Sorry, you need to enable JavaScript to visit this website.

ജയിലില്‍നിന്ന് സഞ്ജീവ് ഭട്ടിന്റെ വികാരനിര്‍ഭരമായ കത്ത്; പൊരുതും ജയിക്കും

ന്യൂദല്‍ഹി- ജയിലില്‍ കഴിയുന്ന ഗുജറാത്ത് മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കുടുംബത്തിനെഴുതിയ വികാര നിര്‍ഭരമായ കത്ത് അദ്ദേഹത്തിന്റെ ഭാര്യ ശ്വേതാ ഭട്ട്  സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിട്ടു.  ഗുജറാത്ത് കലാപത്തില്‍ അന്ന് സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോഡിക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെ പോലീസില്‍നിന്ന് പുറത്താക്കപ്പെട്ട സഞ്ജീവ് ഭട്ട് നിലവില്‍ പഴയ കസ്റ്റഡിമരണക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുകയാണ്. സഞ്ജീവ് ഭട്ട് ജയിലില്‍ നിന്ന് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമായി എഴുതിയ കത്താണ് ശ്വേതാ ഭട്ട് പങ്കുവെച്ചത്.
ഇന്ന് നമ്മളോടായി സഞ്ജീവ് ഭട്ടിന് ചിലത് പറയാനുണ്ട് എന്ന ആമുഖത്തോടൊണ് അവര്‍ കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. താന്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ക്കാണ് ഇപ്പോള്‍ നീ വില നല്‍കുന്നതെന്ന് സഞ്ജീവ് ഭട്ട് കത്തില്‍ ഭാര്യയോട് പറയുന്നു. തനിക്ക് നല്‍കുന്ന പിന്തുണക്ക് ഭാര്യയോടും മക്കളോടും അദ്ദേഹം നന്ദി പറയുന്നു. ഞാനിന്ന് ആരൊക്കെയാണോ അതിനൊക്കെയും കാരണമായിരിക്കുന്നത് നീയാണ്. എന്റെ ബലവും പ്രേരണയും നീ തന്നെയാണ്- സഞ്ജീവ് ഭട്ട് കത്തില്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ നിനക്കും കുട്ടികള്‍ക്കും കടുത്തതായിരുന്നു. ഞാനെടുത്ത തീരുമാനം. അതിനുവേണ്ടിയാണ് നിങ്ങളെല്ലാവരും വിലനല്‍കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം സഞ്ജീവ് ഭട്ടിന്റെ വീടിന്റെ ഒരുഭാഗം നിയമവിരുദ്ധമായി നിര്‍മിച്ചതെന്ന് ചൂണ്ടിക്കാട്ടി അഹമ്മദാബാദ് മുന്‍സിപ്പാലിറ്റി പൊളിച്ചുകളഞ്ഞിരുന്നു. അത് നിസ്സഹായനായി നോക്കി നില്‍ക്കേണ്ടി വന്നതില്‍ സഞ്ജീവ് ഭട്ട് ഭാര്യയോട് മാപ്പ് ചോദിക്കുന്നുമുണ്ട്. സഞ്ജീവ് ഭട്ടിന്റെ ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് ശ്വേതാ ഭട്ട് കത്ത് ട്വീറ്റ് ചെയ്തത്.
