Sorry, you need to enable JavaScript to visit this website.

മക്കയിൽ ഹറമിലും പുണ്യസ്ഥലങ്ങളിലും  20 താൽക്കാലിക സെഷൻ കോടതികൾ

മക്ക- ഈ ഹജ് സീസണിൽ മക്ക മസ്ജിദുൽ ഹറാം, മിനാ, അറഫ എന്നീ പുണ്യസ്ഥലങ്ങളിലുമായി നീതിനിർവഹണത്തിന് 20 സെഷൻ കോടതികൾ സജ്ജീകരിച്ചതായി സൗദി നീതിന്യായ മന്ത്രാലയം അറിയിച്ചു. കൂടാതെ, തീർഥാടകരുടെ ആവശ്യാർഥം സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകളും പ്രവർത്തിക്കും. തീർഥാടകരുടെ പരാതികളും അന്യായങ്ങളും ഏറ്റവും വേഗത്തിൽ പരിഹരിക്കുന്നതിനാണ് മന്ത്രാലയം ഈ സേവനം ഏർപ്പെടുത്തിയതെന്ന് ഡെപ്യൂട്ടി നീതിന്യായ വകുപ്പ് മന്ത്രിയും ഹജ് കമ്മിറ്റി പ്രസിഡന്റുമായ ശൈഖ് സഅദ് ബിൻ മുഹമ്മദ് അൽസയ്ഫ് വ്യക്തമാക്കി. 
താൽക്കാലിക കോടതികളുടെ പ്രവർത്തനം തുടങ്ങുന്നതിനുള്ള തയാറെടുപ്പുകൾ ആരംഭിക്കാൻ നീതിന്യായ മന്ത്രിയും സുപ്രീം ജുഡീഷ്യൽ കോർട്ട് അധ്യക്ഷനുമായ ശൈഖ് ഡോ. വലീദ് ബിൻ മുഹമ്മദ് അൽസംആനി നിർദേശിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തീർഥാടകർക്ക് നീതിന്യായ രംഗത്ത് മികച്ച സേവനം ലഭ്യമാക്കുന്നതിന് വിവിധ സർക്കാർ സംവിധാനങ്ങളുമായി ഏകോപനം നടത്തണമെന്നും മന്ത്രി നിർദേശിച്ചിരുന്നു. 
അങ്ങേയറ്റം ആഹ്ലാദത്തോടെയും അഭിമാനത്തോടെയുമായാണ് തങ്ങളുടെ ജീവനക്കാർ ഹാജിമാരെ സഹായിക്കുന്നതെന്ന് ഡെപ്യൂട്ടി നീതിന്യായ വകുപ്പ് മന്ത്രി പറഞ്ഞു. ഹറമിലും പുണ്യസ്ഥലങ്ങളിലും വ്യാപിച്ചുകിടക്കുന്ന സെഷൻ കോടതികളുടെ പ്രവർത്തനത്തിന് ആവശ്യമായ ന്യായാധിപന്മാരെയും ഭരണനിർവഹണ ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. വികലാംഗർക്കും പ്രായം ചെന്നവർക്കും ലോകോത്തര സേവനം ഉറപ്പാക്കുന്നതിനാണ് സഞ്ചരിക്കുന്ന അഞ്ച് നോട്ടറി ഓഫീസുകൾ സജ്ജമാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അവരുടെ പരാതികൾ അവരുള്ള സ്ഥലത്ത് ചെന്ന് രേഖപ്പെടുത്തുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനും മന്ത്രാലയ ഉദ്യോഗസ്ഥർ ജാഗ്രത പുലർത്തുമെന്നും ശൈഖ് സഅദ് അൽസയ്ഫ് പറഞ്ഞു. ആരോഗ്യപ്രവർത്തകർ, വളണ്ടിയർമാർ, സുരക്ഷാഉദ്യോഗസ്ഥർ, സ്‌കൗട്ട്, വിവിധ ഗവൺമെന്റ് വകുപ്പുകളിലെ ഉദ്യോഗസ്ഥന്മാർ എന്നിവരിൽനിന്ന് വിവരം അറിയുന്നപക്ഷം നീതിന്യായ മന്ത്രാലയ പ്രതിനിധികൾ ഭിന്നശേഷിക്കാരും വയോധികരുമായ തീർഥാടകരെ സമീപിച്ച് പരാതികൾ രേഖപ്പെടുത്തും. 

Latest News