Sorry, you need to enable JavaScript to visit this website.

ചരിത്ര സ്മാരകങ്ങൾക്ക് മുന്നിൽ 

വടക്കാങ്ങരയിൽ നിന്നും വാഷിംഗ്ടണിലേക്ക്-2

ചെറി ബ്ലോസം ഫെസ്റ്റിവലിന്റെ  മായാത്ത കാഴ്ചകളും മനം മയക്കുന്ന ഓർമകളുമായി ഞങ്ങൾ പോയത് ജഫേഴ്‌സൻ മെമ്മോറിയലിലേക്കാണ്. വാഷിംഗ്ടൺ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിച്ചു കിടക്കുന്നുണ്ടെങ്കിലും ജഫേഴ്‌സൻ മെമ്മോറിയലിന് ചുറ്റുമാണ് ചെറി ബ്ലോസം കൂടുതലായും കണ്ടത്. ചെറി ബ്ലോസമും ജഫർസൺ മെമ്മോറിയലും പരസ്പരം ബന്ധപ്പെട്ടവയാണെന്ന് പലരും ധരിച്ചാൽ കുറ്റം പറയാനാവില്ല. 
അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റും സ്വതന്ത്ര പ്രഖ്യാപനത്തിന്റെ കർത്താവുമായ തോമസ് ജഫേഴ്‌സന്റെ ഓർമക്കായി 1943 ലാണ് ഈ സ്മാരകം പണി കഴിപ്പിച്ചത്.  ജഫേഴ്‌സന്റെ 19 അടി ഉയരമുളള പിച്ചളയിൽ തീർത്ത പ്രതിമ തന്നെയാണ് പ്രധാന കാഴ്ച. ചുമരിന്റെ വിവിധ ഭാഗങ്ങളിലായി സ്വാതന്ത്ര്യ പ്രഖ്യാപനവുമായി ജഫേഴ്‌സൻ നടത്തിയ പ്രസംഗത്തിലെ ഉദ്ധരണികൾ കൊത്തിവെച്ചിരിക്കുന്നു. കൂടാതെ പൗരാവകാശം, മതം, വിദ്യാഭ്യാസം, സ്വയംഭരണം തുടങ്ങി വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന ഉദ്ധരണികളും ചുമരുകളിലുണ്ട്.  രാഷ്ട്രനേതാക്കളും ചരി്ര്രതാന്വേഷികളും മാത്രമല്ല നിരവധി സന്ദർശകരും അദ്ദേഹത്തിന്റെ ചിന്താധാര കണ്ടെത്താനും വിശകലന വിധേയമാക്കി ആവശ്യമായവ ഉൾക്കൊള്ളാനും ഈ സ്മാരകം പ്രയോജനപ്പെടുത്താറുണ്ട്.
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു തോമസ് ജഫേഴ്‌സൺ എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. കരകൗശല വിദഗ്ധൻ, പ്രകൃതി സ്‌നേഹി, ശാസ്ത്രജ്ഞൻ, പുസ്തക പ്രേമി, എഴുത്തുകാരൻ, തത്വചിന്തകൻ, രാജ്യ തന്ത്രജ്ഞൻ തുടങ്ങി വിവിധ മേഖലകളിലാണ് അദ്ദേഹം വിലപ്പെട്ട സംഭാവനകളർപ്പിച്ചത്. വെർജീനിയ ഗവർണർ, സ്റ്റേറ്റ് സെക്രട്ടറി, ജോർജ് വാഷിംഗ്ടൺ ഭരണകാലത്ത്  ഫ്രാൻസിലെ അംബാസഡർ,  പ്രസിഡണ്ട് ജോൺ ആഡംസിന്റെ വൈസ് പ്രസിഡണ്ട് എന്നീ പദവികൾ അലങ്കരിച്ച ശേഷം അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായി ചുമതലയേറ്റ അദ്ദേഹം രണ്ട് ടേമുകളിൽ ആ പദവി നിലനിർത്തി. വെർജീനിയ സർവകലാശാലയുടെ ശിൽപി എന്ന നിലയിലും തോമസ് ജഫേഴ്‌സൺ അറിയപ്പെടുന്നു.
1933 ൽ ഫ്രാങ്കഌൻ റൂസ്‌വെൽറ്റ് അമേരിക്കയുടെ മുപ്പത്തി രണ്ടാമത് പ്രസിഡന്റായി ചുമതലയേറ്റ ശേഷമാണ് തോമസ് ജഫേഴ്‌സന് സ്മാരകം പണിയണമെന്നാലോചിച്ചത്. സാധാരണ ഗതിയിൽ അമേരിക്കയിലെ പ്രധാനപ്പെട്ട നിർമാണങ്ങളുടെ ഡിസൈൻ തെരഞ്ഞെടുക്കുന്നത് ബന്ധപ്പെട്ട മേഖലയിൽ നടത്തുന്ന മൽസരത്തിലൂടെയാണ്. 
