റിയാദ്- ഖത്തർ തീർത്ഥാടകർക്ക് ഹജ്ജ് നടപടികൾ പൂർത്തീകരിക്കുന്നതായി സൗദി അറേബ്യ വീണ്ടും പുതിയ വെബ്‌സൈറ്റ് തുറന്നു. നേരത്തെ സൗദി തുടങ്ങിയിരുന്ന വെബ്‌സൈറ്റ് ഖത്തർ ബ്ലോക്ക് ചെയ്‌തിരുന്നു. ഇതേ തുടർന്ന് ഖത്തർ തീർത്ഥാടകർക്ക് ഹജ്ജിന് വരുന്നതിലുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനാണ് പുതിയ സൈറ്റുമായി സൗദി അധികൃതർ വീണ്ടും രംഗത്തെത്തിയത്. സൗദി ഭരണാധികാരി സൽമാൻ ബിൻ അബ്ദുൽ അസീസ് രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജ കുമാരന്റെയും പ്രത്യേക നിർദേശ പ്രകാരമാണ് ഖത്തർ പൗരന്മാർക്ക് ഹജ്ജിനെത്തുന്നതിനായി രജിസ്‌ട്രേഷൻ നടപടികൾക്ക് പുതിയ വെബ്‌സൈറ്റ് തുറന്നതെന്ന് സൗദി ഹജ്ജ് ഉംറ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഹജ്ജിനെത്തുന്ന ഖത്തർ സഹോദരി സഹോദരന്മാർക്ക് ആവശ്യമായ മുഴുവൻ സജ്ജീകരണങ്ങളും നൽകുന്നത് സൗദി അറേബ്യ തുടരുമെന്നും ഹജ്ജിനെ രാഷ്‌ട്രീയ വൽക്കരിക്കാനുള്ള ഖത്തർ ശ്രമം നടക്കുമ്പോഴും സൗദി തങ്ങളുടെ കൃത്യം നിർവഹിക്കുമെന്നും പ്രസ്‌താവനയിൽ വിശദീകരിച്ചു. ഖത്തർ പൗരന്മാർക്കായി ഏർപ്പെടുത്തിയ പുതിയ ലിങ്കും ബ്ലോക്ക് ചെയ്യരുതെന്ന് ഖത്തർ അധികൃതരോട് മന്ത്രാലയം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. നേരത്തെ സൗദി അധികൃതർ ഖത്തർ പൗരന്മാരാക്കായി തുറന്ന വെബ്‌സൈറ്റ് ഇക്കഴിഞ്ഞ പതിനേഴിനാണ് ഖത്തർ അധികൃതർ ബ്ലോക്ക് ചെയ്‌തത്.






