Sorry, you need to enable JavaScript to visit this website.
Sunday , May   31, 2020
Sunday , May   31, 2020

സലാലയിലേക്ക് വരൂ... കേരളം  കൺനിറയെ കാണൂ... 

ഗൾഫ് മണ്ണിൽ കേരളം പകർപ്പെടുത്ത് വെച്ച ഒരു സ്ഥലമുണ്ട്. കണ്ടാലും കണ്ടാലും മതിവരാത്ത, മലയാളി ഗൃഹാതുരതയുടെ ഗൾഫ് പതിപ്പിന് സലാല എന്നാണ് പേര്. മലബാറിൽനിന്ന് അറബിക്കടലിലൂടെ ഒഴുകിയെത്തി ഒമാനിലെ സൊഹാർ പ്രവിശ്യയോട് ചേർന്നുനിന്നതാണോയെന്ന് തോന്നിപ്പിക്കുന്ന വിധം വിസ്മയിപ്പിക്കുന്ന ഒരിടം. മസ്‌കത്തിൽനിന്നും ഏകദേശം ആയിരത്തോളം കിലോമീറ്റർ സഞ്ചരിച്ചാൽ യെമന്റെ അതിർത്തിയോട് ചേർന്നു സലാലയിലെത്താം. ഏതോ സുന്ദര സ്വപ്നം പോലെ സുന്ദരി, കേരളത്തെ പോലെ മനോഹരം. കണ്ടാലും കണ്ടാലും തീരാത്തത്രയും കാഴ്ചകളാൽ സലാല സമ്പന്നമാണ്. മടങ്ങിവന്നാലും കേട്ടുമറയ്ക്കാത്തൊരു മൂളിപ്പാട്ടു പോലെ ചുറ്റിലും കാഴ്ചയോർമകൾ പാറിപ്പറക്കുന്നൊരു ദേശം. 
മറ്റു അറബ് രാജ്യങ്ങളെ പോലെ ഒമാനിലും രാജ്യഭരണം തന്നെയാണ്. ഹിസ് മെജസ്റ്റി സുൽത്താൻ ഖാബൂസ് ബിൻ സെയ്ദ് അൽ സെയ്ദിന്റെ ഭരണാധിപത്യത്തിൻ കീഴിൽ രാജ്യം പുരോഗതിയിലേക്ക് പറന്നുകൊണ്ടിരിക്കുന്നു. 1970 മുതൽ രാജാവായ സുൽത്താൻ ഖാബൂസ് 
പുരോഗതിയുടെ തേരിലേറ്റി ഒമാന് വികസനത്തിന്റെ പുതിയ ആകാശം സമ്മാനിക്കുന്നു. സുൽത്താൻ ഖാബൂസിന് ഇന്ത്യയുമായും മുറിച്ചുമാറ്റാനാകാത്ത ബന്ധമുണ്ട്. 1940 ൽ സലാലയിൽ ജനിച്ച ഖാബൂസ് ഇന്ത്യയിലെ പൂനെയിലും വിദ്യാഭ്യാസം നേടി. സുൽത്താന്റെ ജന്മസ്ഥലം എന്ന പേരിൽ കൂടി സലാല ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നു. മേന്മയേറിയ കുന്തിരിക്കം ലഭിക്കുന്ന സ്ഥലമായതിനാൽ അറേബ്യയുടെ സുഗന്ധ തലസ്ഥാനം എന്ന പേരുമുണ്ട് സലാലക്ക്. 'ഘമിറ ീള എൃമിസശിരലിലെ' (കുന്തിരിക്കത്തിന്റെ മണ്ണ്) എന്ന അപരനാമത്തിലും അറിയപ്പെടുന്നു.
നൂറ്റാണ്ടുകൾ പഴക്കമുള്ള  സലാലയുടെ ദേശപ്പെരുമയിൽനിന്ന് കഥകളും കവിതകളും എത്ര വേണമെങ്കിലും കോരിയെടുക്കാനുണ്ട്. അറബ് കലകളുടെയും സമ്പന്ന ദേശം കൂടിയാണ് സലാല. ഇവിടെയുള്ള തദ്ദേശീയരായ അറബികൾ മൂന്ന് വിഭാഗങ്ങളിൽ പെട്ടവരാണ്.


