ന്യൂദൽഹി- പാർലമെന്റിൽ പച്ചക്കള്ളം പറഞ്ഞ് ആഭ്യന്തരമന്ത്രി അമിത് ഷാ. നാഷണൽ കോൺഫ്രൻസ് തോവും പാർലമെന്റ് അംഗവുമായ ഫാറൂഖ് അബ്ദുല്ല അറസ്റ്റിലോ വീട്ടുതടങ്കലില്ലോ അല്ലെന്നായിരുന്നു അമിത് ഷാ പാർലമെന്റിൽ പറഞ്ഞത്. എന്നാൽ, താൻ വീട്ടുതടങ്കലിലാണെന്നും ആഭ്യന്തര മന്ത്രി ഇങ്ങിനെ കള്ളം പറയുന്നതിൽ സങ്കടമുണ്ടെന്നും ഫാറൂഖ് അബ്ദുല്ല പ്രതികരിച്ചു. എന്റെ നാട് എരിയുമ്പോഴും ജനങ്ങൾ ദുരിതത്തിലാകുമ്പോഴും ഞാനെങ്ങിനെയാണ് വീട്ടിനകത്ത് തന്നെ ഇരിക്കുന്നത്. ഞാൻ വിശ്വസിക്കുന്ന ഇന്ത്യ ഇങ്ങിനെയല്ല. ഞാൻ വീട്ടുതടങ്കലില്ലെന്ന് ആഭ്യന്തരമന്ത്രി പറയുമ്പോൾ തന്നെ തടയാൻ ആരാണ് നിങ്ങളെ ചുമതലപ്പെടുത്തിയത് എന്ന് ഞാൻ സുരക്ഷ ഉദ്യോഗസ്ഥരോട് ചോദിച്ചു. ഇതിന്റെ പേരിൽ ഇനി എത്ര സുരക്ഷ ഉദ്യോഗസ്ഥരെ തടയുമെന്ന് അറിയില്ലെന്നും ഫാറൂഖ് അബ്ദുല്ല പറഞ്ഞു.






