Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കര കയറാനാവാതെ ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണിയിൽ രണ്ട് മാസമായി തുടരുന്ന സാങ്കേതിക തിരുത്തൽ ഇനിയും അവസാനിച്ചിട്ടില്ല. ജൂണിലെ ഉയർന്ന നിലവാരത്തിൽ നിന്ന് നിഫ്റ്റി സൂചിക ഇതിനകം 1190 പോയന്റും ബോംബെ സെൻസെക്‌സ് 3515 പോയന്റും ഇടിഞ്ഞു. പിന്നിട്ടവാരം ബി എസ് ഇ 765 പോയന്റും നിഫ്റ്റി 287 പോയന്റും നഷ്ടത്തിലാണ്. 
ജൂണിൽ നിഫ്റ്റി സൂചിക 12,039 പോയന്റിൽ തുടങ്ങിയ തളർച്ചയാണ് ഇപ്പോഴും. ഏകദേശം ഒമ്പത് ശതമാനം തകർച്ചയാണ് ഈ കാലയളവിൽ നിഫ്റ്റിക്ക് നേരിട്ടത്. പോയവാരം വ്യാപാരം അവസാനിക്കുമ്പോൾ സൂചിക 10,997 പോയന്റിലാണ്. 
മുൻനിരയിലെ പത്ത് കമ്പനികളിൽ എട്ട് എണ്ണത്തിന്റെ വിപണി മൂല്യത്തിൽ 89,535 കോടി രൂപയുടെ ഇടിവ്. എസ് ബി ഐക്കാണ് കനത്ത തിരിച്ചടി നേരിട്ടത്. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (ആർഐഎൽ), എച്ച്ഡിഎഫ്‌സി ബാങ്ക്, എച്ച്ഡിഎഫ്‌സി, ഇൻഫോസിസ്, ഐടിസി, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവ നഷ്ടം നേരിട്ടു. നിഫ്റ്റി സൂചിക മുൻവാരത്തിലെ 11,284 നിന്ന് 11,311 വരെ കയറിയ വേളയിൽ ഉടലെടുത്ത വിൽപന തരംഗത്തിൽ 11,000 ലെ താങ്ങ് തകർത്ത് 10,849 വരെ സൂചിക ഇടിഞ്ഞു. എന്നാൽ വാരാന്ത്യ ദിനത്തിലെ തിരിച്ച് വരവിൽ നിഫ്റ്റി 10,997 ലേക്ക് കയറിയെങ്കിലും ക്ലോസിങിൽ 11,000 ന് മുകളിൽ ഇടം കണ്ടെത്താനായില്ല. 
സാങ്കേതികമായി വിപണി ദുർബലമാണെങ്കിലും 11,255 പോയന്റിലെ പ്രതിരോധത്തിലേക്ക് തിരിച്ചു വരവിന് ശ്രമം നടത്താം. എന്നാൽ വിദേശ പിൻതുണയിൽ മാത്രമേ ഈ അവസരത്തിൽ കരുത്ത് കണ്ടെത്തനാവൂ. വിൽപന സമ്മർദം ഉടലെടുത്താൽ 10,793-10,590  പോയന്റിലേയ്ക്ക് പരീക്ഷണങ്ങൾക്ക് മുതിരാം.  
ബോംബെ സെൻസെക്‌സ് 38,043 വരെ ഒരു വേള ഉയർന്നങ്കിലും പിന്നീട് 37,000 ലെ നിർണായക താങ്ങും തകർത്ത് 36,607 വരെ ഇടിഞ്ഞ ശേഷം 37,118 പോയന്റിൽ ക്ലോസിങ് നടന്നു. ഈവാരം 36,469 ലെ സപ്പോർട്ട് നിലനിർത്തി 37,905 വരെയും ഉയരാം. മുന്നേറാനായില്ലങ്കിൽ 35,820 ലേക്ക് വീണ്ടും പരീക്ഷണങ്ങൾ തുടരാം. 