എന്നാൽ  ജഫേഴ്‌സൻ മെമ്മോറിയൽ രൂപകൽപന പ്രശസ്തനായ ജോൺ റസ്സൽ പോപ്പിനെ ഏൽപിക്കുകയായിരുന്നു. നാഷണൽ ആർക്കൈവ്‌സ് ബിൽഡിംഗ്, നാഷണൽ ഗാലറി ഓഫ് ആർട്‌സിന്റെ വെസ്റ്റ് ബിൽഡിംഗ് എന്നിവയുടെ രൂപകൽപന ചെയ്തതിന്റെ  പിൻബലത്തിലാണ് അമേരിക്കയുടെ ശരിയായ നവോത്ഥാന ശിൽപികളുടെ നേതാവായ തോമസ് ജഫേഴ്‌സന് സ്മാരകം രൂപകൽപന ചെയ്യാൻ ഏൽപിച്ചത്.  1937 ൽ പോപ്പിന്റെ മരണാനന്തരം ഒട്ടോ എഗ്ഗോസ്, ഡാനിയൽ ഹിഗ്ഗിൻസ് എന്നിവരാണ് ഈ പ്രോജക്ട് പൂർത്തീകരിച്ചത്. 
1938 നവംബറിലാണ് സ്മാരകത്തിന്റെ പണി തുടങ്ങിയത്. അതേ വർഷം ഡിസംബർ 15 ന് പ്രസിഡന്റ് റൂസ്‌വെൽട്ട് സ്മാരകത്തിന്റെ തറ കീറൽ ചടങ്ങിന് അധ്യക്ഷത വഹിച്ചു. ലിങ്കൺ മെമ്മോറിയൽ, ആർളിംഗ്ടൺ മെമ്മോറിയൽ ബ്രിഡ്ജ് എന്നിവയുടെ തറ കീറുന്നതിന് ഉപയോഗിച്ച അതേ ഉപകരണങ്ങളാണ് ഇവിടെ ഉപയോഗിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. 
1939 നവംബർ 15 ന് പ്രസിഡന്റ് റൂസ്‌വെൽട്ടിന്റെ സാന്നിധ്യത്തിലാണ് സ്മാരകത്തിന്റെ മൂലക്കല്ല് സ്ഥാപിച്ചത്. ഈ കല്ലിൽ ഡിക്ലറേഷൻ ഓഫ് ഇൻഡിപെൻഡൻസ്, അമേരിക്കൻ ഭരണഘടന, ജഫേഴ്‌സൺ എഴുതിയ യേശുവിന്റെ ജീവിതവും പാഠങ്ങളും, പോൾ ഫോർഡ് എഡിറ്റ് ചെയ്ത തോമസ് ജഫേഴ്‌സന്റെ ലിഖിതങ്ങൾ (പത്തു വാല്യങ്ങൾ) തോമസ് ജഫേഴ്‌സൺ മെമ്മോറിയൽ കമ്മീഷന്റെ വാർഷിക റിപ്പോർട്ട്, റൂസ്‌വെൽട്ടിന്റേയും സ്മാരക കമ്മിറ്റി അംഗങ്ങളുടേയും ഒപ്പുകൾ, ആ കാലത്തെ പ്രശസ്തമായ നാല് അമേരിക്കൻ പത്രങ്ങളായ വാഷിംഗ്ടൺ പോസ്റ്റ്, വാഷിംഗ്ടൺ ഈവനിംഗ് സ്റ്റാർ, വാഷിംഗ്ടൺ ടൈംസ് ഹെറാൾഡ്, വാഷിംഗ്ടൺ ഡെയ്‌ലി ന്യൂസ് എന്നിവയുടെ പ്രതികളും ഉൾക്കൊള്ളുന്നു. 


വാഷിംഗ്ടൺ മോണ്യുമെന്റ് രാജ്യത്തിന് സമർപ്പിച്ച് 58 വർഷം കഴിഞ്ഞ് 1943 ഏപ്രിൽ 13 നാണ് 31,92,312 ഡോളർ ചെലവിൽ പണി തീർത്ത ജഫേഴ്‌സൺ മെമ്മോറിയൽ പൊട്ടോമാക് പാർക്കിൽ സ്ഥാപിച്ചത്. റോം, ഇറ്റലി എന്നിവിടങ്ങളിലെ വിശ്വദേവാലയത്തിന്റെ മാതൃകയിലാണ് ഈ സ്മാരകം  പണി കഴിപ്പിച്ചിരിക്കുന്നത്.  ജഫേഴ്‌സന്റെ  പ്രതിമ പ്ലാസ്റ്ററിൽ നിർമിച്ച് പിച്ചള പെയിന്റടിച്ചാണ് തുടക്കത്തിൽ സ്ഥാപിച്ചത്. രണ്ടാം ലോക മഹായുദ്ധകാലത്ത് പിച്ചളയുടെ ലഭ്യത കുറവ് കാരണമാണ് അങ്ങനെ ചെയ്തത്. 1947  ഏപ്രിൽ 22 ന് പൂർണമായും പിച്ചളയിൽ തീർത്ത പ്രതിമ സ്ഥാപിച്ചു.  
