Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടോമിൻ തച്ചങ്കരിയുടെ ഭാര്യ നിര്യാതയായി

കൊച്ചി - ആംഡ് ബറ്റാലിയൻ എ.ഡി.ജി.പി. ടോമിൻ തച്ചങ്കരിയുടെ ഭാര്യ അനിത തച്ചങ്കരി (54) വൈറ്റിലയിലെ വസതിയിൽ നിര്യാതയായി. അർബുദ ബാധയെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. 
പരേതരായ കുറന്തോട്ടത്തിൽ വർഗീസ് ചെറിയാന്റെയും ബഹ്റൈനിൽ ഡോക്ടറായിരുന്ന മേരി ചാക്കോയുടെയും മകളാണ്. മക്കൾ: മേഘ, കാവ്യ. മരുമക്കൾ: ഗൗതം, ക്രിസ്റ്റഫർ. മക്കളും മരുമക്കളും ബംഗളൂരുവിൽ ഐ.ടി മേഖലയിൽ പ്രവർത്തിക്കുകയാണ്. വൈറ്റില-തമ്മനം റോഡിലെ കുത്താപ്പാടിയിലെ വസതിയിൽ പൊതുദർശനത്തിനു വച്ചശേഷം സംസ്‌കാരം ഇന്ന് 11 ന് കോന്തുരുത്തി സെന്റ് ജോൺസ് നെപുംസ്യാൻസ് പള്ളിയിൽ നടക്കും.

ഒടുവിലെത്തിയത്  വീൽചെയറിൽ മക്കളുടെ വിവാഹം കാണാൻ 
കൊച്ചി - ഏറെനാളായി അർബുദബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന അനിത തച്ചങ്കരി ഏറ്റവുമൊടുവിൽ പങ്കെടുത്തത് മക്കളുടെ വിവാഹച്ചടങ്ങിൽ. ആശുപത്രിക്കിടക്കിയിൽ നിന്ന് വീൽചെയറിലാണ് അനിത ലെ മെറിഡിയൻ ഹോട്ടലിൽ കഴിഞ്ഞമാസം നടന്ന വിവാഹത്തിൽ പങ്കെടുത്തത്. വീൽചെയറിൽ നിന്ന് എഴുന്നേൽക്കാൻ കൂടി കഴിയാത്ത അവസ്ഥയിലായിരുന്നു. അനിതയ്ക്കു വേണ്ടി ടോമിൻ തച്ചങ്കരി എഴുതി ചിട്ടപ്പെടുത്തിയ ദൈവത്തിന്റെ ദാനം എന്ന പാട്ടും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. വിവാഹച്ചടങ്ങിൽ വധൂവരൻമാരെയും അനുഗ്രഹിച്ച ശേഷം അവർ ആശുപത്രിയിലേക്കായിരുന്നു മടങ്ങിയത്. 
ഇന്ത്യയിലെയും വിദേശത്തെയും പഠനം അനിതയെ മികവുതെളിയിച്ച സംരംഭക കൂടിയാക്കി മാറ്റിയിരുന്നു. മലയാള സിനിമ ചരിത്രത്തിൽ അതുവരെ കേരളത്തിൽ ഇല്ലായിരുന്ന മികച്ച സ്റ്റുഡിയോ റിയാൻ സ്റ്റുഡിയോയുടെ എം.ഡിയായിരുന്നു. പിൽക്കാലത്ത് ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. 2006 ൽ റിയാൻ സ്റ്റുഡിയോയിൽ പോലീസ് റെയ്ഡ് നടത്തിയെങ്കലും അതിലൊന്നും അവർ തളർന്നില്ല. ഭർത്താവും ഐ.പി.എസ് ഉദ്യോഗസ്ഥനുമായിരുന്ന ടോമിൻ തച്ചങ്കരിയെ വിവാദങ്ങൾ നിഴൽപോലെ പിന്തുടർന്നപ്പോഴും കരുത്തായി അനിത കൂടെനിന്നു. 
സംഗീതത്തിൽ തൽപരയായിരുന്ന അനിത ലണ്ടൻ സ്‌കൂൾ ഓഫ് മ്യൂസിക്കിൽ നിന്ന് പിയാനോ വായനയിൽ ഉന്നത ഗ്രേഡ് നേടിയിരുന്നു. ലാളിത്യവും എളിമയും ജീവിതമുദ്രയാക്കിയ അനിത തികഞ്ഞ മൃഗസ്നേഹി കൂടിയായിരുന്നു. 
തെരുവുനായ്ക്കളെ പുനരധിവസിപ്പിക്കുന്നതടക്കമുള്ള ക്ഷേമപ്രവർത്തനങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു. രോഗബാധിതയാകുന്നതിനു മുമ്പ് കൊച്ചിയിലെ ഒട്ടെല്ലാ വനിതാ സംരംഭക മേഖലകളിലും പ്രോത്സാഹനവും ഊർജവും പകർന്ന് അവർ സജീവമായിരുന്നു. 

 

Latest News