ജബലികൾ എന്നറിയപ്പെടുന്ന ഒരു വിഭാഗമാണ് അതിൽ ഒന്ന്. നമ്മുടെ നാട്ടിലെ ആദിവാസികളുടെ ജീവിത രീതിയോട് ഒരുപാട് കാര്യങ്ങളിൽ, സാദൃശ്യം പുലർത്തുന്നവരാണ് ഈ ജബലികൾ. മണ്ണിന്റെ സ്വന്തം മക്കൾ എന്ന് പേരിട്ട് വിളിക്കാവുന്നവർ. 
കറുത്ത വർഗക്കാരായ അറബികളാണ് രണ്ടാമത്തെ വിഭാഗം. ഇപ്പോഴത്തെ ഭരണാധികാരിയായ സുൽത്താൻ ഖാബൂസിന്റെ പിതാവ്, ഒമാനിൽ ജനസംഖ്യ വളരെ കുറവായിരുന്ന സമയത്ത് ആഫ്രിക്കയിൽ നിന്നും കുറെ കറുത്ത വർഗക്കാരായ അടിമകളെ വിലക്ക് വാങ്ങി ഒമാനിൽ കൊണ്ടുവരികയും പിന്നീട് അവരെ സ്വതന്ത്രമാക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. പിന്നീട് ഇവരുടെ കുടുംബക്കാരും ബന്ധുക്കളും ഒമാനിലേക്ക് ചേക്കേറുകയും അവർ ഒമാനിലെ പൗരത്വം സ്വീകരിക്കുകയും ചെയ്തു.
മൂന്നാമത്തെ വിഭാഗമാണ് വെളുത്ത അറബികൾ. മറ്റു പല നാടുകളിൽ നിന്നും കുടിയേറിവരാണ്. എന്നാൽ ഇവരാണ് അവിടെ യഥാർത്ഥ അവകാശികളായി അറിയപ്പെടുന്നതും അധികാരത്തിന്റെ നേതൃസ്ഥാനം വഹിക്കുന്നതും. 
ജൂൺ മുതൽ സെപ്തംബർ വരെ സലാലയിൽ ഖരീഫ് ആരംഭിച്ചു. വരണ്ടുണങ്ങിയ ഭൂപ്രകൃതിക്ക് മേൽ ഹരിതവർണം മേലാപ്പ് പുതച്ചുകഴിഞ്ഞു. ചിണുങ്ങിക്കുണുങ്ങി പെയ്യുന്ന മഴയാണ് ഈ സമയത്തെ പ്രത്യേകത. മറ്റുള്ളടങ്ങളെല്ലാം സൂര്യതാപത്താൽ ചുട്ടുപൊള്ളുമ്പോൾ സലാലയിൽ ചാറ്റൽ മഴയും തണുപ്പുമൊക്കെ കൂടിച്ചേർന്ന് കേരളത്തെ ഓർമിപ്പിക്കുന്നു. 
എങ്ങും പച്ചപ്പരവതാനി കണക്കെ പ്രകൃതി തന്നെ ഭൂമിക്കു മേൽ ഹരിത കമ്പളം പുതച്ചുകഴിഞ്ഞു. വിനോദ സഞ്ചാരികളാൽ മേഖലയിൽ ആളാരവങ്ങളുയരുന്നു. ആളും ആരവവും ഇല്ലാതെ ഒഴിഞ്ഞു കിടന്നിരുന്ന ഇളനീരിന്റെ വഴിയോരക്കടകളെല്ലാം തിരക്കിലാണ്. അടുക്കാൻ പോലും പറ്റാത്തവിധം തിരക്ക്. ഇളനീരും തേങ്ങയും പപ്പായയും പഴവും വാഴക്കന്നും കരിമ്പും വാഴത്തൈയ്യും തെങ്ങിൻതൈയും ഒക്കെ വിപണത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഭൂമിക്ക് മാത്രമല്ല, കച്ചവടക്കാർക്കും സന്തോഷത്തിന്റെ നാളുകൾ. 


