Sorry, you need to enable JavaScript to visit this website.

ശമ്പളമില്ല, കുടുംബം പുലർത്താൻ മീൻ കച്ചവടവുമായി ബി.എസ്.എൻ.എൽ ജീവനക്കാരൻ 

ബി.എസ്.എൻ.എൽ കരാർ ജീവനക്കാരൻ ഇരിയണ്ണിയിലെ മുഹമ്മദ് മീൻ വിൽപ്പന നടത്തുന്നു.

കാസർകോട്- 'അയ്യോ സാറെ, ഭയങ്കര കഷ്ടത്തിലാണ്... മാർച്ച് മാസത്തിൽ കുറച്ചു ശമ്പളം തന്നതാണ്. ജീവിക്കാൻ മറ്റ് നിർവാഹമില്ലാത്തതിനാൽ ഈ പണിക്കിറങ്ങി. ഇപ്പോൾ ഭാര്യയും മൂന്ന് മക്കളും അടങ്ങുന്ന കുടുംബം ഒരു വിധം കഞ്ഞികുടിച്ച് കഴിയുന്നു...' 14 വർഷം ബി.എസ്.എൻ.എല്ലിൽ കരാർ ജോലി എടുത്തിട്ടും കഷ്ടത്തിലായ ഇരിയണ്ണി കുണിയേരിയിലെ 39 കാരനായ മുഹമ്മദ് മീൻ വിൽക്കാൻ ഇറങ്ങിയതിനെ കുറിച്ച് തിരക്കിയപ്പോൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ വാക്കുകളാണിത്. 
ഭാര്യയെയും ആറിലും രണ്ടിലും അംഗൻവാടിയിലും പഠിക്കുന്ന മൂന്ന് മക്കളേയും പോറ്റാൻ മറ്റു വഴികളൊന്നും ഇല്ലാതായപ്പോഴാണ് മുഹമ്മദ് ചെറിയ സ്‌കൂട്ടർ വാങ്ങി മീൻ വിൽക്കാൻ തുടങ്ങിയത്. മംഗളൂരുവിൽനിന്ന് വണ്ടിക്കാർ കൊണ്ടുവരുന്ന മീനും കാസർകോട് പോയി എടുക്കുന്ന മീനുമായി വീടുകൾ തോറും കുഞ്ഞുവണ്ടിയിൽ കൊണ്ടുപോയി വിറ്റാൽ ചിലവുകൾ കഴിഞ്ഞു ദിവസം 400 രൂപയോളം മിച്ചം കിട്ടും. അതുകൊണ്ട് അഞ്ചംഗങ്ങളുള്ള കുടുംബം ഒരുവിധം കഴിഞ്ഞുകൂടുന്നു. 
ബി.എസ്.എൻ.എൽ ശമ്പളം കാത്തിരുന്ന് അടുപ്പിൽ തീ പുകയാതായപ്പോഴാണ് മക്കളെ പോറ്റാൻ മുഹമ്മദ് മീൻ വണ്ടിയുമായി ഇറങ്ങിയത്. 'വൻതുക മുടക്കി ബിസിനസ് തുടങ്ങാൻ ഞങ്ങടെ കൈയിൽ കാശില്ലല്ലോ സാറെ...' മുഹമ്മദ് പറയുന്നു. കൂടെയുണ്ടായിരുന്ന ജീവനക്കാരിൽ പലരും ഇതുപോലെ കൂലി പ്പണിക്കു പോയാണ് ഇപ്പോൾ ജീവിക്കുന്നതെന്നും മുഹമ്മദ് പറഞ്ഞു. എന്നാലും ബി.എസ്.എൻ.എൽ ശമ്പളം കൃത്യമായി തരികയാണെങ്കിൽ അങ്ങോട്ട് തന്നെ പോകണമെന്ന് മുഹമ്മദിന് ആഗ്രഹമുണ്ട്. അതുവരെയും മീൻ കച്ചവടം നടത്താനാണ് പരിപാടി. 
ബോവിക്കാനം ടെലിഫോൺ എക്‌സ്‌ചേഞ്ചിലായിരുന്നു ദിവസ വേതനത്തിന് മുഹമ്മദ് ജോലി ചെയ്തുവന്നിരുന്നത്. പതിനായിരം രൂപയാണ് ലഭിച്ചുവന്നിരുന്നത്. അത് മുടങ്ങിയിട്ട് ഇപ്പോൾ നാല് മാസമായി. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിട്ട് അതും കിട്ടാതായപ്പോഴാണ് മുഹമ്മദ് ഈ മാർഗം തെരെഞ്ഞെടുത്തത്. ലൈനിലെ പ്രശ്‌നങ്ങളും ഇന്റർനെറ്റ് തകരാർ തീർക്കാനും ഫീൽഡിൽ പോയതും സ്വന്തം കാശ് ചിലവാക്കിയായിരുന്നു. ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടിവന്നാൽ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നാണ് ഇപ്പോൾ കൂലിപ്പണിക്ക് ഇറങ്ങിയ മറ്റു കരാർ ജീവനക്കാരായ ഉമേശനും ബാബുവും സുകുമാരനും പറയുന്നത്. 

Latest News