റിസർവ് ബാങ്ക് ഇന്ന് വായ്പാ അവലോകനത്തിനായി ഒത്തുചേരും. ഓഹരി സൂചികകൾ മാന്ദ്യത്തിൽ അകപ്പെട്ടതിനാൽ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്താൻ ആർ ബി ഐ പലിശ നിരക്ക് 25 ബേസിസ് പോയന്റ് കുറക്കാൻ ഇടയുണ്ട്. പിന്നിട്ട മൂന്ന് യോഗങ്ങളിലും പലിശ നിരക്ക് കുറച്ച സാഹചര്യത്തിൽ ഇത്തവണയും അതേ പാദ പിൻതുടരുമെന്ന കണക്ക് കൂട്ടലിലാണ് വിപണി. 
ഫോറെക്‌സ് മാർക്കറ്റിൽ യു എസ് ഡോളറിന് മുന്നിൽ രൂപയുടെ മൂല്യം 68.87 ൽ നിന്ന് 69.69 ലേയ്ക്ക് ഇടിഞ്ഞു. ഈവാരം രൂപ മികവിന് ശ്രമിച്ചാൽ 69.15 വരെ നീങ്ങാം. അതേ സമയം വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങൾ തുടർന്നാൽ വിനിമയ നിരക്ക് 70.08-70.60  ലേയ്ക്ക് ദുർബലമാവും.  
ബജറ്റിൽ വിദേശ ഫണ്ടുകൾക്ക് ഏർപ്പെടുത്തിയ നികുതി സർചാർജ് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസും ധനമന്ത്രാലയവും ചർച്ചകൾ നടത്തിയെങ്കിലും ഇക്കാര്യത്തിൽ പുതിയ തീരുമാനങ്ങൾ ഒന്നും പുറത്തു വന്നിട്ടില്ല. 
പിന്നിട്ട വാരത്തിൽ മാത്രം വിദേശ ഓപറേറ്റർമാർ വിറ്റഴിച്ചത് 6500 കോടി രൂപയുടെ ഓഹരികളാണ്. ജൂലൈയിൽ അവരുടെ മൊത്തം വിൽപന 13,000 കോടി രൂപയാണ്. 
ആഗോള സാമ്പത്തിക രംഗം കുടുതൽ പരുങ്ങലിലേക്ക് നീങ്ങുന്ന സൂചനയാണ് യു എസ്, യൂറോപ്യൻ വിപണികളിൽ നിന്നും ഏഷ്യയിൽ നിന്നും പുറത്തു വരുന്നത്. വ്യാപാര യുദ്ധം മുറുക്കുന്നത് ചൈനയെ മാത്രമല്ല, അയൽ രാജ്യങ്ങളെ എല്ലാം പിരിമുറുക്കത്തിലാക്കും. വർഷാന്ത്യത്തോടെ അത് പശ്ചിമേഷ്യൻ രാജ്യങ്ങളിലേയ്ക്കും വ്യാപിക്കാം. 
ഇനി കശ്മീർ പ്രശ്‌നം നിക്ഷേപകരുടെ ഉറക്കം കെടുത്തും. 

സൈനിക സാന്നിധ്യം ആ മേഖലയിൽ ശക്തമാക്കുന്നത് വിദേശ ഫണ്ടുകളിൽ മാത്രമല്ല, ആഭ്യന്തര ഫണ്ടുകളിലും ആശങ്ക ജനിപ്പിക്കുന്നു. ജമ്മു  കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്തിയാൽ അടുത്ത ഒരാഴ്ച അവിടെ സൈനിക നീക്കങ്ങൾ കൂടുതൽ ശക്തമാക്കും. അതിന് അനുസൃതമായി വിദേശ നിക്ഷേപകർ ഓഹരി വിപണിയിൽ നിന്ന് പിന്നോക്കം വലിയാം. എന്നാൽ ഓഗസ്റ്റ് 15 ന് ശേഷം സ്ഥിതിഗതികൾ തണുക്കാം. 

 

Latest News