ജനങ്ങളേയും പാര്‍ട്ടികളേയും കബളിപ്പിച്ച നീക്കം; കശ്മീര്‍ ഒരുക്കത്തിന്റെ നാള്‍വഴി

ന്യൂദല്‍ഹി- കശ്മീരിന്റെ  പ്രത്യേക പദവി നീക്കം ചെയ്യാന്‍ ഒരുങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഒരാഴ്ചയായി ജനങ്ങളേയും പാര്‍ട്ടികളേയും കബളിപ്പിക്കുന്ന നീക്കങ്ങളാണ് നടത്തിയത്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ ഉണ്ടെന്നും ഏതും നിമിഷവും പാക്കിസ്ഥാനില്‍നിന്നുള്ള ഭീകരരുടെ ആക്രമണം ഉണ്ടാകുമെന്നുമാണ് താഴ്‌വരയിലെ അസാധാരണ സൈനിക നീക്കത്തിനും യാത്രാ വിലക്കിനും ന്യായീകരണമായി പറഞ്ഞിരുന്നത്. 370 ാം വകുപ്പും 35 എയും നീക്കം ചെയ്യാന്‍ ഒരുങ്ങുന്നുവെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ തള്ളിക്കളഞ്ഞിരുന്നു. ഇങ്ങനെയൊരു നീക്കമില്ലെന്നാണ് തന്നെ സന്ദര്‍ശിച്ച കശ്മീരിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് ഗവര്‍ണര്‍ പറഞ്ഞിരുന്നു.
കശ്മീര്‍ ഒരുക്കത്തിന്റെ നാള്‍വഴി
 ജൂലൈ 27
കേന്ദ്ര സര്‍ക്കാര്‍ പതിനായിരം അര്‍ധ സൈനിക വിഭാഗത്തെ ജമ്മു കശ്മീരില്‍ വിന്യസിക്കുന്നു.
ഓഗസ്റ്റ് ഒന്ന്
അധികമായി 28,000 സൈനികരെ കൂടി വിന്യസിക്കുന്നു. കശ്മീര്‍ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പ്രധാനമന്ത്രി മോഡിയുമായി കൂടിക്കാഴ്ച നടത്തി.
ഓഗസ്റ്റ് 2
അമര്‍നാഥ് യാത്രാ വീഥിയില്‍നിന്ന് പാക്കിസ്ഥാനില്‍ നിര്‍മിച്ച മൈന്‍ കണ്ടെടുക്കുന്നു. അമര്‍നാഥ് യാത്ര റദ്ദാക്കി. വിനോദ സഞ്ചാരികളോട് സംസ്ഥാനം വിടാന്‍ ആവശ്യപ്പെട്ടു. സംസ്ഥാന നേതാക്കള്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മല്ലിക്കുമായി കൂടിക്കാഴ്ച നടത്തി.
ഓഗസ്റ്റ് 3
43 ദിവസം ദൈര്‍ഘ്യമുള്ള മച്ചൈല്‍ മാത യാത്ര റദ്ദാക്കി. ഉമര്‍ അബ്ദുല്ല ജമ്മു കശ്്മീര്‍ ഗവര്‍ണറെ കണ്ടു. 6200 വിനോദ സഞ്ചാരികളെ താഴ്‌വരയില്‍ നിന്നു തിരിച്ചയച്ചു. ജൂലൈ 31 ന് പാക്കിസ്ഥാന്‍ അതിര്‍ത്തി സേന നടത്തിയ ആക്രമണത്തെ ഇന്ത്യന്‍ സൈന്യം പരാജയപ്പെടുത്തി എന്ന് പ്രതിരോധ വക്താവ് വെളിപ്പെടുത്തി
 ഓഗസ്റ്റ് 4
കൊല്ലപ്പെട്ട സൈനികരുടെ മൃതദേഹം എടുത്തുകൊണ്ടു പോകാന്‍ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ഇര്‍ഫാന്‍ പത്താന്‍ ഉള്‍പ്പെടെ ക്രിക്കറ്റ് താരങ്ങളോട് ജമ്മു കശ്മീര്‍ വിടാന്‍ നിര്‍ദേശം. ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, സജ്ജാദ് ലോണ്‍ എന്നിവരെ വീട്ടു തടങ്കലിലാക്കി. ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങള്‍ നിര്‍ത്തലാക്കി. 144 പ്രഖ്യാപിച്ചു.
ഓഗസ്റ്റ് 5
ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കിയിരുന്ന 370 ാം അനുഛേദം എടുത്തു കളഞ്ഞു. ജമ്മു കശ്മീര്‍ നിയമസഭയുള്ള കേന്ദ്ര ഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമായി. രാജ്യസഭയില്‍ ഇതു സംബന്ധിച്ച ബില്ല് പാസായി.

 

Latest News