ഏകീകൃത റിക്രൂട്ട്‌മെന്റ് കരാറിൽ ഭേദഗതികളുമായി തൊഴിൽ മന്ത്രാലയം
റിയാദ് - ഏകീകൃത റിക്രൂട്ട്‌മെന്റ് കരാറിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഭേദഗതികൾ വരുത്തി. വകുപ്പ് മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹി ഭേദഗതികൾക്ക് അംഗീകാരം നൽകി. കരാർ വകുപ്പുകൾ വിശകലനം ചെയ്യുന്നതിന് റിക്രൂട്ട്‌മെന്റ് ഓഫീസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് നടത്തിയ ശിൽപശാലക്കു ശേഷമാണ് ഏകീകൃത കരാറിൽ മന്ത്രാലയം ഭേദഗതികൾ വരുത്തിയത്.
തൊഴിലുടമകളുമായി കരാറുകൾ ഒപ്പുവെച്ച് 90 ദിവസത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കഴിയാത്ത പക്ഷം കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തുമെന്ന വകുപ്പ് ഭേദഗതി ചെയ്തിട്ടുണ്ട്. പിഴ വ്യവസ്ഥ ചെയ്യുന്ന വകുപ്പിനെതിരെയാണ് റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾ ഏറ്റവും വലിയ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നത്. കരാർ ഒപ്പുവെച്ച് 90 ദിവസം പിന്നിട്ട ശേഷം തൊഴിലുടമ റദ്ദാക്കാത്ത പക്ഷം കരാർ 60 ദിവസത്തേക്കു കൂടി ഓട്ടോമാറ്റിക് ആയി പുതുക്കപ്പെടുമെന്ന പുതിയ വകുപ്പ് കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുപ്രകാരം തൊഴിലുടമകളുമായി കരാറുകൾ ഒപ്പുവെച്ച് 150 ദിവസത്തിനകം തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചുനൽകുന്നതിന് റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് കഴിയാത്ത പക്ഷം സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും. 151 ാമത്തെ ദിവസം മുതൽ കരാർ തുകയുടെ 40 ശതമാനത്തിന് തുല്യമായ തുകയാണ് പിഴ ചുമത്തുക. 90 മുതൽ 150 ദിവസം വരെ വരുത്തുന്ന കാലതാമസത്തിന് കരാർ തുകയുടെ 15 ശതമാനത്തിന് തുല്യമായ തുകയാണ് പിഴ ചുമത്തുക. പഴയ കരാർ പ്രകാരം 90 ദിവസം പിന്നിട്ടാൽ കരാർ തുകയുടെ 30 ശതമാനത്തിന് തുല്യമായ തുക പിഴ ചുമത്തുമായിരുന്നു. കരാർ ദീർഘിപ്പിക്കുന്നതിന് തൊഴിലുടമ സമ്മതിക്കുകയും 90 മുതൽ 150 ദിവസത്തിനുള്ളിൽ തൊഴിലാളി രാജ്യത്തെത്തുകയും ചെയ്യുന്ന സാഹചര്യങ്ങളിലും ഈ കാലയളവിൽ തൊഴിലാളിയുടെ പാസ്‌പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്യുന്ന സാഹചര്യങ്ങളിലും പിഴ ഒഴിവാക്കപ്പെടും.
