വടക്കഞ്ചേരി- പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഹയർ സെക്കന്ററിയിൽ പഠിക്കുന്ന വിദ്യാർഥിനികളെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് കിഴക്കഞ്ചേരി ഇളവം പാടം തച്ചക്കോട് വിനോദിനെയാണ് (27) വടക്കഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ കിഴക്കഞ്ചേരി ഇളവം പാടം തച്ചക്കോട് രതീഷ് (33), ഇളവംപാടം ചെറുകുന്നം മുഴിവിളയിൽ വീട്ടിൽ ജിറ്റോ പീറ്റർ (29) എന്നിവർ നേരത്തെ അറസ്റ്റിലായിരുന്നു. രതീഷിനും ജിറ്റോ പീറ്ററിനും പീഡനത്തിനുള്ള സൗകര്യം ചെയ്ത് കൊടുത്തതിനാണ് വിനോദ് അറസ്റ്റിലായത്. എന്നാൽ ഇയാൾക്ക് പീഡനത്തിൽ പങ്കില്ലെന്ന് ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യ പറഞ്ഞു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ രതീഷ് വാടകക്ക് താമസിക്കുന്ന അഞ്ചുമൂർത്തി മംഗലം മൂച്ചിത്തൊടിയിലെ വീട്ടിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടികളെ ഇവിടെ എത്തിച്ചത് വിനോദായിരുന്നു. സംഭവത്തിന് ശേഷം നാട്ടുകാരുടെ മർദനത്തിനിരയായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന രതീഷിനെയും ജിറ്റോയേയും പോലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. ആലത്തൂർ ഒന്നാം ക്ലാസ്സ് ജുഡീഷ്യൽ കോടതിയിൽ ഹാജറാക്കിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
പെൺകുട്ടികളിൽ ഒരാൾ പട്ടികജാതി വിഭാഗത്തിൽപ്പെട്ടതാണ്. ആലത്തൂർ ഡിവൈ.എസ്.പി കെ.എം.ദേവസ്യയുടെയും വടക്കഞ്ചേരി സി.ഐ ബി.സന്തോഷിന്റെയും നേതൃത്വത്തിൽ സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.