Sorry, you need to enable JavaScript to visit this website.

ബഷീറിന്റെ അപകടമരണം: സർക്കാർ ഉണർന്ന് പ്രവർത്തിക്കണം -കാന്തപുരം

മദീന- തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസം വാഹനാപകടത്തെ തുടർന്ന് മരിച്ച സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ.എം.ബഷീറിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകാൻ സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള ജംഇയത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ ആവശ്യപ്പെട്ടു. വാഹനം അമിത വേഗത്തിൽ ഓടിച്ച് കരുതികൂട്ടി നടത്തിയ അപകടമാണിതെന്നും ഇതിന് കാരണക്കാരായവർ എത്ര ഉന്നതരായാലും നിയമത്തിന്റെ പരിധിക്കുള്ളിൽ കൊണ്ടുവരണമെന്നും കന്തപുരം പറഞ്ഞു. ഹജ് നിർവഹിക്കാനെത്തിയ അദ്ദേഹം മലയാളം ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. 
മരണമടഞ്ഞ ബഷീറിന്റെ നിരാലംബരായ കുടുംബത്തിന് സർക്കാർ നഷ്ടപരിഹാരം നൽകണം.  പ്രമുഖ വ്യവസായിയായ എം.എ.യൂസഫലി പത്ത് ലക്ഷം രൂപ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇത് ബഷീറിന്റെ കുടുംബത്തിന് ആശ്വാസം പകരുമെന്ന് കാന്തപുരം പറഞ്ഞു.   
കേരളത്തിന്റെ ഹജ് ക്വാട്ട വിഹിതം വർധിപ്പിക്കുവാൻ കേന്ദ്ര ഹജ് കമ്മിറ്റി പ്രധിനിധികളുമായി സംഘടന ഔദ്യോഗികമായി ചർച്ച നടത്തിയിരുന്നെന്നും അതിന്റെ ഭാഗമായാണ് ഇത്തവണ കേരളത്തിൽനിന്ന് കൂടുതൽ പേർക്ക് ഹജ് നിർവഹിക്കാൻ അവസരം ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഹജ് തീർഥാടകർക്ക് മികച്ച സേവനമൊരുക്കുന്നതിൽ സൗദി ഭരണാധികാരികൾ നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മക്കയിലും മദീനയിലും പ്രവാസികളായ മലയാളി സന്നദ്ധ പ്രവർത്തകർ ഹാജിമാർക്ക് നൽകുന്ന സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. സേവന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ രാജ്യത്തിന്റെ നിയമ പരിധിക്കുള്ളിൽ നിന്നായിരിക്കണമെന്ന കാര്യം ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമിപ്പിച്ചു. 
ഇരു വിഭാഗം സുന്നികൾ തമ്മിലുള്ള ഐക്യ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഞങ്ങൾ എന്നും വിശാല മനസ്സോടെയാണ് ഐക്യ ചർച്ചകളെ കണ്ടിട്ടുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മുത്വലാഖ്, യു.എ.പി.എ, കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാനുള്ള കേന്ദ്ര സർക്കാർ നീക്കം തുടങ്ങിയ ചോദ്യങ്ങൾക്ക് ഹജിനായി എത്തിയിരിക്കുന്നതിനാൽ രാഷ്ട്രീയമായ ചോദ്യങ്ങൾക്ക്  ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന മറുപടിയാണ് നൽകിയത്. എസ്.വൈ.എസ് ഹജ് ഗ്രൂപ്പിന്റെ ചീഫ് അമീറായാണ് കാന്തപുരം അബൂബക്കർ മുസ്ലിയാർ ഹജ് നിർവഹിക്കാനെത്തിയിട്ടുള്ളത്. 

ഗഫൂർ പട്ടാമ്പി

Latest News