'ഇരുട്ടിന്റെ ഹൃദയം' എന്നാണ് അദ്ദേഹം കത്തില്‍ സ്ഥലമായി രേഖപ്പെടുത്തിയിരിക്കുന്നത് തീയ്യതിയായി ' പോരാട്ടത്തിന്റെ മറ്റൊരു ദിനം' എന്നും കുറിച്ചു. ഭാര്യ ശ്വേത ഭട്ട്, മക്കളായ ആകാശി, ശന്തനു എന്നിവര്‍ക്ക് പുറമെ സുഹൃത്തുക്കളെയും കത്ത് അഭിസംബോധന ചെയ്യുന്നു.
മൂന്ന് പതിറ്റാണ്ടിനുശേഷമാണ് ഞാന്‍ നിനക്ക് ഒരു കത്ത് എഴുതുന്നതെന്നും നാഷണല്‍ പോലീസ് അക്കാദമിയില്‍നിന്നാണ് ഞാന്‍ അവസാനമായി നിങ്ങള്‍ക്ക് എഴുതിയതെന്നും സഞ്ജീവ് അനുസ്മരിക്കുന്നു.  സമയം എത്രപെട്ടെന്നാണ് കടന്നുപോയതെന്ന് ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്നു. നമ്മള്‍ ഒരുമിച്ച് തുടങ്ങിയ യാത്ര ഇന്നലെ തുടങ്ങിയത് പോലെ തോന്നുന്നു. എത്ര അത്ഭുതകരമായ യാത്രയാണ്. ബേട്ടു, ഞാന്‍ എന്റെ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നില്ല, പക്ഷേ ഒരു കാര്യം പറയട്ടെ, നിങ്ങള്‍ തികച്ചും അതിശയകരമായ ഒരു സഹയാത്രികയാണ്. ഇന്ന് ഞാന്‍ എന്തെങ്കിലുംം നേടിയിട്ടുണ്ടെങ്കില്‍ അതിന് പിന്നിലെ പ്രചോദനം നിങ്ങള്‍ മാത്രമാണ്. നിങ്ങള്‍ എന്റെ കരുത്താണ് എന്റെ അഭിനിവേശത്തിന്റെയും ആദര്‍ശവാദത്തിന്റെയും ചൂളകള്‍ എല്ലാ പ്രതിബന്ധങ്ങള്‍ക്കും എതിരായി കത്തിച്ച ഇന്ധനമാണ് നിങ്ങള്‍. ജീവിത യാത്രയുടെ ഓരോ നിമിഷവും ഞാന്‍ ആസ്വദിക്കുന്നു. എന്നെന്നേക്കുമായി സ്‌നേഹിക്കുന്നു- അദ്ദേഹം ഭാര്യയോടായി പറയുന്നു.
കഴിഞ്ഞ ഒരു വര്‍ഷം നിങ്ങള്‍ നേരിട്ടത് സങ്കല്‍പ്പിക്കാനാവാത്തവിധം ദുഷ്‌കരമായിരുന്നിരിക്കണം. കഴിഞ്ഞ ഓഗസ്റ്റിലാണ് നമ്മെ പരസ്യമായി വേട്ടയാടാന്‍ ആരംഭിച്ചത്. നിരവധി പ്രതികാര നടപടികള്‍ നേരിട്ടു. നിയമവിരുദ്ധമായി നിര്‍മിച്ചു എന്ന് ആരോപിച്ച് വീടിന്റെ ഒരു ഭാഗം നഗരസഭ പൊളിച്ചുമാറ്റി. ഇതിനെ നിയമപരമായി നേരിടാന്‍ അവസരം പോലും നല്‍കിയില്ല. വളരെയധികം ഇഷ്ടപ്പെട്ട് നിര്‍മിച്ച വസതിയാണ് അന്ന് ഭാഗികമായി തകര്‍ക്കപ്പെട്ടത്. ഇപ്പോള്‍ പൂര്‍ണമായും കെട്ടിച്ചമച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ 24 വര്‍ഷം പഴക്കമുള്ള ഒരു കേസില്‍ ഞാന്‍ അറസ്റ്റിലായി. നേരിടുന്നത് നിന്ദ്യവും നീതിക്ക് നിരക്കാത്തതുമായ ശിക്ഷയാണെന്നും അദ്ദേഹം പറയുന്നു.
