ഫോണ്‍ വഴി മുത്തലാഖ്; സൗദി പ്രവാസിക്കെതിരെ കേസ്

ഗോരഖ്പുര്‍- സൗദിയില്‍നിന്ന് ഫോണ്‍ വഴി ഭാര്യയെ തലാഖ് ചൊല്ലിയ പ്രവാസിക്കെതിരെ ഉത്തര്‍പ്രദേശില്‍ മുത്തലാഖ് നിയമപ്രകാരം കേസെടുത്തു. യു.പി കുശിനഗര്‍ സ്വദേശി അബ്ദുറഹീമിനെതിരെയാണ് പുതിയ നിയമപ്രകാരം കേസെടുത്തത്.

ഉത്തര്‍പ്രദേശിലെ ജാഖ്‌നിയയില്‍നിന്നുള്ള ഖതൂന്‍ എന്ന യുവതിയുടെ പിതാവാണ് മകളെ വിവാഹ മോചനം ചെയ്തതിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. സൗദിയില്‍ ജോലി ചെയ്യുന്ന മരുമകന്‍ ഫോണില്‍ വിളിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചവെന്നാണ് പിതാവായ അഹമ്മദ് അലി നല്‍കിയ പരാതി.

2014ലായിരുന്നു അബ്ദുറഹീമും 25 കാരി ഖതൂനും തമ്മിലുള്ള വിവാഹം. നാല് മാസങ്ങള്‍ക്ക് ശേഷം യുവാവ് സൗദിയിലേക്ക് മടങ്ങി. ഭാര്യയോട് അത്ര നല്ല പെരുമാറ്റമായിരുന്നില്ല റഹീമിന്റേതെന്ന് പിതാവ് ആരോപിക്കുന്നു. ഇയാളുടെ വീട്ടുകാരും പലപ്പോഴായി ഉപദ്രവിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് റഹീം തലാഖ് ചൊല്ലിയത്.
വീട്ടില്‍ ജോലിത്തിരക്കിലായിരുന്ന  ഖതൂന്റെ കൈയില്‍ പിതാവാണ് ഫോണ്‍ നല്‍കിയതെന്ന് പറയുന്നു. സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ മൂന്ന് തവണ തലാഖ് ചൊല്ലിയ റഹീം, ബന്ധം അവസാനിപ്പിച്ചുവെന്ന് പറയുകയായിരുന്നു. ഇതിന് ശേഷം റഹീമിന്റെ പിതാവ് പഞ്ചായത്ത് വിളിച്ചു കൂട്ടി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഖതൂന് കൈമാറിയ ശേഷം വിവാഹബന്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

തുടര്‍ന്നാണ് യുവതിയുടെ ബന്ധുക്കള്‍ പോലീസിനെ സമീപിച്ചത്. ഇരു കൂട്ടരുടെയും മൊഴിയെത്തുവെന്നും ഭര്‍ത്താവ് വിദേശത്ത് ആയതിനാല്‍ നോട്ടീസ് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
മുത്തലാഖ് നിയമവിരുദ്ധവും തടവ് ശിക്ഷ ലഭിക്കാവുന്ന ക്രിമിനല്‍ കുറ്റവുമാക്കുന്ന നിയമം കഴിഞ്ഞയാഴ്ചയാണ് പ്രാബല്യത്തില്‍ വന്നത്. മുത്തലാഖ് ചൊല്ലി വിവാഹമോചനം തേടുന്നവര്‍ക്ക് മൂന്ന് വര്‍ഷം വരെ തടവ് നല്‍കുന്ന നിയമം പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് ലോക്‌സഭയും രാജ്യസഭയും പാസാക്കിയത്.

 

Latest News