ന്യൂദൽഹി- ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടന പരിരക്ഷ നൽകുന്ന ബിൽ രാജ്യസഭയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ അവതരിപ്പിച്ചു. കശ്മീരിൽ ഭരണഘടനയുടെ അനുച്ഛേദം 370 റദ്ദാക്കും. ആർട്ടിക്കിൾ 35 എ റദ്ദാക്കാനുള്ള ബില്ലും അമിത് ഷാ അവതരിപ്പിച്ചു. ജമ്മു കശ്മീരിനെയും ലഡാക്കിനെയും കേന്ദ്ര ഭരണ പ്രദേശമാക്കാനും തീരുമാനിച്ചു.
ജമ്മുകശ്മീരിനുള്ള ഭരണഘടനാ പരിരക്ഷ ഉറപ്പാക്കുന്ന അനുച്ഛേദം 370 പൂർണമായും എടുത്ത് കളയാനുള്ള ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. പ്രമേയത്തിനെതിരെ പ്രതിപക്ഷം ശക്തമായ എതിർപ്പ് ഉയർത്തിയെങ്കിലും ബി.ജെ.പി വഴങ്ങിയില്ല. ഉപരാഷ്ട്രപതിക്കുള്ള വിവേചനാധികാരം ഉപയോഗിച്ചാണ് ബിൽ അവതരിപ്പിച്ചത്.
വളരെ സുപ്രധാനമായ നിയമനിർമാണമാണ് നടക്കാൻ പോകുന്നതെന്നും അതിനാൽ തന്നെ പതിവ് ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും മാറ്റിവെച്ച് ബിൽ അവതരിപ്പിക്കാൻ അനുമതി നൽകുകയാണെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ ബിൽ അവതരിപ്പിച്ചത്.
എം.പിമാർക്ക് നേരത്തെ വിതരണം ചെയ്യാതെയാണ് പ്രമേയം അവതരിപ്പിച്ചത്. അമിത് ഷായെ സംസാരിക്കാൻ പ്രതിപക്ഷ പാർട്ടികൾ അനുവദിക്കാതെ ശക്തമായ പ്രതിഷേധം ഉയർന്നിട്ടും ബഹളത്തിനിടെ അമിത് ഷാ പ്രമേയം അവതരിപ്പിക്കുകയായിരുന്നു. പ്രമേയത്തിന് മേൽ ഇനി വോട്ടെടുപ്പ് നടക്കും. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട സാമ്പത്തിക സംവരണ ബില്ലിന് പുറമേ മൂന്ന് ബില്ലുകൾക്ക് കൂടി ഉപരാഷ്ട്രപതി അനുമതി നൽകി. ജമ്മു കശ്മീരുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങൾക്കും 100 ശതമാനം മറുപടി പറയാനും തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞു.






