Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ദുരന്തത്തിന് ഒരാണ്ട്:  മണ്ണിൽ നിന്ന് ഉയിർത്തെഴുന്നേറ്റ  മുഹമ്മദലിയുടെ ജീവിതം ഇന്നും ദുരിതം

മുഹമ്മദലി

കൊണ്ടോട്ടി- മണ്ണ് മരണവുമായെത്തിയപ്പോൾ ജീവിതത്തിലേക്ക് ഒരുയിർത്തെഴുന്നേൽപ് മുഹമ്മദലി പ്രതീക്ഷിച്ചിരുന്നില്ല. കാരണം ആ ദുരന്തത്തിൽ മുഹമ്മദലിയോടൊപ്പം മണ്ണിനടിയിൽപെട്ട അയൽവാസികളായ ഒമ്പത് പേരും ഇന്ന് ജീവിച്ചിരിപ്പില്ല. കേരളത്തിലെ മഹാപ്രളയത്തിന് ഒരാണ്ട് തികയുമ്പോൾ മലപ്പുറം ചെറുകാവ് പഞ്ചായത്തിലെ പെരിങ്ങാവ് കൊടപ്പുറം പാണ്ടികശാല മുഹമ്മദലി (45) തന്റെ ജീവൻ തിരിച്ചു കിട്ടിയ സംഭവം  ഓർക്കുമ്പോൾ ഇപ്പോഴും വിതുമ്പും. ഒപ്പം ദുരന്ത പ്രദേശത്തോട് കാണിക്കുന്ന അധികൃതരുടെ അലംഭാവത്തെക്കുറിച്ച് അമർഷവും തുറന്നു പറയും.
കഴിഞ്ഞ ഓഗസ്റ്റ് 15 ന് പുലർച്ചെയും രാവിലെയുമായി ചെറുകാവിലെ പൂച്ചാൽ, പെരിങ്ങാവ് കൊടപ്പുറം ഭാഗങ്ങളിൽ രണ്ട് വീടുകൾക്ക് മുകളിൽ മണ്ണിടിഞ്ഞ് 12 പേരാണ് മരിച്ചത്. പെരിങ്ങാവ് കൊടപ്പുറത്ത് അസ്‌കറിന്റെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് സഹോദരൻ പാണ്ടികശാല ബഷീർ (47), ഭാര്യ സാബിറ (40), മക്കളായ ഫാത്തിമ ഫായിസ (19), മുഷ്ഫിഖ് (11), ബഷീറിന്റെ സഹോദരൻ അബ്ദുൽ അസീസിന്റെ ഭാര്യ ഖൈറുന്നിസ (36), അയൽവാസികളായ മാന്ത്രമ്മൽ മുഹമ്മദലി (48), മകൻ സഫ്‌വാൻ (26), ചെമ്പ്രച്ചോല ചെറാതൊടി ഇല്ലിപ്പുറം മൂസ (50), സി.പി. ജംഷീഖിന്റെ മകൻ ഇർഫാൻ അലി (16) എന്നിവരുമുൾപ്പെടെ ഒമ്പത് പേരാണ് രമിച്ചത്.


അപകടം സമയം അസ്‌കറലിയും കുടുംബവും സ്ഥലത്തുണ്ടായിരുന്നില്ല. സഹോദരൻ ബഷീറും മറ്റുളളവരും അസ്‌കറിന്റെ വീടിന് പിറക് വശത്ത് കോഴിക്കൂട് മാറ്റുന്നതിനായി എത്തിയപ്പോഴാണ് വീടിന് പിറകിലെ കുന്നിടഞ്ഞ് വീണത്. ഈ അപകടത്തിൽ നിന്നാണ് മുഹമ്മദലി രക്ഷപ്പെട്ടത്. മണ്ണിനും വീടിന്റെ കോൺക്രീറ്റ് സ്ലാബിനുമിടയിൽ കുടുങ്ങിയെങ്കിലും രക്ഷാപ്രവർത്തനെത്തിയവർ മുഹമ്മദലിയെ കണ്ടതോടെയാണ് ആദ്യം രക്ഷപ്പെടുത്താനായത്. എന്നാൽ മറ്റുളളവരെല്ലാം മണ്ണിനടിയിൽ കുടുങ്ങി. തനിക്ക് ബോധം നഷ്ടപ്പെട്ടിരുന്നുവെങ്കിൽ അപകടത്തിൽ പെട്ടവർ ആരൊക്കെയെന്ന് മനസ്സിലാകുമായിരുന്നില്ലെന്ന് മുഹമ്മദലി പറഞ്ഞു. കാലിന് പരിക്കേറ്റ് ഒരാഴ്ച കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലായിരുന്നു. പിന്നീട് മൂന്ന് മാസത്തോളം വീട്ടിൽ കിടപ്പിലായി. ധനസഹായമായി നാലായിരം രൂപയാണ് ലഭിച്ചതെന്ന് മുഹമ്മദലി പറഞ്ഞു. കാലിന്റെ പരിക്ക് ഇതുവരെ പൂർണമായും ഭേദമായിട്ടില്ല. അപകടം നടന്ന വീടിനും സ്ഥലത്തിനുമുള്ള ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. അസ്‌കറലിയുടെ വീട് പൂർണമായും റവന്യൂ വകുപ്പ് പൊളിച്ച് നീക്കിയിരുന്നു. മരിച്ച സഹോദരൻ ബഷീറിന്റെ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. മറ്റൊരു സഹോദരന്റെ വീട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. 
ഓഗസ്റ്റ് 15 ന് പുലർച്ചെയാണ് ഐക്കരപ്പടിക്കടുത്ത പൂച്ചാലിലെ  കണ്ണനാരി അബ്ദുൽ അസീസ് (48), ഭാര്യ സുനീറ (42),  ഇളയ മകൻ  മുഹമ്മദ് ഉബൈദ് (6) എന്നിവർ വീടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് മറ്റൊരു ദുരന്തത്തിൽ മരിച്ചത്. അസീസിന്റെ കുടുംബത്തിൽ അവശേഷിക്കുന്ന വിദ്യാർത്ഥികളായ രണ്ട് മക്കൾ  വീട് തകർന്നതോടെ ബന്ധുക്കളുടെ വീട്ടിലാണ് താമസിക്കുന്നത്. പ്രളയ ദുരന്തത്തിൽ വീടും സ്ഥലവും പൂർണമായും നഷ്ടപ്പെട്ട ഇവർക്ക്, പകരം വീടും സ്ഥലവും കണ്ടെത്തി പുനരധിവാസം നടത്തുന്നതുമായി ബന്ധപ്പെട്ട്  സർക്കാർ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ഒന്നും ഇതുവരെ ലഭ്യമായിട്ടില്ല. സർക്കാർ പ്രഖ്യാപിച്ച ധനസഹായത്തിനായി  സർക്കാർ ഓഫീസുകളിൽ കയറി ഇറങ്ങുകയാണ് ഇവരിപ്പോഴും. 

 

Latest News