തിരുവനന്തപുരം - പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായില്‍ സന്ദര്‍ശനത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരപരാധികളെ കൊന്നൊടുക്കുന്ന ഭീകര രാഷ്ട്രമാണ് ഇസ്രായിലെന്ന് ആരോപിച്ച മുഖ്യമന്ത്രി അവരുമായി ഭീകരവിരുദ്ധ സഖ്യമുണ്ടാക്കുകയെന്നത് യുക്തിക്ക് ദഹിക്കുന്നതല്ലെന്നും ഫെയ്‌സ്ബുക്കില്‍ പോസ്റ്റുചെയ്തു.
ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇങ്ങനെ: അധിനിവേശത്തിന്റെ വക്താക്കളായ ഇസ്രായിലിന്റെ തന്ത്രപ്രധാന പങ്കാളിയാക്കി ഇന്ത്യയെ മാറ്റുകയും അമേരിക്ക-ഇസ്രായില്‍-ഇന്ത്യ അച്ചുതണ്ടു സൃഷ്ടിക്കുകയും ചെയ്യുന്ന അപകടമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ഇസ്രായില്‍ സന്ദര്‍ശനത്തിലൂടെ സൃഷ്ടിക്കപ്പെടുന്നത്. ഫലസ്തീന്‍ ജനതയുടെ പോരാട്ടത്തെയും ചെറുത്തു നില്‍പ്പിനെയും ഭീകരതയെന്ന് മുദ്ര കുത്തി അടിച്ചമര്‍ത്തുന്ന ക്രൂരതയ്ക്കെതിരെയാണ് ഇന്ത്യയുടെ മനസ്സ്. ജൂതന്മാരുടെ ഇസ്രായില്‍ കെട്ടിപ്പടുക്കുകയെന്നത് മാത്രമല്ല, ഫലസ്തീനെ ഇല്ലാതാക്കുക കൂടിയാണ് സയണിസ്റ്റ് ലക്ഷ്യം. ഇത് തിരിച്ചറിഞ്ഞാണ് ഇന്ത്യന്‍ ജനത എക്കാലത്തും ഫലസ്തീന്‍ ചെറുത്തുനില്‍പിനെ പിന്തുണച്ചിട്ടുള്ളത്. യുഎന്‍ പ്രമേയങ്ങളും രാജ്യാന്തര ധാരണകളും കണക്കിലെടുക്കാതെ ഫലസ്തീന്‍ ജനതയ്ക്കു പൗരാവകാശം നിഷേധിക്കുകയും വംശീയ ഉച്ചാടനത്തിനു ശ്രമിക്കുകയും ചെയ്യുന്ന ഇസ്രായിലിന്റെ നയത്തെയാണ് ഇന്ത്യ എതിര്‍ക്കുന്നത്. ആ നിലപാടില്‍ നിന്ന് മോഡി മലക്കം മറിഞ്ഞിരിക്കുന്നെന്നും പോസ്റ്റില്‍ ആരോപിക്കുന്നു.
അധിനിവേശ ശക്തികള്‍ക്ക് നരവേട്ട നടത്താനുള്ള സഹായം നല്‍കുക എന്നത് അപകടകരമായ സൂചനയാണ്. ഭക്ഷണത്തിന്റെയും മതത്തിന്റെയും പേരില്‍ ജനങ്ങള്‍ക്ക് രാജ്യത്തിനു പുറത്തേക്കുള്ള വഴി ചൂണ്ടിക്കാണിക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയമാണ് അതിലുള്ളത്. ഈ പ്രവണതയ്ക്കെതിരെ ജനങ്ങളുടെ ശക്തമായ വികാരം ഉണരേണ്ടതുണ്ടെന്നും പിണറായി ഫെയ്‌സ് ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.






