Sorry, you need to enable JavaScript to visit this website.

പ്രവാസി വ്യവസായിയെ വീട്ടിൽ കയറി ആക്രമിച്ച കേസ്: അഞ്ച് പേർ അറസ്റ്റിൽ

കോഴിക്കോട്- പ്രവാസി വ്യവസായിയെയും കുടുംബത്തേയും വീട്ടിൽ കയറി ആക്രമിച്ച കേസിലെ മുഖ്യപ്രതി കാരാടൻ സുലൈമാൻ ഉൾപ്പെടെ അഞ്ചുപേർ അറസ്റ്റിൽ. കാരാടൻ സുലൈമാൻ (52),  കാരാടൻ ഹാരിസ് (36), സഹ്രാദ് (25), ഹനീഷ് (39), റഹീസ് ബാബു (38) എന്നിവരാണ് നടക്കാവ് സ്റ്റേഷനിൽ കീഴടങ്ങിയത്. അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാകാൻ പ്രതികൾക്ക് ജൂലൈ 31 വരെ ആദ്യം ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. പിന്നീട് വീണ്ടും 10 ദിവസത്തേക്ക് നീട്ടി. അതിനിടെയാണ് ഇവർ കീഴടങ്ങിയത്. തുടർന്ന് അഞ്ചുപേരുടേയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു.
ക്രിമിനൽ കേസിൽ ഉൾപ്പെട്ടിട്ടും പോലീസ് സുലൈമാനേയും കൂട്ടാളികളേയും അറസ്റ്റ് ചെയ്യാൻ തയാറായിരുന്നില്ല. കോടതി ഉത്തരവുള്ളതിനാലാണ് പ്രതികൾ ഇപ്പോൾ കീഴടങ്ങിയത്. ബിനോയ് കോടിയേരി പ്രതിയായ സ്ത്രീപീഡനക്കേസിൽ സുലൈമാൻ മുംബൈയിൽ ഇടനിലക്കാരനായി പ്രവർത്തിച്ചെന്നും, ഉന്നതരാഷ്ട്രീയ ബന്ധമുള്ളതിനാലാണ് സുലൈമാനെ പിടികൂടാൻ പോലീസിനു മേൽ സമ്മർദമുള്ളതെന്നുമാണ് പരാതിക്കാരുടെ ആരോപണം.
ഇക്കഴിഞ്ഞ ജൂൺ 28 നാണ് കേസിനാസ്പദമായ സംഭവം. പ്രവാസിവ്യവസായിയും കെ.പി.ചന്ദ്രൻ റോഡിലെ മലബാർ ഹിൽസ് വില്ലയിൽ താമസക്കാരനുമായ മുഹമ്മദ് ഇക്ബാലിന്റെ വീട്ടിൽ കയറിയാണ് ആക്രമണം നടത്തിയത്. കാരാടൻ സുലൈമാന്റെ നേതൃത്വത്തിലുള്ള സംഘം ഇക്ബാലിനേയും കുടുംബത്തേയും ആക്രമിക്കുകയായിരുന്നു. കൂടാതെ വില്ലയിലെ സുരക്ഷാ ജീവനക്കാരയും മർദിച്ചെന്നാണ് കേസ്. പണമിടപാട് സംബന്ധിച്ച പ്രശ്‌നമാണ് അക്രമത്തിന് കാരണം. സംഭവവുമായി ബന്ധപ്പെട്ട് നിലമ്പൂർ കാട്ടുമുണ്ട നടുവത്ത് നജ്മൽ (28), ചങ്ങരംകുളം കാരാടൻവീട്ടിൽ അബ്ദുൽ ഗഫൂർ (47) എന്നിവരെ മാത്രമാണ് നടക്കാവ് പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്.
അതേസമയം നേരത്തെയും കാരാടൻ സുലൈമാൻ, എം.പിയുടെ മകനേയും കുടുംബത്തെയും വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ടായിരുന്നു എന്നാൽ നടപടിയുണ്ടായില്ല. സി.പി.എം സംസ്ഥാന നേതൃത്വത്തിലെ ചിലരുമായി സുലൈമാനുള്ള ബന്ധമാണ് പോലീസ് നടപടി വൈകാൻ കാരണമായത്. ഈ പരാതി നിലനിൽക്കെയാണ് ജൂൺ 28 ന് പ്രവാസി വ്യവസായിയായ ഇക്ബാലിന്റെ വീട്ടിൽ കയറി സുലൈമാനും സംഘവും ആക്രമണം നടത്തിയത്.
 

Latest News