കോഴിക്കോട് - പാചകവാതകം വീടുകളിൽ എത്തിക്കുന്ന വിതരണത്തൊഴിലാളികൾ അമിതകൂലി ഉപഭോക്താക്കളിൽ നിന്ന് ഈടാക്കിയാൽ ശക്തമായ നടപടി സ്വീകരിക്കും. ഡെപ്യൂട്ടി കലക്ടർ സി. ബിജുവിന്റെ അധ്യക്ഷയിൽ താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന പാചകവാതക അദാലത്തിലാണ് തീരുമാനം. ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ഗ്യാസ് വിതരണം ചെയ്യുന്നവർ അമിത ചാർജ് ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ് ഇത്.
പാചകവാതക സിലിണ്ടർ കൃത്യമായി വിതരണം ചെയ്യാതിരിക്കുക, അമിത ചാർജ് ഈടാക്കൽ, വീടുകളിൽ എത്തിച്ചു കൊടുക്കാതിരിക്കുക, അനുവാദമില്ലാതെ ഏജൻസി മാറ്റൽ തുടങ്ങി നിരവധി പരാതികളാണ് ഉപഭോക്താക്കളുടെ ഭാഗത്തു നിന്ന് അദാലത്തിൽ ലഭിച്ചത്. പ്രധാനമന്ത്രി ഉജ്ജ്വൽ യോജന പ്രകാരം സൗജന്യ പാചകവാതക കണക്ഷന് അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്ന തലക്കുളത്തൂർ വില്ലേജിലെ സരസു, മടവൂർ വില്ലേജിലെ മണപ്പാട്ടിൽ മോളി എന്നിവർക്ക് രണ്ടാഴ്ചക്കകം കണക്ഷൻ നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. അദാലത്തിൽ ലഭിച്ച പത്ത് പരാതികളും പരിഹരിച്ചു.
സുരക്ഷയുമായി ബന്ധപ്പെട്ട് നിയമാനുസൃതമായ പ്രവർത്തനങ്ങൾ ഏജൻസികൾ ചെയ്യേണ്ടതാണ്. രണ്ട് വർഷം കൂടുമ്പോൾ വീടുകളിൽ പരിശോധന നടത്തണം. കമ്പനികളും പ്രാദേശിക ഏജൻസികളും ജനങ്ങൾക്കിടയിൽ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. പാചകവാതകം നിർബന്ധമായും വീടുകളിൽ എത്തിച്ചു നൽകണമെന്ന് അദാലത്തിൽ നിർദേശിച്ചു. പാചകവാതക കമ്പനികളുടെ പോർട്ടലുകളിൽ ക്വിക്ക് പെയ്‌മെന്റ് സംവിധാനത്തിലൂടെ ഓൺലൈൻ വഴി ഉപഭോക്താക്കൾക്ക് തുക അടക്കാൻ സാധിക്കും ഈ സംവിധാനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഡെപ്യൂട്ടി കലക്ടർ പറഞ്ഞു.
ജില്ലാ സപ്ലൈ ഓഫീസർ റഷീദ് മുത്തുക്കണ്ടി, താലൂക്ക് സപ്ലൈ ഓഫീസർമാരായ പി. പ്രമോദ്, ടി.സി. സജീവൻ, എം.കെ. ശ്രീജ, വി.പി. രാജീവൻ, എസ്. വിപിൻലാൽ, സിറ്റി റേഷനിംഗ് ഓഫീസർ (നോർത്ത്) ടി.കെ. രാജൻ, വിവിധ പാചകവാതക ഏജൻസി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.






