Sorry, you need to enable JavaScript to visit this website.

അന്നും ഇന്നും നെഹ്‌റുവിന് പഴി; വിദ്വേഷത്തിലൂടെ ധ്രുവീകരണം

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ പ്രധാനമന്ത്രി മോഡിക്കെതിരെ മുദ്രവാക്യം മുഴക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ലോ ഫോറം പ്രവര്‍ത്തകര്‍

ന്യൂദല്‍ഹി- ബി.ജെ.പിയെ കേന്ദ്ര ഭരണത്തിലെത്തിച്ച വര്‍ഗീയ ധ്രുവീകരണത്തില്‍ ജമ്മു കശ്മീര്‍ എപ്പോഴും മുഖ്യ വിഷയമായിരുന്നു. ഒരൊറ്റ ജനത, ഒരൊറ്റ രാജ്യം എന്ന മുദ്രാവാക്യമാണ് മുഴക്കിയതെങ്കിലും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ഹിന്ദുത്വ ഏകീകരണത്തിനാണ് കശ്മീര്‍ വിഷയം ബി.ജെ.പിയും സംഘ്പരിവാറും ഉപയോഗിച്ചത്.
നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള ഒന്നാം എന്‍.ഡി.എ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പും ശേഷവും  ഭരണഘടന അനുഛേദം 370 നെ സംബന്ധിച്ചുള്ള വാദങ്ങള്‍ ബി.ജെ.പി ശക്തമാക്കിയിരുന്നു. ഈ അനുഛേദത്തിന്റെ അന്തഃസത്ത  ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതക്കും വെല്ലുവിളി ഉയര്‍ത്തുന്നു എന്നായിരുന്നു പ്രധാന വാദം.
ഇന്ത്യയുടെ അവിഭാജ്യ ഘടകമായ കശ്മീരിന് പണ്ടു മുതല്‍ തന്നെ ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകവുമായി ബന്ധമുണ്ടെന്നും കശ്യപ മഹര്‍ഷിയാല്‍ സൃഷ്ടിക്കപ്പെട്ടതാണ് കശ്മീരെന്നുമുള്ള പ്രചാരണത്തില്‍ ഊന്നല്‍ നല്‍കി.  നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളും വിദ്യാപീഠങ്ങളും പണ്ഡിതന്മാരും താപസ വര്യന്മാരും ഉണ്ടായിരുന്ന പുണ്യഭൂമി രാജ്യദ്രോഹികളുടെയും വിഘടനവാദികളുടെയും കേന്ദ്രമായെന്ന് പ്രചരിപ്പിച്ചു. ഇന്ത്യ സ്വതന്ത്രമായതിനു ശേഷം 565 ല്‍ അധികം നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂനിയനില്‍ ലയിപ്പിച്ചപ്പോള്‍ കശ്മീര്‍ കാര്യം നെഹ്‌റു നേരിട്ടു കൈകാര്യം ചെയ്തതിന്റെ ഫലമായാണ് ഇന്ത്യക്ക് തീരാവേദനയായി മാറിയതെന്നും കുറ്റപ്പെടുത്തി.  നെഹ്‌റു എടുത്ത ദീര്‍ഘവീക്ഷണമില്ലാത്ത നിലപാടുകളാണ് ദുരന്തമായതെന്നും അന്നും ഇന്നും ബി.ജെ.പി ആരോപിക്കുന്നു.
സൈനിക ക്യാമ്പുകളും നാഷണല്‍ ഹൈവേകളും മാത്രമാണ് കേന്ദ്ര സര്‍ക്കാരിനുള്ളത്, കശ്മീര്‍ താഴ്‌വരയില്‍ നിയമപാലനം നിയന്ത്രിക്കുന്നത് ഭീകരവാദികളാണ്,  നെഹ്‌റുവിന്റെയും രാജീവ് ഗാന്ധിയുടെയും മുന്‍ തലമുറക്കാരായ കശ്മീരി പണ്ഡിറ്റുകളില്‍ ഒരാള്‍ പോലും അവിടെ അവശേഷിക്കുന്നില്ല,
കശ്മീരില്‍ തുല്യനീതി ലംഘിക്കപ്പെടുന്നു, രണ്ടു തരം പൗരത്വമാണ് നിലനില്‍ക്കുന്നത്, കശ്മീരികള്‍ ഇന്ത്യന്‍ പൗരന്മാരാണെങ്കിലും മറ്റു ഇന്ത്യക്കാര്‍ കശ്മീരി പൗരന്മാരല്ല, കശ്മീരികള്‍ക്ക് ഇന്ത്യയില്‍ എവിടെ വേണമെങ്കിലും പോയി വസ്തു വാങ്ങുന്നതിനോ, വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനോ തടസ്സമില്ല. എന്നാല്‍ മറ്റു സംസ്ഥാനക്കാര്‍ക്ക് കശ്മീരില്‍ ഇത് സാധ്യമല്ല,  ദേശീയ പതാക കത്തിക്കുന്നത്  മറ്റു സംസ്ഥാനങ്ങളില്‍ കുറ്റകരമാണെങ്കില്‍ കശ്മീരില്‍ കുറ്റമല്ല, ഇന്ത്യയില്‍ എവിടെയും മതസ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് കുറ്റകരമെങ്കില്‍ കശ്മീരില്‍ അത് കുറ്റകരമല്ല തുടങ്ങിയ വാദങ്ങളാണ് വിദ്വേഷ പ്രചാരണത്തിനായി സംഘ് പരിവാര്‍ ഉപയോഗിച്ചിരുന്നത്.

 

Latest News