Sorry, you need to enable JavaScript to visit this website.

നിധി തട്ടിപ്പ്: പള്ളി ഖത്തീബ് പരാതി നൽകി

കണ്ണൂർ- നിധി തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് തളിപ്പറമ്പ് പോലീസിൽ പരാതി. തളിപ്പറമ്പ് നെല്ലിപ്പറമ്പ് ജുമാ മസ്ജിദ് ഖത്തീബ് പട്ടാമ്പി സ്വദേശി കാലിയാറകത്ത് വീട്ടിൽ ഷാഹുൽ ഹമീദാണ് പരാതി നൽകിയത്. നിധിയാണെന്നു പറഞ്ഞ് വ്യാജ സ്വർണം നൽകി രണ്ടു ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി. 
നെല്ലിപ്പറമ്പിൽ വാടകയ്ക്കു താമസിക്കുന്ന ഷാഹുൽ ഹമീദ്, വീടിനു കുറ്റിയടിക്കൽ, രോഗ ശുശ്രൂഷ പ്രാർത്ഥന തുടങ്ങിയ പ്രവർത്തികളും ചെയ്യാറുണ്ട്. ഇക്കഴിഞ്ഞ മെയ് 13 ന് സൈനുദ്ദീനെന്ന് പരിചയപ്പെടുത്തിയ ഒരാൾ ഷാഹുൽ ഹമീദിനെ സന്ദർശിക്കുകയും തന്റെ സുഹൃത്ത് ഇരിട്ടിയിലെ ബഷീർ എന്നയാൾക്കു വിട്ടുമാറാത്ത ശ്വാസം മുട്ടൽ ഉണ്ടെന്നും ഇയാൾക്കു നിധിയായി സ്വർണ കട്ടി ലഭിച്ചിട്ടുണ്ടെന്നും ഇത് മൂലമാണ് അസുഖം വന്നതെന്ന് സംശയിക്കുന്നുവെന്നും പറഞ്ഞു. താൻ പിന്നീട് മറുപടി നൽകാമെന്ന് ഷാഹുൽ ഹമീദ് പറഞ്ഞു. എന്നാൽ മറുപടി ലഭിക്കും മുമ്പ് പിറ്റേന്ന് തന്നെ സൈനുദ്ദീൻ, ബഷീർ എന്നയാളെയും കൂട്ടി ഷാഹുൽ ഹമീദിനെ കാണാനെത്തി. ബഷീർ വല്ലാതെ വിറക്കുന്നുണ്ടായിരുന്നു. ഇയാളുടെ കൈവശമുണ്ടായിരുന്ന സ്വർണക്കട്ടി, സൈനുദ്ദീൻ, ഷാഹുൽ ഹമീദിനെ ഏൽപ്പിച്ചു. ഇത് എങ്ങിനെയെങ്കിലും ഒഴിവാക്കി തരണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇത് എടുത്ത് പത്തു ലക്ഷം രൂപ നൽകിയാൽ മതിയെന്നാണ് ഇവർ അവസാനം പറഞ്ഞത്. എന്നാൽ ഇത്രയും തുക തന്റെ കൈവശമില്ലെന്നും സ്വർണക്കട്ടി വിറ്റ് പണം നൽകാമെന്നും ഷാഹുൽ ഹമീദ് വ്യക്തമാക്കി. ഒടുവിൽ ഇവരുടെ നിർബന്ധത്തിനു വഴങ്ങി കയ്യിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും സഹോദരനിൽനിന്നും സുഹൃത്തിൽനിന്നും കടം വാങ്ങിയ 50,000 രൂപ വീതവും ചേർത്ത് രണ്ടു ലക്ഷം രൂപ നൽകി. സ്വർണക്കട്ടി താമസ സ്ഥലത്തു സൂക്ഷിച്ചുവെച്ചു. 
ഇതിനിടെയാണ് ഇക്കഴിഞ്ഞ മൂന്നിന് വ്യാജ സ്വർണക്കട്ടി സഹിതം ന്യൂ മാഹി പോലീസ് വയനാട് സ്വദേശി ഷുഹൈലിനെ അറസ്റ്റു ചെയ്ത വിവരം പത്രങ്ങളിലൂടെ അറിഞ്ഞത്. തുടർന്ന് അവിടെ അന്വേഷിച്ചപ്പോഴാണ് പിടിയിലായത് സൈനുദ്ദീനെന്നു പറഞ്ഞ് തന്നെ സമീപിച്ചയാളാണെന്ന് വ്യക്തമായത്. താൻ കബളിപ്പിക്കപ്പെട്ടുവെന്ന് ബോധ്യമായതോടെയാണ് തളിപ്പറമ്പ് പോലീസിൽ പരാതി നൽകിയത്. ഈ കേസിൽ കഴിഞ്ഞ ദിവസം ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. ഇത് ബഷീർ എന്ന പേരിൽ പരിചയപ്പെട്ട ആളാണെന്നാണ് കരുതുന്നത്. 
നിധി തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം തളിപ്പറമ്പിലും ന്യൂമാഹിയിലും രണ്ട് വീതവും, പരിയാരം, എടക്കാട്, ധർമ്മടം, ഇരിട്ടി പോലീസ് സ്റ്റേഷനുകളിൽ ഒന്നു വീതവും പരാതികളാണ് ലഭിച്ചിട്ടുള്ളത്. ചെറുപുഴയിലെ ജോത്സ്യന്റെ ആത്മഹത്യക്കു പിന്നിലും നിധി തട്ടിപ്പാണെന്നാണ് ലഭിക്കുന്ന സൂചന. 

Latest News