Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

എ. സമ്പത്തുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ്

സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളിൽനിന്ന്  യു.ഡി.എഫ് എം.പിമാർ വിട്ടുനിൽക്കും -കെ.മുരളീധരൻ
കോഴിക്കോട്/ തൃശൂർ - ദൽഹിയിൽ കേരള സർക്കാരിന്റെ ലെയ്‌സൺ ഓഫീസറായി നിയമിച്ച എ. സമ്പത്തുമായി സഹകരിക്കില്ലെന്ന് യു.ഡി.എഫ്. തൃശൂരിൽ യു.ഡി.എഫ് കൺവീനർ കൂടിയായ എം.പി ബെന്നി ബെഹനാനും, കോഴിക്കോട്ട് കെ. മുരളീധരൻ എം.പിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമ്പത്ത് പങ്കെടുക്കുന്ന യോഗങ്ങളിൽനിന്ന് യു.ഡി.എഫ് എം.പിമാർ വിട്ടുനിൽക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി. ജനങ്ങൾ തെരഞ്ഞെടുത്ത എം.പിമാരെ മുഖ്യമന്ത്രിക്ക് വിശ്വാസമില്ലെന്നും എം.പിമാർക്ക് ഇല്ലാത്ത കഴിവ് മുൻ എം.പിക്കുണ്ടോയെന്നും മുരളീധരൻ വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേരളത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 19 എം.പിമാരെയും രാജ്യസഭയിലുള്ള എളമരം കരീമിനെയും വിശ്വാസമില്ലാത്തതിനാലാണ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സമ്പത്തിനെ ദൽഹിയിൽ കാബിനറ്റ് റാങ്കോടെ നിയമിച്ചതെന്ന് മുരളീധരൻ പരിഹസിച്ചു. സർക്കാർ പ്രവർത്തനം തുടങ്ങി മൂന്നു വർഷത്തിനു ശേഷം എന്തിനാണ് ഇത്തരമൊരു നിയമനം? സർക്കാർ ഇതുവരെ ലോക്‌സഭയിലേക്കും രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ യോഗം വിളിച്ചിട്ടില്ല. തെരഞ്ഞെടുക്കപ്പെട്ട എം.പിമാരെ മാറ്റിനിർത്താനുള്ള നടപടി സമ്പത്തിന്റെ ഭാഗത്ത് നിന്നുണ്ടായാൽ ഈ വിഷയം പാർലമെന്റിൽ ഉന്നയിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യും. വ്യക്തിപരമായി സമ്പത്തിനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. എന്നാൽ അദ്ദേഹം ഇപ്പോൾ ഈ പദവി ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. 
ഒരു ഭാഗത്ത് സാമ്പത്തിക പ്രതിസന്ധി ഉണ്ടെന്ന് പറയുമ്പോഴും മറുഭാഗത്ത് ധൂർത്തടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. കേന്ദ്രാവിഷ്‌കൃത പദ്ധതിയിൽ എം.പിമാരെ തഴയുന്ന സമീപനമാണ് സംസ്ഥാന സർക്കാരിന്റേത്. കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് ഫണ്ട് വാങ്ങാൻ എം.പിമാർക്ക് അറിയാമെന്ന് മുരളീധരൻ വ്യക്തമാക്കി.  
ദൽഹിയിൽ സർക്കാർ പ്രതിനിധിയായി മുൻ എം.പി എ. സമ്പത്തിനെ നിയമിച്ചത് ജനാധിപത്യ വിരുദ്ധമാണെന്നും ബെന്നി ബെഹനാൻ തൃശൂരിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. 
സമ്പത്ത് എന്ന വ്യക്തിയെ കുറിച്ച് വിരോധമില്ല. എന്നാൽ ഇതുവരെ കേരളത്തിന്റെ കാര്യങ്ങൾ കേന്ദ്രത്തിനെ ബോധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞിട്ടില്ലെന്നതിന്റെ ഉദാഹരണമാണിത്. ജനകീയാംഗീകാരം നഷ്ടപ്പെട്ട നേതാക്കളെ ജനങ്ങൾ തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് മുകളിൽ പ്രതിഷ്ഠിക്കുന്നതിനെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നും ബെഹനാൻ വ്യക്തമാക്കി. തെരഞ്ഞെടുക്കപ്പെട്ട എം.പിമാരുടെ ഒരു യോഗം ഇതുവരെയും സർക്കാർ വിളിച്ചു ചേർത്തിട്ടില്ല. ബജറ്റിൽ സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളുടെ പകർപ്പ് പോലും എം.പിമാർക്ക് നൽകിയിട്ടില്ല. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ദൽഹിയിലെ പുതിയ സർക്കാർ പ്രതിനിധിയുമായി എങ്ങനെയാണ് യോജിച്ചു പ്രവർത്തിക്കാനാവുകയെന്നും ബെന്നി ബെഹനാൻ ചോദിച്ചു.
ചാവക്കാട് കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് പുന്ന നൗഷാദിന്റെ കൊലപാതകം വിശ്വസനീയതയുള്ള മുതിർന്ന ഉദ്യോഗസ്ഥനെ കൊണ്ട് അന്വേഷിപ്പിക്കാൻ സർക്കാർ തയാറാവണമെന്ന് യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടു.

Latest News