90 ദിവസത്തിനകം കരാർ റദ്ദാക്കുന്നതിന് ആഗ്രഹിക്കുന്ന പക്ഷം തൊഴിലുടമകൾക്ക് പിഴ ചുമത്തും. കരാർ ഒപ്പുവെച്ച് ആദ്യത്തെ അഞ്ചു ദിവസത്തിനകം റദ്ദാക്കുകയാണെങ്കിൽ പിഴ ചുമത്തില്ല. ആറാം ദിവസം മുതൽ മുപ്പതാം ദിവസം വരെയുള്ള കാലയളവിൽ കരാർ റദ്ദാക്കുന്ന പക്ഷം കരാർ തുകയുടെ അഞ്ചു ശതമാനത്തിന് തുല്യമായ തുകയും 31 മുതൽ 90 ദിവസം വരെയുള്ള കാലയളവിൽ കരാർ റദ്ദാക്കുന്ന പക്ഷം കരാർ തുകയുടെ പത്തു ശതമാനത്തിന് തുല്യമായ തുകയും തൊഴിലുടമകൾക്ക് പിഴ ചുമത്തുമെന്ന് ഭേദഗതി അനുശാസിക്കുന്നു. 150 ദിവസത്തിനു ശേഷവും തൊഴിലാളി രാജ്യത്തെത്താത്ത പക്ഷം കരാർ റദ്ദാക്കപ്പെടുമെന്നും ഏകീകൃത കരാർ ഭേദഗതി വ്യക്തമാക്കുന്നു.
പുതിയ ഭേദഗതികൾ റിക്രൂട്ട്‌മെന്റ് ഓഫീസ് ഉടമകൾക്കും തൊഴിലുടമകൾക്കും ഒരുപോലെ ഗുണം ചെയ്യുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. നിശ്ചിത സമയത്തിനകം തൊഴിലാളികളെ എത്തിച്ചുനൽകുന്നതിന് സാധിക്കാത്ത പക്ഷം ഭീമമായ തുക പിഴ ചുമത്തപ്പെട്ടേക്കുമെന്ന ഭീതി മൂലം കഴിഞ്ഞ മാസം നിരവധി റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് അപേക്ഷകൾ സ്വീകരിക്കുന്നത് നിർത്തിവെച്ചിരുന്നു. വിപണിയിലെ സാഹചര്യങ്ങൾക്ക് അനുസൃതമായാണ് റിക്രൂട്ട്‌മെന്റ് നിരക്കുകൾ നിശ്ചയിക്കുക.
സർക്കാർ ഫീസുകൾ മൂന്നിരട്ടിയോളം വർധിച്ചിട്ടുണ്ട്. റിക്രൂട്ട്‌മെന്റ് കരാറുകൾ വിദേശ മന്ത്രാലയത്തിൽ നിന്ന് സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഫീസ് 10.5 ഡോളറിൽ നിന്ന് 35.5 ഡോളറായി ഉയർന്നിട്ടുണ്ട്. കൂടാതെ പുതിയ വിസയിൽ റിക്രൂട്ട് ചെയ്യുന്ന ഗാർഹിക തൊഴിലാളികളെ എയർപോർട്ടുകളിൽ നിന്ന് സ്വീകരിച്ച് തൊഴിലുടമകളെ ഏൽപിക്കുന്നതു വരെയുള്ള കാലത്ത് താൽക്കാലിക താമസ സൗകര്യവും യാത്രാസൗകര്യവും നൽകുന്ന ചുമതലയും റിക്രൂട്ട്‌മെന്റ് ഓഫീസുകളെ ഏൽപിച്ചിട്ടുണ്ട്. ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് നടപടികൾക്കുള്ള തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മുസാനിദ് പോർട്ടൽ പ്രവർത്തിപ്പിക്കുന്ന തംകീൻ കമ്പനി കരാർ തുകയുടെ 2.4 ശതമാനം ഈടാക്കുന്നുണ്ട്. വിദേശങ്ങളിലെ റിക്രൂട്ടിംഗ് ഏജൻസികൾ ഈടാക്കുന്ന നിരക്കുകളും ഉയർന്നിട്ടുണ്ട്. നിരക്കുകൾ ഉയർത്തുന്നതിന് സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ ശ്രമിക്കുന്നില്ല. ലാഭം കുറച്ച് ഓഫറുകൾ നൽകിയും നിരക്കുകൾ കുറച്ചും മത്സരിക്കുന്നതിനാണ് ഭൂരിഭാഗം റിക്രൂട്ട്‌മെന്റ് ഓഫീസുകളും ശ്രമിക്കുന്നതെന്നും റിക്രൂട്ട്‌മെന്റ് മേഖലാ വൃത്തങ്ങൾ പറഞ്ഞു.