Sorry, you need to enable JavaScript to visit this website.

ഹജ് സേവനത്തിന് ഈ വർഷം അനുവദിച്ചത് അരലക്ഷം വിസ

മക്ക- ഈ വർഷം ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അര ലക്ഷത്തിലേറെ സീസൺ വിസകൾ അനുവദിച്ചതായി മന്ത്രാലയം അറിയിച്ചു. ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന 65 സ്ഥാപനങ്ങൾക്ക് ആകെ 54,000 വിസകളാണ് അനുവദിച്ചത്. സീസൺ വിസകൾക്കും താൽക്കാലിക വിസകൾക്കും വേണ്ടി തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം പ്രത്യേക ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചിട്ടുണ്ട്. 
സീസൺ, താൽക്കാലിക വിസാ അപേക്ഷകൾ പഠിച്ച് വിസകൾ അനുവദിക്കൽ, സീസൺ, താൽക്കാലിക വിസകളുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങൾ നിരീക്ഷിക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തൽ, ഹജ് സീസണിൽ സാമൂഹിക വികസന മേഖലയുമായി ബന്ധപ്പെട്ട അടിയന്തര പദ്ധതികൾ തയാറാക്കുന്നതിൽ പങ്കാളിത്തം വഹിക്കൽ, ഹജ് സീസൺ പൂർത്തിയായ ശേഷം സീസൺ വിസകളിൽ എത്തിയ തൊഴിലാളികൾ രാജ്യം വിടുന്നത് ഉറപ്പു വരുത്തൽ എന്നിവയാണ് സീസൺ, താൽക്കാലിക വിസാ ഡിപ്പാർട്ട്‌മെന്റിന്റെ പ്രധാന ചുമതലകൾ. സീസൺ വിസകൾ നേടിയ സ്ഥാപനങ്ങൾ തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിനു കീഴിലെ പരിശോധനാ സംഘങ്ങൾ ഉറപ്പു വരുത്തുകയും ചെയ്യും. 
സീസൺ വിസകളും താൽക്കാലിക വിസകളും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഇത്തരം വിസകളിൽ എത്തുന്നവർ ഹജ് നിർവഹിക്കുന്നില്ലെന്നും ഉറപ്പു വരുത്തുന്നതിന് എയർപോർട്ടുകളിലും തുറമുഖങ്ങളിലും കരാതിർത്തി പോസ്റ്റുകളിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ബന്ധപ്പെട്ട വകുപ്പുകളും നിരീക്ഷണം നടത്തുന്നുണ്ട്. 
സീസൺ വിസകൾ നേടിയ സ്ഥാപനങ്ങളുടെ പുണ്യസ്ഥലങ്ങളിലെ കേന്ദ്രങ്ങളിലും തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ഹജ്, ഉംറ മന്ത്രാലയവും പരിശോധനകൾ നടത്തും. സീസൺ വിസകൾ ദുരുപയോഗിക്കുന്നതായി കണ്ടെത്തുന്ന സ്ഥാപനങ്ങൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കും. 
ഹജ് സേവന മേഖലയിൽ പ്രവർത്തിക്കുന്ന ചില സ്ഥാപനങ്ങൾ മുൻ വർഷങ്ങളിൽ സീസൺ വിസകൾ വിൽപന നടത്തിയതായി കണ്ടെത്തിയിരുന്നു. ആവശ്യത്തിലധികം സീസൺ വിസകൾ നേടുന്ന കമ്പനികളും സ്ഥാപനങ്ങളും വിസകളിൽ ഒരു ഭാഗം വിദേശങ്ങളിൽ ഹജ് വിസ ലഭിക്കാത്ത തീർഥാടകർക്ക് വിൽപന നടത്തുകയാണ് ചെയ്യുന്നത്. ഇത്തരം നിയമ ലംഘനങ്ങൾ അവസാനിപ്പിക്കുന്നതിന് കർശന വ്യവസ്ഥകളോടെയും മാനദണ്ഡങ്ങളോടെയുമാണ് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ഇപ്പോൾ സീസൺ വിസകൾ അനുവദിക്കുന്നത്.
ബലി മാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സൗദി അറേബ്യയുടെ പദ്ധതിക്കു കീഴിൽ ജോലി ചെയ്യുന്നതിനാണ് ഏറ്റവും കൂടുതൽ തൊഴിലാളികളെ സീസൺ വിസകളിൽ വിദേശങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്യുന്നത്. പുണ്യസ്ഥലങ്ങളിലെ ശുചീകരണ ജോലികൾക്കു വേണ്ടി മക്ക നഗരസഭയുമായി കരാറുകൾ ഒപ്പുവെച്ച ക്ലീനിംഗ് കമ്പനികളും ഹജ് തീർഥാടകർക്ക് യാത്രാ സൗകര്യം നൽകുന്ന ബസ് കമ്പനികളും വിദേശങ്ങളിൽ നിന്ന് ഹജ് കാലത്ത് സീസൺ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നുണ്ട്. 


 

Latest News