Sorry, you need to enable JavaScript to visit this website.

പുതിയ ജിദ്ദ വിമാനത്താവളത്തിൽ നാളെ മുതൽ അന്താരാഷ്ട്ര സർവീസുകൾ 

ജിദ്ദ - ജിദ്ദയിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് നാളെ മുതൽ അന്താരാഷ്ട്ര സർവീസുകൾ ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ സിവിൽ ഏവിയേഷൻ അറിയിച്ചു. പുതിയ എയർപോർട്ടിലെ ഒന്നാം നമ്പർ ടെർമിനലിൽനിന്ന് അബുദാബി, മനാമ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് ദേശീയ വിമാന കമ്പനിയായ സൗദിയ സർവീസുകൾ ആരംഭിക്കുക. നാളെ മുതൽ അബുദാബി, മനാമ സർവീസുകളും മറ്റന്നാൾ മുതൽ മസ്‌കത്ത് സർവീസുകളും ആരംഭിക്കും. 
ആദ്യ സർവീസ് അബുദാബിയിലേക്കാണ്. പ്രതിദിനം ഒരു സർവീസ് വീതമാണ് അബുദാബിയിലേക്കുണ്ടാവുക. മനാമയിലേക്കും പ്രതിദിനം ഒരു സർവീസ് വീതമുണ്ടാകും. ശനിയാഴ്ച മുതൽ പുതിയ എയർപോർട്ടിൽനിന്ന് പ്രതിവാരം നാലു സർവീസുകൾ വീതം സൗദിയ മനാമയിലേക്ക് നടത്തുമെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ സിവിൽ ഏവിയേഷൻ പറഞ്ഞു. നേരത്തെ 21 ആഭ്യന്തര സെക്ടറുകളിലേക്കുള്ള സർവീസുകൾ ഘട്ടംഘട്ടമായി സൗദിയ പുതിയ എയർപോർട്ടിലേക്ക് മാറ്റിയിരുന്നു.
അൽബാഹ, ദവാദ്മി, ഖൈസൂമ, തബൂക്ക്, യാമ്പു, ഖുറയ്യാത്ത്, അറാർ, അൽവജ്, അൽഉല, ഹുഫൂഫ്, തുറൈഫ്, ജിസാൻ, ശറൂറ, തായിഫ്, അൽജൗഫ്, ബീശ, ഹായിൽ, റഫ്ഹ, വാദി ദവാസിർ, അബഹ, നജ്‌റാൻ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് പുതിയ എയർപോർട്ടിലേക്ക് സൗദിയ മാറ്റിയിരുന്നത്. പുതിയ വിമാനത്താവളത്തിൽ യാത്രക്കാരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് വിമാന കമ്പനികൾക്ക് 220 കൗണ്ടറുകളുണ്ട്. 
ഇവക്കു പുറമെ നടപടിക്രമങ്ങൾ സ്വയം പൂർത്തിയാക്കുന്നതിന് യാത്രക്കാരെ സഹായിക്കുന്ന 80 സെൽഫ് സർവീസ് ഉപകരണങ്ങളും എയർപോർട്ടിലുണ്ട്.
 

Latest News