ന്യൂദല്‍ഹി- ജമ്മു കശ്മീരും ലഡാക്കും കേന്ദ്ര ഭരണ പ്രദേശങ്ങളാകുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ജമ്മു കശ്മീര്‍ നിയസഭയോടു കൂടിയ കേന്ദ്ര ഭരണ പ്രദേശവും ലഡാക്ക് നിയമസഭയില്ലാത്ത കേന്ദ്ര ഭരണ പ്രദേശവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം വിശദീകരിച്ചത്. കശ്മീരിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കശ്മീരില്‍ യുദ്ധസമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ജമ്മു കശ്മീരില്‍ സൈനിക സന്നാഹം ശക്തമാക്കിയതിനു പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ മെഹബൂബ മുഫ്തി, ഉമര്‍ അബ്ദുല്ല എന്നിവരടക്കമുള്ള നേതാക്കള്‍ വീട്ടുതടങ്കലിലാണ്. ഞായറാഴ്ച അര്‍ധരാത്രിയാണ് നേതാക്കളെ കാരണം വെളിപ്പെടുത്താതെ വീട്ടുതടങ്കലിലാക്കിയത്.
ശ്രീനഗറിറിനു പുറമെ, രജൗറി, ഉധംപൂര്‍ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പൊതുയോഗങ്ങളും റാലികളും നിരോധിച്ചിട്ടുണ്ട്.
സി.പി.എം. ജമ്മുകശ്മീര്‍ സംസ്ഥാന സെക്രട്ടറിയും എം.എല്‍.എ.യുമായ മുഹമ്മദ് യൂസഫ് തരിഗാമിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ബന്ദിപ്പോര എം.എല്‍.എ. ഉസ്മാന്‍ മജീദും അറസ്റ്റിലായിട്ടുണ്ട്. ഉമര്‍ അബ്ദുല്ലയടക്കമുള്ള നേതാക്കള്‍ ട്വിറ്ററിലൂടെയാണ് അറസ്റ്റ് വിവരം പുറത്തറിയിച്ചത്.
സംസ്ഥാനത്തെ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചിരിക്കയാണ്. സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നിട്ടില്ല.