ജഫേഴ്‌സന്റെ ശിൽപ ചാതുരിയും താൽപര്യങ്ങളും പരിഗണിച്ചാണ് റസ്സൽ പോപ്പ് അദ്ദേഹത്തിന്റെ സ്മരാകം രൂപകൽപന ചെയ്തതെന്നാണ് പറയപ്പെടുന്നത്.  തന്റെ എൺപത്തി മൂന്നാമത്തെ  വയസ്സിൽ 1826 ലാണ് ജഫേഴ്‌സൺ ഈ ലോകത്തോട് വിട പറഞ്ഞത്. അമേരിക്കയുടെ രണ്ടാമത്തെ പ്രസിഡന്റായിരുന്ന ജോൺ ആഡംസും അതേ ദിവസം തന്നെയാണ് മരിച്ചത്. 
വാഷിംഗ്ടൺ സന്ദർശനത്തിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് ലൈബ്രറി ഓഫ്  കോൺഗ്രസ്. അമേരിക്കൻ കോൺഗ്രസിന്റെ ഒരു ഗവേഷക ലൈബ്രറിയും അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴക്കം ചെന്ന ഒരു ഫെഡറൽ സാംസ്‌കാരിക സ്ഥാപനവുമാണ് ലൈബ്രറി ഓഫ് കോൺഗ്രസ്. വാഷിംഗ്ടൺ ഡി.സിയിലെ മൂന്ന് വ്യത്യസ്ത സമുച്ചയങ്ങളിലായി നിലകൊള്ളുന്ന ഈ ഗ്രന്ഥാലയം ലോകത്തിലെ ഏറ്റവും വലിയ പുസ്തക ശേഖരമുള്ള ലൈബ്രറിയാണ്. ലൈബ്രറി ഓഫ് കോൺഗ്രസിന്റെ തലവൻ ലൈബ്രേറിയൻ ഓഫ് കോൺഗ്രസ് എന്ന് അറിയപ്പെടുന്നു. 
ഏതാരു സമൂഹത്തിന്റേയും വളർച്ചാ വികാസത്തിൽ ഗ്രന്ഥാലയങ്ങളുടെ പങ്ക് വലുതാണ്. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച ഉടനെ തന്നെ അമേരിക്കൻ കോൺഗ്രസ് വിശാലമായ ഒരു ഗ്രന്ഥാലയത്തെക്കുറിച്ച് ആലോചിച്ചതും ഈയടിസ്ഥാനത്തിലാണ്. രാഷ്ടീയമെന്നത് ചരിത്രവും കാലിക വിജ്ഞാനങ്ങളും സമന്വയിപ്പിച്ച് മുന്നോട്ടു കൊണ്ടുപോവേണ്ട ഉത്തരവാദിത്തമാണെന്ന തിരിച്ചറിവാണ് ഇത്തരമൊരു സംരംഭത്തിന് അമേരിക്കൻ കോൺഗ്രസിനെ പ്രേരിപ്പിച്ചത്.   
