തൃശൂർ- കേരള പോലീസ് രണ്ടാം വനിത ബറ്റാലിയനിലെ 16 വനിതാ കമാൻഡോകളായിരുന്നു ഇന്നലെ രാമവർമപുരം പോലീസ് പരേഡ് ഗ്രൗണ്ടിലെ പ്രധാന ആകർഷണം. കറുത്ത യൂനിഫോമണിഞ്ഞ് പ്രത്യേകമായി ഇവർ പരേഡിൽ അണിനിരന്നു.
നാഷണൽ സെക്യൂരിറ്റി ഗാർഡ് മാതൃകയിൽ രൂപീകരിച്ച ആന്റി ടെററിസ്റ്റ് സക്വാഡായ തണ്ടർ ബോൾട്ടിന്റെ കീഴിലായിരിക്കും ഈ പതിനാറു പേർ സേവനമനുഷ്ഠിക്കുക.
മാവോയിസ്റ്റ് സാന്നിധ്യമുള്ള കേരളത്തിലെ വയനാട്, കണ്ണൂർ, തൃശൂർ, പാലക്കാട് ജില്ലകളിലെ വനാതിർത്തികളിൽ ഇവരെ വിന്യസിപ്പിക്കും. ഇതിന് മുന്നോടിയായി തിരുവനന്തപുരം ബറ്റാലിയനിൽ ആണ് ഇപ്പോൾ ഇവരെ നിയോഗിച്ചിട്ടുള്ളത്. ഒരു മാസത്തെ പരിശീലനം അവിടെ നൽകും.
അരീക്കോട് ക്യാമ്പിൽ മുമ്പ് തണ്ടർ ബോൾട്ടിന്റെ കമാണ്ടർ സോളമന്റെ നേതൃത്വത്തിൽ നൽകിയ മികച്ച പരിശീലനത്തിനു ശേഷമാണ് ഈ ടീം കേരള പോലീസ് അക്കാദമിയിലെ ആറു മാസത്തെ പരിശീലനത്തിന് എത്തിയത്.
അപകടകരവും ദുർഘടവുമായ വനപാതയിലും കാട്ടിലും ഇവർക്ക് പരിശീലനം നൽകി. കായികക്ഷമത ഉറപ്പിക്കുന്നതിനും ഫയറിംഗിലെ കൃത്യത രൂപപ്പെടുത്തുന്നതിനും സാഹചര്യങ്ങൾക്കനുസരിച്ച് നീങ്ങാനുള്ള പരിശീലനവുമാണ് കാട്ടിൽ നൽകിയത്. സ്‌ഫോടക വസതുക്കൾ നിർവീര്യമാക്കാനും സാമൂഹിക വിരുദ്ധ ആക്രമണങ്ങളിൽ കമാൻഡോ ഓപറേഷൻ നടത്താനും ഇവർ പഠിച്ചു.
അടിസ്ഥാന പരിശീലനം കൂടാതെ കുട്ടിക്കാനം അഞ്ചാം ബറ്റാലിയനിൽ കമാൻഡോ പരിശീലനവും തീരദേശ പരിപാലനത്തിനുളള പ്രത്യേക പരിശീലനവും നേടിയിട്ടുണ്ട്. സാമൂഹ്യ നീതി സ്ഥാപനങ്ങൾ, കറക്ഷണൽ ഹോംസ്, ഫോറൻസിക് ലാബ് എന്നിവിടങ്ങളിൽ സന്ദർശിച്ച് പരിശീലനം നേടിയിട്ടുണ്ട്.
ജംഗിൾ വാർ ട്രെയിനിംഗും അർബൻ ഓപറേഷനും ഉൾപ്പെടെയുള്ള നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ നിർദിഷ്ട പരിശീലനക്രമമനുസരിച്ചാണ് കമാൻഡോകളെ വാർത്തെടുത്തത്.
അത്യാധുനിക ആയുധങ്ങൾ കൈകാര്യം ചെയ്യുന്നതിലും കളരിപ്പയറ്റ്, കരാട്ടെ തുടങ്ങിയ ആയോധന മുറകളിലെ പരിശീലനത്തിനും പുറമെ മാവോയിസ്റ്റ് തീവ്രവാദ ഭീഷണികളെ നേരിടുവാനുള്ള പ്രത്യേക പരിശീലനവും നേടിയാണ് ഇവർ കർമരംഗത്തേക്ക് ചുവടുവെക്കുന്നത്.