Sorry, you need to enable JavaScript to visit this website.

ഹറമിൽ  ചട്ടവിരുദ്ധ പ്രവൃത്തികൾ  തടയുന്നതിന് ഫീൽഡ്  സംഘങ്ങൾ

മക്ക - വിശുദ്ധ ഹറമിൽ ചട്ടവിരുദ്ധ പ്രവൃത്തികൾ നിരീക്ഷിച്ച് കണ്ടെത്തി തടയുന്നതിന് ഹറംകാര്യ വകുപ്പിനു കീഴിലെ സേവന വിഭാഗം പതിനെട്ടു ഫീൽഡ് സംഘങ്ങൾക്കും ഒമ്പതു കമ്മിറ്റികൾക്കും രൂപം നൽകി. ചട്ടവിരുദ്ധ പ്രവൃത്തികൾ 
ചെറുക്കുന്നതിന് മക്ക ഗവർണറേറ്റിനു കീഴിൽ രൂപീകരിച്ച കമ്മിറ്റിയുമായും സുരക്ഷാ വകുപ്പുകളുമായും മറ്റു ബന്ധപ്പെട്ട വകുപ്പുകളുമായും സഹകരിച്ചാണ് ഹറംകാര്യ വകുപ്പിനു കീഴിലെ ഫീൽഡ് സംഘങ്ങളും കമ്മിറ്റികളും പ്രവർത്തിക്കുന്നത്. തീർഥാടകരുടെ പക്കൽ കണ്ടെത്തുന്ന നിയമ വിരുദ്ധ ഉപകരണങ്ങളും മറ്റും ഫീൽഡ് സംഘങ്ങളും കമ്മിറ്റികളും പിടിച്ചെടുക്കും. നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് ഇവരെ സുരക്ഷാ വകുപ്പുകൾക്ക് കൈമാറുകയും ചെയ്യും. 
മർവയിൽ അടക്കം മസ്അയുടെ എല്ലാ നിലകളിലും തലമുടി വെട്ടൽ വിലക്കുന്നതിനാണ് ഫീൽഡ് സംഘങ്ങൾ രൂപീകരിച്ചതെന്ന് ചട്ടവിരുദ്ധ പ്രവൃത്തികൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക വിഭാഗം മേധാവി താരിഖ് അൽമാലികി പറഞ്ഞു. ചട്ടവിരുദ്ധ പ്രവൃത്തികൾ തടയുന്നതിന് ഒമ്പതു കമ്മിറ്റികൾ ഹറമിലെ എല്ലാ ഭാഗത്തും പരിശോധനകൾ നടത്തുന്നുണ്ട്. തീർഥാടകരുടെ ആരോഗ്യ സുരക്ഷ സംരക്ഷിക്കുന്നതിനും പ്രയാസരഹിതമായി കർമങ്ങൾ നിർവഹിക്കുന്നതിന് അവർക്ക് അവസരമൊരുക്കുന്നതിനും ഹറംകാര്യ വകുപ്പിനു കീഴിലെ സേവന വിഭാഗം രൂപീകരിച്ച ഫീൽഡ് സംഘങ്ങളും കമ്മിറ്റികളും ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്നും താരിഖ് അൽമാലികി പറഞ്ഞു. 

Latest News