ന്യൂദൽഹി- പാർലമെന്റിന്റെ സന്ദർശക ഗ്യാലറിയിലേക്ക് പ്രവേശന പാസ് സംഘടിപ്പിക്കാൻ ശ്രമിച്ച തന്റെ പി.എക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് ടി.എൻ പ്രതാപൻ എം.പി. മതം നോക്കിയിട്ടാണ് പാർലമെന്റിലേക്ക് പോലും പ്രവേശനം അനുവദിക്കുന്നതെന്നും രാജ്യം കൂരിരുട്ടിലേക്കാണ് പോകുന്നതെന്നും പ്രതാപൻ പറഞ്ഞു.
പ്രതാപന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:
രാജ്യം കൂരിരുട്ടിലേക്കാണ് ആനയിക്കപ്പെട്ടിരിക്കുന്നത്. ഭരണഘടനയെ എത്ര ലാഘവത്തോടെയാണ് കേന്ദ്രസർക്കാർ ദുർവ്യാഖ്യാനം ചെയ്തത്. ഭരണഘടന ചീന്തി എറിയപ്പെടുന്ന സാഹചര്യം ഉണ്ടാക്കിയിരിക്കുകയാണ് അമിത് ഷാ. കൊടിയ അഹങ്കാരമാണ് അവരുടെ കൈമുതൽ. ഒരു സംസ്ഥാനത്തെ അവരുടെ ചരിത്രപരമായ എല്ലാ പ്രത്യേകതകളെയും അവകാശങ്ങളെയും അവഗണിച്ച് തുണ്ടം തുണ്ടമാക്കുന്ന സാഹചര്യം ഭീതിദമാണ്. ഇനി അവിടെ മതം തിരിച്ച് കലാപങ്ങൾ കൂട്ടി രക്തച്ചൊരിച്ചിലുണ്ടാക്കി അത് കാണിച്ച് ബാക്കിയുള്ളിടങ്ങളിൽ വോട്ട് നേടാമെന്ന് ചിന്തിക്കുന്ന ഏകാധിപതികളാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. ഇന്ത്യയുടെ നിയമ നിർമ്മാണ സഭകളിൽ ജനാധിപത്യത്തിന്റെ എല്ലാ മര്യാദകളെയും ബി ജെ പി ഇതിനോടകം കൊന്നുകളഞ്ഞിരിക്കുന്നു.
കാശ്മീരിൽ സംഭവിക്കുന്നത് അവിടെയല്ലേ, നമുക്കതിൽ എന്ത് കാര്യമെന്ന് ചോദിക്കുന്നവരോട്, ബി ജെ പിയോട് രാജിയാകാത്തവരെയെല്ലാം ഉന്മൂലനം ചെയ്യാനുള്ള വഴികളുണ്ടാക്കുകയാണ് അവർ.
ഇന്ന്, പാർലമെന്റിലേക്കുള്ള സന്ദർശകരുടെ പ്രവേശന പാസ് സംഘടിപ്പിക്കുകയായിരുന്ന എന്റെ പി എക്ക് ഒരു അനുഭവമുണ്ടായി. മത്സ്യത്തൊഴിലാളി കോൺഗ്രസിന്റെ ദേശീയ കോഡിനേറ്റർമാരിലൊരാളായ തൂഫാനി നിഷാദടക്കം മൂന്ന് പേർക്കാണ് പാസ്സ് വേണ്ടിയിരുന്നത്. അദ്ദേഹത്തിന്റെ പേര് കണ്ട സെക്യൂരിറ്റി ജീവനക്കാരൻ എന്റെ പി എ പ്രവീണിനോട് പറഞ്ഞുവത്രെ: 'ഇയാൾ മുസ്ലിമല്ലേ, ഇയാളെ പ്രത്യേകം ശ്രദ്ധിക്കണം'. ശരിക്കും തൂഫാനി മുസ്ലിമല്ല. അതവിടെ ഇരിക്കട്ടെ. മതം നോക്കിയിട്ടേ പാർലമെന്റിലേക്ക് സന്ദർശനം പോലുമുള്ളൂ എന്ന സ്ഥിതി നമ്മോട് പറയുന്നത് ശുഭ വാർത്തയല്ല.
വർഗ്ഗീയതയുടെ, അപരവത്കരണത്തിന്റെ ഈ പോക്ക് അപകടകരമായ ഒരു വംശഹത്യയിലായിരിക്കും ചെന്നൊടുങ്ങുക. കാശ്മീരിൽ അതുണ്ട്. ഇനിയുമത് വർധിക്കും. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്ര സർക്കാർ കുരുതി കൊടുത്തതിനേക്കാൾ ജവാന്മാരെ അമിത് ഷാ മരണത്തിലേക്ക് തള്ളിവിടും. ആയുധക്കച്ചവടം കൊഴുപ്പിക്കും. അഴിമതി നടത്തി ചീർത്തുവീർക്കും. ബലാത്സംഘികൾ കുത്തഴിഞ്ഞു നടക്കും. കാശ്മീരിലെ തടാകങ്ങൾ ചുവക്കും. ആ രക്തപ്പുഴകൾ നമ്മുടെ കഴുത്തറ്റം പരന്നൊഴുകും. കാശ്മീരിന്റെ മണ്ണെല്ല മനസ്സാണ് വേണ്ടത്. അവിടുത്തെ മനുഷ്യരെ, അവരുടെ അവകാശങ്ങളെയാണ് കാണേണ്ടത്. കാശ്മീർ പ്രശ്‌നം പരിഹരിക്കുകയല്ല ഇപ്പോ മോദിയും അമിതും ചെയ്തത് ബി ജെ പിയുടെ അധികാര പ്രശ്‌നത്തിന് കുറേകാലം ഇട്ട് കത്തിക്കാനും പുകക്കാനുമുള്ള ഒരു ഉപാധി കണ്ടെത്തുകയാണ്.
ലോകത്തിനു മുൻപിൽ ഇന്ത്യ നാണം കേടാൻ പോകുന്നു. ഒരു ജനതയുടെ ജീവനും സ്വപ്നവും ഹനിച്ചതിന്റെ രക്തക്കറ ഒരുവഴിക്കല്ലെങ്കിൽ മറ്റൊരു വഴിക്ക് നമ്മളൊക്കെ പേറാൻ പോകുന്നു.
ഈ വിഷയത്തിൽ ഇന്ന് രാവിലെ പതിനൊന്ന് മുതൽ ഇരുസഭകളിലും കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നുവരികയാണ്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഇല്ലായ്മ ചെയ്തിട്ട് ഇവരുണ്ടാക്കാൻ പോകുന്ന ഇന്ത്യ ബ്രിട്ടീഷ് ഇന്ത്യയേക്കാൾ ഭയാനകമായിരിക്കും. നമ്മൾ ഒരു സമ്പൂർണ്ണ സ്വാതന്ത്ര്യ സമരത്തിന് സജ്ജരാകേണ്ടിയിരിക്കുന്നു.