വാഴത്തോട്ടങ്ങൾക്കരികിലൂടെ കടന്നുപോയാൽ നമ്മുടെ നാട്ടിലെ പാടവരമ്പിലൂടെയുള്ള യാത്രയുടെ ഓർമ വന്നുപൊതിയും. കയ്പയും മത്തനും കുമ്പളവും കോവക്കയും വെണ്ടയുമൊക്കെ പൂത്തു നിൽക്കുന്ന മനോഹരക്കാഴ്ച തന്നെ കാണാം. മുഴുവൻ വാഴത്തോട്ടങ്ങളും ഇങ്ങനെ തന്നെയാണ്. ചില സ്ഥലങ്ങളിൽ കൃഷിക്കായി നിലമൊരുക്കിയിരിക്കുന്നതും കാണാം. കേരളത്തിലെ ഏതോ ഉൾനാടൻ ഗ്രാമത്തിലൂടെയാണോ സഞ്ചരിക്കുന്നത് എന്ന് തോന്നിപ്പോകും. കൃഷിക്കാഴ്ചകൾ അന്യമാകുന്ന നമ്മുടെ കണ്ണുകൾക്ക് ഈ കാഴ്ചകൽ മനോഹരമായ വിരുന്നൊരുക്കുന്നു. 
ഐൻ ദർബാദ്, ഐൻ അസ്വം, ഐൻ തബ്‌റൂത്, ഐൻ ഹയൂത്ത്  തുടങ്ങിയ അരുവികൾ കണ്ണും മനസ്സും നിറച്ചാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്.  ചില ദിവസങ്ങളിൽ മൂടൽമഞ്ഞിനാൽ  പ്രകൃതി തന്നെ മനോഹര കാഴ്ചയൊരുക്കും.
ചേരമാൻ പെരുമാളിന്റെ ഖബറിടം സലാലയിലെ ഒരു തെങ്ങിൻ തോപ്പിലാണ് സ്ഥിതി ചെയ്യുന്നത്. പ്രവാചകൻ അയ്യൂബ് നബിയുടെ ഖബറിടവും സലാലയിലെ ഒരു മലമുകളിലുണ്ട്. 
അറബ് ഗ്രാമീണതയുടെയും കലകളുടെയും ഒരു വലിയ കാഴ്ച തന്നെ സഞ്ചാരികൾക്കായി സലാല ഒരുക്കിവെച്ചിട്ടുണ്ട്. മിർബാത്, മുഖ്‌സയിൽ ബീച്ച്, ഐൻ റസാത്, മാഗ്‌നെറ്റിക് പോയന്റ്, വാദിദർബാദ്, ജബൽ സംഹാൻ ,ജബൽ അയ്യൂബ്,പുരാതന നാഗരാവശിഷ്ടങ്ങളായ അൽ ബലീദ് മ്യുസിയം,പക്ഷിക്കൂട് എന്നറിയപ്പെടുന്ന താവി അത്തീർ, ബൗബാബ് വനം എന്നിവയല്ലാം സലാലയിൽ എത്തുന്ന സഞ്ചാരിയെ കാത്തിരിക്കുന്ന വിസ്മയങ്ങളാണ്. ഒരിക്കലെങ്കിലും സലാല സന്ദർശിച്ചാൽ ആ ഓർമകൾ വീണ്ടും വീണ്ടും നിങ്ങളെ സലാലയിലേക്ക് വലിച്ചടുപ്പിക്കും. അത്രയും വലിയൊരു കാന്തശക്തിയുണ്ട് സലാലക്ക്. ഗൃഹാതുരതകളിൽ മനസ്സ് പിടയുന്ന മലയാളിക്കുള്ള ഒമാന്റെ സമ്മാനമാണ് ഒമാൻ. കേരളത്തിൽ മലയാളി മറന്നുവെച്ചു പോന്നതെല്ലാം സലാലയിലുണ്ട്. ഇവിടെയെത്തുന്ന സഞ്ചാരികളെ ഒരിക്കലും നിരാശരാക്കാത്ത പ്രകൃതി യാത്രികർക്കായി പലതും കാത്തുവെക്കുന്നു.

Latest News