Sorry, you need to enable JavaScript to visit this website.

ഹൂത്തികൾ മക്കയിൽ കൊള്ളനടത്തിയ ഖർമാതിയനുകളുടെ പിന്മുറക്കാർ -ഇസ്‌ലാമികകാര്യ മന്ത്രി

മക്ക- ക്രിസ്തുവർഷം 908 (ഹിജ്‌റ 317) ൽ ഹജിനിടെ മക്കയിൽ ആക്രമണം നടത്തി കൊള്ളയും കൊള്ളിവെപ്പും നടത്തിയ ഖർമാതിയനുകളുടെ പേരമക്കളാണ് ഇറാൻ പിന്തുണയുള്ള ഹൂത്തി മിലീഷ്യകളെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഹജ് തീർഥാടകരും മക്ക നിവാസികളും അടക്കം 30,000 ഓളം പേരെ കൊലപ്പെടുത്തുകയും ഹജ്‌റുൽഅസ്‌വദ് കവരുകയും ചെയ്തവരാണ് ഖർമാതിയനുകൾ.
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആതിഥേയത്വത്തിൽ ഹജിനെത്തിയ തീർഥാടകരുടെ താമസസ്ഥലം സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. മക്കയിൽ ആക്രമണം നടത്തുന്നതിനും വിശുദ്ധ കഅ്ബാലയം പൊളിക്കുന്നതിനും അബ്രഹത്ത് സഞ്ചരിച്ച അതേപാതയിലൂടെയാണ് മക്കയുടെ നിയന്ത്രണം പിടിച്ചടക്കുന്നതിന് ഹൂത്തികളും സഞ്ചരിക്കുന്നത്.  
ഹൂത്തികളുടെ രക്തം പുരണ്ട കൈകളിലൂടെ മുസ്‌ലിംകളുടെ വിശുദ്ധ സ്ഥലങ്ങളിൽ എത്തി ഇവിടങ്ങൾ മലീമസമാക്കുന്നതിനാണ് ഇറാൻ ആഗ്രഹിക്കുന്നത്. ഹജ് തീർഥാടകരും മക്ക നിവാസികളുമായ ആയിരക്കണക്കിനാളുകളെ കൂട്ടക്കുരുതി നടത്തി സംസം കിണറിലേക്ക് എറിഞ്ഞ് ഖർമാതിയനുകൾ ചെയ്തപോലെ മുസ്‌ലിംകളുടെ വിശുദ്ധ സ്ഥലങ്ങൾ മലീമസമാക്കുന്നതിനാണ് അവരുടെ ശ്രമം. മുസ്‌ലിംകളുടെ പുണ്യ സ്ഥലങ്ങൾക്ക് കോട്ടം തട്ടിക്കാൻ ആഗ്രഹിക്കുന്ന, ഖർമാതിയനുകളുടെ പേരമക്കളാണിവർ. 
ഒരേ വേദിയിൽ ആളുകൾ മാറി ചിത്രങ്ങൾ ആവർത്തിക്കുകയാണ് എന്ന കാര്യത്തിൽ സംശയമില്ല. ഏതു അക്രമിക്കും അന്ത്യവും ശിക്ഷയുമുണ്ടാകും. ഈ പുണ്യഭൂമി ഇസ്‌ലാമിക ശരീഅത്ത് നടപ്പാക്കുന്ന, ലോക മുസ്‌ലിംകൾക്ക് സേവനം നൽകുന്ന വിശ്വസ്ത കരങ്ങളിലാണ്. ലോകത്ത് മിതവാദം പ്രചരിപ്പിച്ച് ഇസ്‌ലാമിക ലോകത്തിന് സൗദി അറേബ്യ സേവനം നൽകുന്നു. ഹൈജാക്ക് ചെയ്യപ്പെട്ട ഇസ്‌ലാമും മുസ്‌ലിംകളും ലോകത്ത് ഭീതിയാണ് സൃഷ്ടിച്ചിരുന്നത്. ഇസ്‌ലാമിനെതിരായ പ്രവർത്തനങ്ങൾക്കും ഇസ്‌ലാമിനെ അടിക്കുന്നതിനും ഭീകരരുടെ ചെയ്തികൾ ശത്രുക്കൾ മുതലെടുത്തു. മസ്ജിദുകളിലെ മിമ്പറുകളും പ്രബോധന പ്രവർത്തനങ്ങളും സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങളും നിയന്ത്രിച്ച് ലോകത്ത് മിതവാദം പ്രചരിപ്പിക്കുകയും തീവ്രവാദികൾക്കും ഭീകരർക്കുമെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്യുന്ന കിംഗ് സൽമാൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ അനുഭവഭേദ്യമായിരിക്കുന്നു. 
ഇസ്‌ലാമിനെ ഹൈജാക്ക് ചെയ്തവരിൽ നിന്ന് മതത്തെ തിരിച്ചുപിടിക്കാനാണ് സൗദി അറേബ്യ ശ്രമിക്കുന്നത്. ഇസ്‌ലാമിനെ കുറിച്ച് അയഥാർഥമായ ചിത്രമാണ് മതത്തെ ഹൈജാക്ക് ചെയ്തവർ നൽകിയതെന്നും ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. 
രാജാവിന്റെ അതിഥികളായി എത്തിയ തീർഥാടകർ തങ്ങുന്ന കേന്ദ്രത്തിൽ 'ലബ്ബൈക്.....ഹജ് യാത്ര കാലഘട്ടങ്ങളിലൂടെ' എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന എക്‌സിബിഷനും മന്ത്രി ഇന്നലെ ഉദ്ഘാടനം ചെയ്തു. അൽറാജ്ഹി ഇൻവെസ്റ്റ്‌മെന്റ് ഗ്രൂപ്പുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. 
ഇസ്‌ലാമികകാര്യ മന്ത്രാലയ അണ്ടർ സെക്രട്ടറിമാരും വിശിഷ്ട വ്യക്തികളും ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സർക്കാർ വകുപ്പുകളുടെ പ്രതിനിധികളും മാധ്യമപ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു. മക്കയുടെ ചരിത്രം, ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറിന്റെയും മകൻ ഇസ്മായിൽ നബിയുടെയും ചരിത്രം, ഹറം നിർമാണ ചരിത്രം, കഅ്ബാലയ നിർമാണ ചരിത്രം, തീർഥാടകർക്ക് സേവനം ചെയ്യാൻ സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങൾ, ഹറം വികസന പദ്ധതി എന്നിവയെ കുറിച്ച് സന്ദർശകർക്ക് അറിവ് നൽകുന്ന എക്‌സിബിഷൻ ഹജ് സീസൺ അവസാനിക്കുന്നതു വരെ തുടരും.
 

Latest News