ഫിറ്റ്നസ് ബാൻഡുകൾ ട്രെൻഡാകുന്ന ഈ കാലത്ത് ഹോണർ തങ്ങളുടെ പുതിയ ഫിറ്റ്നസ് ബാൻഡ് ഇന്ത്യയിൽ അവതരിപ്പിച്ചു. കഴിഞ്ഞ മാസം ചൈനയിൽ ഇറങ്ങിയ ബാൻഡ് 5 ആണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. നേരത്തെയുള്ള ബാൻഡുകളേക്കാൾ കൂടുതൽ ഫീച്ചറുകൾ സമ്മാനിക്കുന്ന പുതിയ ബാൻഡ് വില പുറത്ത് വിട്ടിട്ടില്ലെങ്കിലും ഓൺലൈൻ രാജാവായ ഫ്ളിപ് കാർട്ടിൽ ഇത് ഉടൻ വിൽപ്പനക്കെത്തുമെന്നു കമ്പനിയെ ഉദ്ധരിച്ച് റിപ്പോർട്ടുകളുണ്ട്. കളർ ഡിസ്‌പ്ലെ പാനൽ,വെള്ളത്തെ പ്രതിരോധിക്കുന്ന 5 എടിഎം സജ്ജീകരണങ്ങൾ, സ്പോർട്സ് മോഡിൽ പത്തോളം വിവിധ സൗകര്യങ്ങൾ, നീന്തലിനിടയിലെ ശരീര മിഡിപ്പ് കൃത്യമായി അറിയുന്ന സംവിധാനം, തുടർച്ചയായ ഹൃദയ മിടിപ്പ് നിരീക്ഷണം എന്നിവയുൾപ്പെടെ അതിമനോഹരമായ മുഖങ്ങളോട് കൂടിയാണ് ഹോണർ ബാൻഡ് 5 പുറത്തിറങ്ങുന്നത്.
ഇതിന്റെ ഇന്ത്യയിലെ വില ഇത് വരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ, ഫ്ളിപ് കാർട്ടിൽ ഇത് ലഭ്യമാകുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. പുറത്തിറങ്ങുന്ന വേളയിൽ അറിയിക്കാനുള്ള സന്ദേശം വേണ്ടവർക്ക് അതിനുള്ള സംവിധാനവും ഓൺലൈനിൽ സജ്ജീകരിച്ചിട്ടുണ്ട്. ഹോണർ ബാൻഡ് 5 നു ചൈനയിൽ സ്റ്റാൻഡേർഡ് മോഡലിന് ഏകദേശം 1800 രൂപയാണ് വില. തൊട്ടു മുകളിലുള്ള മോഡലിന് 2,100 രൂപയുമാണ് ഏകദദേശ വില. ഇന്ത്യയിലും ഇതേ വിലയിൽ തന്നെ വിൽപ്പന നടക്കുമെന്നാണ് കരുതുന്നത്. ഒറ്റത്തവണ ചാർജ് ചെയ്‌താൽ പതിനാലു ദിവസത്തെ ബാറ്ററി ക്ഷമതായോട് കൂടിയതാണ് ഹോണർ ബാൻഡ് 5 എന്നത് ഇതിലേക്ക് ആളുകളെ കൂടുതൽ ആകർഷിക്കുന്നത്. കൂടാതെ, അമോലെഡ് കളർ ടച് സ്‌ക്രീനും ഇതിലുണ്ട്. അൻപത് മീറ്റർ താഴ്ചയിൽ വരെ വെള്ളം കടക്കാതെ പ്രതിരോധിച്ച് നിൽക്കുന്ന സംവിധാനവും ഇതിലുണ്ട്.