Sorry, you need to enable JavaScript to visit this website.

മശാഇർ മെട്രോ ടിക്കറ്റ്  വിൽപന ആരംഭിച്ചു

മക്ക- മശാഇർ മെട്രോ ടിക്കറ്റ് വിൽപന ആരംഭിച്ചതായി മക്ക പ്രവിശ്യ വികസന അതോറിറ്റി അറിയിച്ചു. മശാഇർ മെട്രോയിൽ യാത്രാ സൗകര്യം നൽകുന്നതിന് ലക്ഷ്യമിടുന്ന ഹാജിമാരുടെ ലിസ്റ്റുകൾ മക്ക വികസന അതോറിറ്റി വെബ്‌സൈറ്റിൽ പ്രവേശിപ്പിച്ചാണ് ഹജ് സർവീസ് സ്ഥാപനങ്ങൾ ടിക്കറ്റുകൾ നേടേണ്ടത്. ഈ വർഷം 3,60,000 ഹജ് തീർഥാടകർക്കാണ് മശാഇർ മെട്രോയിൽ യാത്രാ സൗകര്യം ലഭിക്കുക. മശാഇർ മെട്രോ സ്റ്റേഷനുകൾക്കു സമീപമുള്ള തമ്പുകളിൽ തങ്ങുന്ന തീർഥാടകർക്കാണ് മെട്രോയിൽ യാത്രാ സൗകര്യം ലഭിക്കുക. ആഭ്യന്തര തീർഥാടകർക്കും ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും തുർക്കി, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിൽ നിന്നുമുള്ള തീർഥാടകർക്കും സേവനങ്ങൾ നൽകുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റുകൾക്കും കീഴിലെ ഹാജിമാർക്കും മെട്രോയിൽ യാത്രാ സൗകര്യം ലഭിക്കും. 
ശരിയായ രീതിയിൽ വിവരങ്ങൾ എന്റർ ചെയ്യുന്നവർക്ക് വേഗത്തിലും സുഗമമായും ടിക്കറ്റുകൾ വിതരണം ചെയ്യുന്ന ഇ-പ്രോഗ്രാം മൂന്നു വർഷമായി പാലിക്കുന്നുണ്ടെന്ന് മക്ക പ്രവിശ്യ വികസന അതോറിറ്റി വക്താവ് എൻജിനീയർ ജലാൽ കഅ്കി പറഞ്ഞു. ലക്ഷ്യമിടുന്നവർക്ക് പുറത്തുള്ള വിഭാഗങ്ങൾക്കുള്ള ടിക്കറ്റ് വിൽപന ഇ-പ്രോഗ്രാം വിലക്കും. മുൻ വർഷങ്ങളിലേതു പോലെ തന്നെ ഈ കൊല്ലവും ടിക്കറ്റ് നിരക്ക് 250 റിയാലാണ്. ദുൽഹജ് 11, 12, 13 ദിവസങ്ങളിലെ ഉപയോഗത്തിന് മാത്രമുള്ള ടിക്കറ്റിന് 50 റിയാലാണ് നിരക്കെന്നും എൻജിനീയർ ജലാൽ കഅ്കി പറഞ്ഞു. ദുൽഹജ് എട്ടു മുതൽ പതിമൂന്നു വരെയുള്ള ദിവസങ്ങളിൽ ഇരുപതു ലക്ഷത്തിലേറെ പേർ മശാഇർ മെട്രോയിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. 
അഞ്ചു വിഭാഗം ടിക്കറ്റുകളാണ് പ്രാബല്യത്തിലുള്ളത്. മിനാ, അറഫ, മുസ്ദലിഫ എന്നിവിടങ്ങളിലെ മശാഇർ മെട്രോ ഒന്നും രണ്ടും മൂന്നും സ്റ്റേഷുകളിൽ ഹാജിമാർക്ക് ഉപയോഗിക്കുന്നതിന് വ്യത്യസ്ത വർണത്തിലുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. ദുൽഹജ് 11 മുതൽ 13 വരെയുള്ള ദിവസങ്ങളിൽ എല്ലാ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നതിന് കഴിയുന്നവയാണ് നാലാം വിഭാഗം ടിക്കറ്റുകൾ. ഹജ് സർവീസ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ഓപറേറ്റർമാർക്കുള്ള ടിക്കറ്റുകളും എല്ലാ സ്റ്റേഷനുകളിലും ഉപയോഗിക്കുന്നതിന് സാധിക്കും. കൈയിൽ അണിയുന്നതിനുള്ള വള രൂപത്തിലുള്ള ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. പ്രതിദിനം അഞ്ചു ലക്ഷം പേർക്ക് യാത്രാ സൗകര്യം നൽകുന്നതിനുള്ള ശേഷിയിലാണ് മശാഇർ മെട്രോ രൂപകൽപന ചെയ്ത് നടപ്പാക്കിയിരിക്കുന്നത്. സ്റ്റേഷനുകളിലെ അനിയന്ത്രിതമായ തിരക്ക് കുറക്കുന്നതിന് ശ്രമിച്ചാണ് മെട്രോയിൽ യാത്രാ സൗകര്യം നൽകുന്ന തീർഥാടകരുടെ എണ്ണം 3,60,000 ആയി കുറച്ചിരിക്കുന്നത്. 

 

Latest News