ഇരുണ്ട കാലഘട്ടത്തില്‍ എന്നോടും കുടുംബത്തോടുമൊപ്പം നിന്ന എല്ലാ ധീരരായ സുഹൃത്തുക്കള്‍ക്കും, പിന്തുണച്ചവര്‍ക്കും ഹൃദയംഗമമായ നന്ദി. നിങ്ങള്‍ ഓരോരുത്തരും എന്നെ പോരാടാന്‍ പ്രചോദിപ്പിക്കുന്നു. ശ്വേതയ്ക്ക് ആവശ്യമായ കരുത്തിന്റെ ഉറവിടവും നിങ്ങളാണ്. നിങ്ങള്‍ ഓരോരുത്തരും അവളുടെ ധൈര്യം വര്‍ദ്ധിപ്പിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ കീഴടക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന തിന്മയുടെ ശക്തികളെ എതിര്‍ക്കാനുള്ള നിങ്ങളുടെ ദൃഢനിശ്ചയത്തെ നിങ്ങള്‍ ഓരോരുത്തരും വര്‍ധിപ്പിച്ചു- സുഹൃത്തുക്കള്‍ക്കായുള്ള ഭാഗത്ത് സഞ്ജീവ് ഭട്ട് പറയുന്നു.
സത്യം, യുക്തി, വിയോജിപ്പ് എന്നിവയെ നിശബ്ദമാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുന്ന കാലമാണിത്. കള്ളന്‍മാരായ അധികാരികള്‍ ഇതിനായി ശ്രമച്ചുകൊണ്ടേ ഇരിക്കും. ഇന്ത്യ ഒരു സുപ്രധാന ഘട്ടത്തിലാണ് എത്തിനില്‍ക്കുന്നത്. ഇന്നത്തെ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ അടുത്ത ഏതാനും ദശകങ്ങളില്‍ രാജ്യത്തിന്റെ വിധി നിര്‍ണയിക്കാന്‍ പോന്നതാണ്. നമ്മളില്‍ ആര്‍ക്കും നമ്മുടെ നിലപാടുകളില്‍ അധിക കാലം തുടരാന്‍ കഴിയില്ല. പോരാട്ടത്തിന് ഇറങ്ങേണ്ട കാലമായിരിക്കുന്നു. രാഷ്ട്രീയം കാഴ്ചക്കാരുടെ വിനോദമല്ല. നമുക്ക് രാഷ്ട്രീയം ഒഴിവാക്കാം, പക്ഷേ രാഷ്ട്രീയം നമ്മെ ഒഴിവാക്കില്ല. ഈ ഗുണ്ടകളോട് പോരാടാന്‍ തീരുമാനിക്കേണ്ടിയിരിക്കുന്നു.
എന്ത് വിലകൊടുത്തും അധികാരം കയ്യാളുന്ന ഈ ഗുണ്ടകളെ നമുക്ക് നേരിടേണ്ടി വരും. നമ്മള്‍ വെല്ലുവിളി നേരിടാന്‍ തയ്യാറായില്ലെങ്കില്‍ ഒന്നും മാറാന്‍ പോവുന്നില്ല. ഓരോ തവണയും നാം സത്യം കാണുകയും സംസാരിക്കാതിരിക്കുകയും ചെയ്യുമ്പോള്‍, നമ്മള്‍ മരിച്ചു കൊണ്ടിരിക്കുകയാണ്.
തിന്മയുടെ ശക്തികളെ നേരിടേണ്ടിവരുമ്പോള്‍, ചെറുത്തുനില്‍പ്പിന്റെ ഒരു പ്രവൃത്തിയും നിസ്സാരമല്ല, ഒരു പോരാട്ടവും ചെറുതല്ല. ഏറ്റവും വലിയ ഹിമപാതങ്ങള്‍ ഉണ്ടാവുന്നത് ചെറിയ അനക്കങ്ങളില്‍ നിന്നാണ്. നമ്മള്‍ എതിര്‍ക്കും. നമ്മളൊരുമിച്ച് യുദ്ധം ചെയ്യും. നാം ജയിക്കും. അത് ഉറപ്പാണ്- അദ്ദേഹം കത്തില്‍ പറയുന്നു.

 

 

Latest News