19 കാരനെ മുത്തശി പിന്തിരിപ്പിച്ചു, യു എസിൽ ഹോട്ടലിൽ പദ്ധതിയിട്ട വൻ ആക്രമണം ഒഴിവായി

വാഷിംഗ്‌ടൺ- വെടിവെപ്പ് ആക്രമണങ്ങൾ വ്യാപകമായ അമേരിക്കയിൽ മുത്തശ്ശിയുടെ ഇടപെടൽ ഹോട്ടലിൽ നടത്താൻ പദ്ധതിയിട്ട വൻ വെടിവെപ്പ് ആക്രമണം ഒഴിവാക്കി. ഹോട്ടലിൽ ആക്രമണം നടത്താൻ പദ്ധതിയിട്ട പത്തൊൻപതു കാരനെ സമയോചിതമായി മുത്തശ്ശി പിന്തിരിപ്പിച്ചതോടെയാണ് വൻ ആക്രമണം ഒഴിവായത്. ഹോട്ടലിൽ എ കെ 47 തോക്കുമായി കയറികൂടിയ പത്തൊൻപത് കാരനെയാണ് മുത്തശ്ശി അതിവിദഗ്‌ധമായി പിന്തിരിപ്പിച്ചു പോലീസിൽ ഏൽപ്പിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 13 നാണു സംഭവം.  രണ്ടു ദിവസം മുൻപ് ഹോട്ടൽ റൂമിലെത്തിച്ച എ കെ 47 തോക്കുപയോഗിച്ച് കൂട്ട വെടിവെപ്പ് നടത്തി ആത്മഹത്യ ചെയ്യാനായിരുന്നു 19 കാരനായ വില്യം പാട്രിക് വില്യംസ് പദ്ധതിയിട്ടിരുന്നത്. എന്നാൽ, സംഭവം കേട്ട മുത്തശ്ശി യുവാവിനെ തന്ത്രപരമായി പിന്തിരിപ്പിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. 
            തുടർന്നു ആശുപത്രിയിൽ കുറച്ച് ദിവസത്തെ ചികിത്സക്ക് ശേഷം യുവാവ് താൻ താമസിച്ച ഹോട്ടലിന്റെ അഡ്രസും റൂമും സംബന്ധിച്ച് പൊലീസിന് വിവരം നൽകുകയും ഒളിപ്പിച്ച് വെച്ച ആയുധങ്ങൾ കാണിച്ച് കൊടുക്കുകയും ചെയ്‌തു. തിരകൾ നിറച്ച തോക്ക്, കറുത്ത കോട്ട്, കറുത്ത പാന്റ്, കറുത്ത ടി ഷർട്ട്, വിരലടയാളം പതിയാത്ത ഗ്ലൗസുകൾ എന്നിവ പോലീസ് ഇവിടെ നിന്നും കണ്ടെടുത്തു. മറ്റൊരു വലിയ ദുരന്തത്തിൽ നിന്നാണ് രക്ഷപ്പെട്ടതെന്ന് യു എസ് അറ്റോർണി എറിൻ നിയലി പറഞ്ഞു. നിലവിൽ യാതൊരു കേസുകളോ മറ്റോ ഇല്ലാത്തയാളായിരുന്നു വില്യംസ്. സമീപ കാലത്ത് അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള ആക്രമണം വ്യാപകമായത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.  ഇക്കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ രണ്ടു വലിയ ആക്രമണങ്ങൾക്കാണ് അമേരിക്ക സാക്ഷ്യം വഹിച്ചത്. അമേരിക്കയില്‍ സ്‌കൂള്‍ കുട്ടികളും യുവാക്കളും ഉള്‍പ്പെടെയുള്ളവര്‍ തോക്കുകള്‍ ഉപയോഗിച്ച് ആളുകളെ വെടിവച്ചു കൊലപ്പെടുത്തുന്ന സാഹചര്യത്തില്‍ കര്‍ശനമായി തോക്കു നിയന്ത്രണം കൊണ്ടുവരുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്  വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ടെക്‌സാസിലും ഓഹിയോയിലും ഉണ്ടായ വെടിവയ്പില്‍ 29 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്താന്‍ കാരണം.

Latest News