മലപ്പുറം- എസ് വൈ എസ് സംസ്ഥാന ട്രഷറര്‍ ഹാജി കെ മമ്മദ് ഫൈസി തിരൂര്‍ക്കാട് (68) അന്തരിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം.തിരൂര്‍ക്കാട് കുന്നത് പരേതനായ മൂസ ഹാജിയുടെ മകനായ മമ്മദ് ഫൈസി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്്‌ല്യരുടെ സഹോദരനാണ്.ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തിരൂര്‍ക്കാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.
സമസ്ത കേരള ഇസ്് ലാം മതവിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടിവ് അംഗം, പട്ടിക്കാട് ജാമിഅ:നൂരിയ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ഡയറക്ടര്‍, സുന്നി അഫ്കാര്‍ വാരിക എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, പട്ടിക്കാട് എം ഇ എ എഞ്ചിനീയറിങ് കോളജ് വൈസ് ചെയര്‍മാന്‍, കേരള പ്രവാസി ലീഗ് ചെയര്‍മാന്‍, സമസ്ത ലീഗല്‍ സെല്‍ ചെയര്‍മാന്‍, സമസ്ത മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.
പട്ടിക്കാട് ജാമിഅ:നൂരിയയില്‍നിന്ന് ഫൈസി ബിരുദം സ്വന്തമാക്കിയ അദ്ദേഹം തിരൂര്‍ക്കാട് അന്‍വാറുല്‍ ഇസ് ലാം കോംപ്ലക്‌സ് ഉള്‍പ്പെടെയുള്ള നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രധാന ഭാരവാഹിയും സംഘാടകനുമാണ്. ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ല്യാര്‍, കോട്ടുമല അബൂബക്കര്‍ മുസ്ല്യാര്‍ തുടങ്ങിയവരുടെ ശിഷ്യനായിരുന്നു.