ത്യൻ ഹജ് മിഷന് നേതൃത്വം നൽകുന്ന കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് പറഞ്ഞു.
 

Latest News