470 ഭാഷകളിലായി 32 മില്യൺ വർഗീകരിക്കപ്പെട്ട  പുസ്തകങ്ങളും മറ്റു പ്രിന്റ് വസ്തുക്കളുമുണ്ട് ലൈബ്രറി ഓഫ് കോൺഗ്രസിൽ. 61 മില്യണിലധികമുള്ള കൈയെഴുത്തു പ്രതികൾ, ഗുട്ടൻബർഗ് ബൈബിൾ,'സ്വാതന്ത്ര്യ പ്രഖ്യാപന'ത്തിന്റെ ഡ്രാഫ്റ്റ് എന്നിവയടക്കം ഉത്തര അമേരിക്കയിലെ ഏറ്റവും വലിയ അപൂർവ പുസ്തക ശേഖരമാണ് ഈ ഗ്രന്ഥാലയത്തിനുള്ളത് അമേരിക്കൻ സർക്കാരിന്റെ ഒരു മില്യണിലധികം വരുന്ന പ്രസിദ്ധീകരണങ്ങൾ, കഴിഞ്ഞ മൂന്നു നൂറ്റാണ്ടിലെ ലോകത്തിലെ വർത്തമാന പത്രങ്ങളുടെ ഒരു മില്യൺ പ്രതികൾ, ബൈൻഡ് ചെയ്ത വർത്തമാന പത്രങ്ങളുടെ 33,000 വാള്യങ്ങൾ, അഞ്ചു ലക്ഷം മൈക്രോഫിലിം റീലുകൾ, 6000 ലധികം തലക്കെട്ടുകളുള്ള കോമിക് പുസ്തകങ്ങൾ, ലോകത്തിലെ ഏറ്റവും വലിയ നിയമ ഉറവിടങ്ങളുടെ ശേഖരങ്ങൾ, ചലച്ചിത്രങ്ങൾ, 4.8 മിലൺ ഭൂപടങ്ങൾ, സംഗീതത്തിന്റെ അച്ചടി രൂപങ്ങൾ, 2.7 മില്യൺ ശബ്ദശേഖരങ്ങൾ, 13.7 മില്യണിലധികം വരുന്ന ചിത്രങ്ങൾ തുടങ്ങി ഒരു വൻ കലവറയാണ് ലൈബ്രറി ഓഫ് കോൺഗ്രസിനുള്ളത്
ലോകത്തിന്റെ ഏറ്റവും വലിയ ഗ്രന്ഥാലയമായി ലൈബ്രറി ഓഫ് കോൺഗ്രസിനെ ഗിന്നസ് വേൾഡ് റെക്കോർഡ്‌സ് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ശേഖരങ്ങൾ ഉൾക്കൊള്ളുന്ന അലമാരികളുടെ ഇടം പരിഗണിച്ചുകൊണ്ടാണിത്. 530 മൈലുകൾ (850 കി.മീ) ഉൾക്കൊള്ളുന്നതാണ് ലൈബ്രറി കോൺഗ്രസിന്റെ ശേഖരം എന്ന് ഈ സ്ഥാപനം അവകാശപ്പെടുന്നു. എന്നാൽ ബ്രിട്ടീഷ് ലൈബ്രറിയുടേത് 388 മൈലുകളാണ് (625 കി.മീ). ബ്രിട്ടീഷ് ലൈബ്രറിയുടേത് 150 മില്യൺ ഇനങ്ങളും 25 മില്യൺ പുസ്തകളുമാണുമാണെങ്കിൽ ലൈബ്രറി ഓഫ് കോൺഗ്രസിൽ 130 മില്യൺ ഇനങ്ങളും 29 മില്യൺ പുസ്തകങ്ങളുമാണ് ഉൾക്കൊള്ളുന്നത്.
വസന്തത്തിന്റെ മനോഹരമായ ദൃശ്യഭംഗിയും കുളിരുള്ള കാലാവസ്ഥയും സന്ദർശനത്തിന് മാറ്റു കൂട്ടുമ്പോൾ സമയം പോകുന്നതറിയില്ല. 
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്റർനാഷണൽ പീസ് കൗൺസിലിന്റെ മെജസ്റ്റിക് ഗ്രാന്റ് അച്ചീവേഴ്‌സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് ഞാൻ വാഷിംഗ്ടണിലെത്തിയത്. 
സമാധാനപരമായ സഹവർത്തിത്വം കാലഘട്ടത്തിന്റെ അനിവാര്യത എന്ന വിഷയത്തിൽ പ്രമേയമവതരിപ്പിച്ച് സംസാരിച്ചപ്പോൾ കിഴക്കും പടിഞ്ഞാറുമുൾക്കൊള്ളുന്ന എല്ലാ ലോക രാജ്യങ്ങളും മത സംഹിതകളും ഉദ്‌ഘോഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന സമാധാന ശ്രമങ്ങൾക്ക് ഗവൺമെന്റേതര സംഘടനകൾക്ക് ശക്തി പകരാനാകുമെന്ന നിലപാടാണ് അടിവരയിട്ടത്. സങ്കുചിതമായ താൽപര്യങ്ങളും പണക്കൊതിയും ഈ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിന് വെല്ലുവിളിയാവാതിരിക്കുവാൻ എല്ലാ ജനങ്ങളും ജാഗ്രത്തായി നിലകൊള്ളണമെന്നാണ് സമ്മേളനം അടയാളപ്പെടുത്തിയത്. വിവിധ ലോക രാജ്യങ്ങളെ പ്രതിനിധീകരിച്ച് പതിനഞ്ചോളം പ്രസംഗകരാണ് സംസാരിച്ചത്. 
മരിയറ്റ് മർക്യൂസ് ഹോട്ടലിലെ കത്തോലിക് യൂനിവേഴ്‌സിറ്റി ഹാളിലെ നിറഞ്ഞ സദസ്സ് ലോക സമാധാനത്തിന്റെ സമകാലിക പ്രസക്തി ബോധ്യപ്പെടുത്തുന്നതായിരുന്നു.  
(തുടരും) 

Latest News