തുറൈഫില്‍ മലയാളി കടകള്‍ ഇല്ലാതെയാകുന്നു

തുറൈഫ്- ആശ്രിത ലെവി പ്രാബല്യത്തിലായതും വിദേശ തൊഴിലാളികള്‍ക്കുള്ള ലെവി വര്‍ധിപ്പിക്കുന്നതും കണക്കിലെടുത്ത് തുറൈഫിലെ മലയാളികള്‍ കടകള്‍ കിട്ടിയ കാശിന് വിറ്റ് നാട്ടിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നു. വര്‍ഷങ്ങളായി കടകള്‍ നടത്തിവന്നിരുന്ന ആളുകളാണ് നാടണയാന്‍ തുനിയുന്നത്. 
ചിലര്‍ യു.എ.ഇയിലേക്ക് മാറാന്‍ ഒരുങ്ങുന്നുണ്ട്. സ്‌പോണ്‍സര്‍മാര്‍ക്കുള്ള സാമ്പത്തിക ബാധ്യതക്ക് പുറമെയാണ് ഗവണ്‍മെന്റ് നടപ്പാക്കുന്ന പുതിയ നികുതികള്‍. സൗദി വിപണിയിലുള്ള മാന്ദ്യം കാരണം കച്ചവടം പതിന്‍ടങ്ങ് കുറഞ്ഞിരിക്കുകയാണെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ അഭിപ്രായം. തൊഴില്‍ മന്ത്രാലയം, വാണിജ്യ, നിക്ഷേപ മന്ത്രാലയം, നഗരസഭ തുടങ്ങിയ വകുപ്പുകള്‍ അടിക്കടി റെയ്ഡുകള്‍ നടത്തി പിഴ ചുമത്തുന്നതും കടകള്‍ വിറ്റ് പോകുവാന്‍ ഇവരെ പ്രേരിപ്പിക്കുന്നു. 
ശാര ഫൈസലിലെ ഒരു ബൂഫിയ, വര്‍ക്ക്‌ഷോപ്പ് മേഖലയിലെ ആറിലധികം കടകള്‍, തുണിക്കടകള്‍, ചെരുപ്പ് കടകള്‍ തുടങ്ങി ലേഡീസ് മാര്‍ക്കറ്റിലെ അഞ്ച് കടകള്‍. ശാര ആയിഷയിലെ രണ്ട് ഹോട്ടലുകള്‍, ശാര ആമിലെ സൂപ്പര്‍ മാര്‍ക്കറ്റ്  എന്നിവ ഇതിനോടം അടച്ചുപൂട്ടുകയോ വില്‍ക്കുകയോ ചെയ്തിട്ടുണ്ട്. 
സ്ഥാപനങ്ങളില്‍ അധികവും വാങ്ങുന്നത് യെമനികളും ബംഗാളികളുമാണ്. പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ചിലര്‍ നാട്ടില്‍ നില്‍ക്കുന്നതിന് ചില പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. 
യു.എ.ഇയിലേക്ക് വാണിജ്യം പറിച്ചുനടാന്‍ ഇപ്പോഴേ കരുക്കള്‍ നീക്കുന്ന തിരക്കിലാണ് തുറൈഫിലെ ചില മലയാളികള്‍. സൗദി പ്രവാസം 25 വര്‍ഷം കഴിഞ്ഞ മിക്കവരും നാട്ടില്‍ വിശ്രമ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നു.

Latest News