ഹൈദരാബാദ്- ഭാര്യക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഭാര്യയേയും രണ്ടു മക്കളെയും യുവാവ് കൊലപ്പെടുത്തി. കൊല്ലപ്പെട്ട മകൻ ആദ്യ ഭാര്യയുടെ ആദ്യ വിവാഹത്തിലുള്ളതാണ്. തെലങ്കാനയിലെ വികാരാബാദിലാണ് 32 കാരൻ കൊലപാതകം നടത്തിയത്. സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവ് തന്റെ ഭാര്യയേയും അഞ്ചു വയസുകാരി മകളെയും അടിച്ചു കൊല്ലുകയും പിന്നീട് 9 വയസുകാരനെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു. കൊലപാതകത്തിന് ശേഷം പ്രതി പോലീസിൽ കീഴടങ്ങി. യുവതിയുടെ രണ്ടാം വിവാഹമാണ് യുവാവുമായി നടന്നത്. പിന്നീട് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് യുവാവിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. മൊബൈലിൽ ചില മെസേജുകൾ കണ്ടതോടെയാണ് യുവാവ് സംശയം പ്രകടിപ്പിച്ചു തുടങ്ങിയത്. ഇതേ തുടർന്നു മദ്യപിച്ചെത്തി യുവതിയുമായി യുവാവ് തർക്കത്തിലേർപ്പെടുകയായിരുന്നു. ഞായറാഴ്ച്ച രാത്രി വീണ്ടും ഇതേ കുറിച്ച് തർക്കം മുറുകുകയും യുവതിയെയും മക്കളെയും കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ആത്മഹത്യക്കു ശ്രമിച്ചെങ്കിലും പിന്നീട് ശ്രമം ഉപേക്ഷിച്ച് പോലീസിൽ കീഴടങ്ങുകയായിരുന്നു.